രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍

എന്നേത്തൊട്ടു പ്രതിഫലിക്കെ
നിൻ്റെതീക്ഷ്ണ,സുന്ദരജ്വാല
ആകൃതിനീ,യെന്നന്തരാളം
എന്നുടെ സ്വർഗ്ഗസീമകളിൽ
ഉയരുകയായി സ്ഫോടനം
നിശ്ശബ്ദസുന്ദര സ്ഫോടനം
ഏതു സമയത്തായിരുന്നൂ
ഭ്രമണംവച്ചതു,നിന്നേ ഞാൻ
ചുറ്റവെ നിന്നെ സൂര്യമുഖീ
ഉണ്ടായീ പുതിയ നിമേഷം
നവമൊരു സൂരയൂഥവും
പുതിയദിന, രാത്രങ്ങളും
നമ്മൾമറന്നു നിന്നനേരം
നമ്മുടെ സർഗ്ഗസീമകളിൽ
കൽപനസൂനം വിടരുന്നൂ
സുഗന്ധസുന്ദര സാമ്രാജ്യം
ഞാനൊരു വിദ്യാധരനായി
സ്വപ്ന സുനീല,യാമങ്ങളിൽ
മാടിയൊതുക്കി ഹിമകണം
രാക്കുളിരായി വരുന്നുഞാൻ
ഇരുളിൽ തെളിയും പൊരുളേ
വച്ചിഹ നിന്നെ വലം വലം
അമര നിർജ്ജര കാമുകീ
തീക്ഷ്ണസുന്ദരി ജ്വാലാമുഖീ !!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana