രചന : സെഹ്റാൻ സംവേദ✍

അവളോടുള്ള പ്രണയം
വെളിപ്പെടുത്തുകയായിരുന്നു
അവൻ.
നിയതമായൊരു ആകൃതി
കൈവരിച്ച അവന്റെ
വാക്കുകൾ
കാറ്റുപോലിരമ്പി.
ചിതറിയ മേഘക്കൂട്ടങ്ങൾ
പോലെയവ അവനെയും
മറികടന്ന്
ജ്യാമിതീയ ഘടനകളിലേക്ക്
പരിണമിക്കാൻ വെമ്പി.
ചതുരാകൃതിയിലോ,
വൃത്താകൃതിയിലോ,
ത്രികോണാകൃതിയിലോ
അല്ലായിരുന്നുവത്.

ആറ് ഭുജങ്ങൾ!

ഒന്നാം ഭുജത്തിന്റെ
ചില്ലയിൽവന്നിരുന്ന
പക്ഷികൾ ചിറകുകൾ
ചിക്കിയൊതുക്കി
വിളഞ്ഞ ഗോതമ്പുമണിയുടെ
ആകൃതി വൃത്തമോ,
ത്രികോണമോ
എന്നതിനെച്ചൊല്ലി
തർക്കം തുടർന്നു…

രണ്ടാം ഭുജത്തിലെ
തെരുവിലേക്ക്
കയറിവന്ന നായ്ക്കൾ
വൃത്താകൃതിയിൽ വാതുറന്ന്
ചതുരാകൃതിയുള്ള ഗേറ്റിലേക്ക്
(അകാരണമായി) നിർത്താതെ
കുരച്ചുകൊണ്ടിരുന്നു…

മൂന്നാം ഭുജത്തിലെ
തടവറയിലടയ്ക്കപ്പെട്ട
സിംഹങ്ങൾ (ജീവൻ
നിലനിർത്താൻ മാത്രം
കിട്ടിയ ചെറിയൊരളവ്)
ആട്ടിൻമാംസം
ത്രികോണാകൃതിയിൽ
കടിച്ചുകീറുകയും,
കഴിക്കാതെയുപേക്ഷിക്കുകയും,
ഒരു കൂട്ട ആത്മഹത്യയെക്കുറിച്ച്
ഗൗരവതരമായ
ആലോചനയിലേർപ്പെടുകയും
ചെയ്തു..

നാലാം ഭുജത്തിലെ
വാരിക്കുഴിയിലകപ്പെട്ട
ആനകൾ
വാരിക്കുഴിയുടെ വൃത്തത്തെ
ചതുരമായ് തെറ്റിദ്ധരിക്കുകയും
ചതുരരൂപത്തിലൂടെ
കടന്നുവരുന്ന ഒരന്ധന്റെ
ഹസ്തിവിവരണത്തിനായ്
കാതോർക്കുകയും ചെയ്തു…

അഞ്ചാം ഭുജത്തിലെ
മൺഭിത്തിയിൽ വലകെട്ടി
കാത്തിരുന്ന ചിലന്തികൾ
വിശപ്പിന്റെ വൃത്തത്തിൽ നിന്നും
വേട്ടയുടെ ചതുരത്തിലേക്കുള്ള
പ്രയാണങ്ങളെ
വലപ്പശയൂറുന്ന വാക്കുകളാൽ
വിവരിച്ചുകൊണ്ടേയിരുന്നു…

ആറാം ഭുജത്തിലെ
കുറ്റിക്കാട്ടിലെ ഇണയില്ലാത്ത
ആൺമുയൽ ഏകാന്തതയെന്ന
ദീർഘചതുരത്തെ ഭയമെന്ന
ത്രികോണവുമായി
സങ്കലനം ചെയ്തുകിട്ടിയ
വൃത്താകൃതിയാർന്ന
നിസംഗതയെന്ന ഉത്തരം
ശരിയാണോയെന്ന
ആശയക്കുഴപ്പം ബാധിച്ച്
അസ്വസ്ഥനായലഞ്ഞു…

“ഞാൻ നിന്നെ പ്രണയിക്കുന്നു”

അവന്റെ ശബ്ദത്തിന്റെ
കാറ്റിരമ്പമവൾ കേട്ടു.
വേഗതയിൽ കറങ്ങുന്ന
ഷഡ്ഭുജം പരിണമിച്ച്
തനിക്ക് ചുറ്റുമൊരു വൃത്തം
തീർക്കുന്നതവൾ കണ്ടു.
മൂർച്ചയുള്ള ലോഹപാളികളായ്
അവളുടെയൊച്ചയന്നേരം
കനത്തു.

അമ്പരപ്പോടെ
അതിലേക്കവൻ കാതോർത്തു.

“എല്ലാ ജ്യാമിതീയ
അതിർത്തികളും
ഭേദിക്കപ്പെടാനുള്ളതാണ്… “

അവളുടെ വാക്കുകളുടെ
മുഴക്കങ്ങൾ!
ആകാശത്തിന്റെ അങ്ങേയറ്റത്ത്
അവളുടെ വിടർന്ന
ചിറകടിയൊച്ചകൾ!!

⚫

സെഹ്റാൻ

By ivayana