രചന : രമേഷ് എരണേഴുത്ത് ✍️
ഇതൾ പൊഴിഞ്ഞ ഒരു പൂ പോലെ
നീ കൊഴിഞ്ഞു വീണെങ്കിലും
എന്നിലെന്നും പ്രണയമായി നിറയുന്നു
മേഘരൂപാ നിന്നിലെ കളഭ കാന്തി
കാനന കൂരിരുൾ പച്ച പുതപ്പിനുള്ളിലായി
കാലം തീർത്ത കരിംപാറ കണക്കെ ഇന്നും നീ
മനസ്സിൽ നിറഞ്ഞു നിൽപ്പൂ
നിൻ ശിരസ്സിൽ വിടരും മദഗന്ധപ്പൂക്കളിൽ
ഒഴുകും മദജലം ആ കവിൾതാരുക്കളിൽ
പടരുന്ന നേരം
വനാന്തര കാളിമയിൽ നുരയും വന്യത
നിന്നാത്മാവിൽ കിരാതമൂർത്തിയായിഉറയവെ
നിഴലിനോടു ദ്വന്ദയുദ്ധം ചെയ്തും അലറി വിളിച്ചും
കരളിലെ കരുണ വറ്റിയ മദോന്മത്തനാമൊരു
ഒറ്റയാനായി നീ ഉണർന്നിരുന്നു
ഇടക്കിടെ പച്ചപടർപ്പിലെ പച്ചിലകൾ
പറിച്ചു തിന്നും മരങ്ങൾ പിഴുതെറിഞ്ഞും
കരിനാഗം പോൽ പുളയുമാ തുമ്പികൈയ്യാൽ
തെളിനീരു പാനം ചെയ്തും
കോപവും ശാന്തതയും കൊമ്പിലുയർത്തി
അലറി വരും കാറ്റിലും അടിപതറാത്തൊരു
മദഗജമായിനിന്നു നീ
കാട്ടാനകൂട്ടത്തിനുള്ളിലെ കാട്ടുനീതികൾ
ക്കെതിരെ പടവെട്ടിയും
കൂട്ടാനകുത്തിനാൽ കൂട്ടം വിട്ട്
ഒറ്റപ്പെട്ടു പോയതാം ഹൃദയനൊമ്പരം
കണ്ണിൽ ജ്വലിക്കും കനലുകളായി മാറീടവെ
കരുത്തിൻ്റെ കനമുള്ള മസ്തകം
വാനിലു യർത്തി ചിന്നം വിളിച്ചുടൻ
ഉള്ളിലെ ക്രൗര്യം വെടിഞ്ഞു സൗമ്യതയിൽ
നീ പറയാതെ പറഞ്ഞിരുന്നോ
കൂട്ടത്തിലെ കലഹങ്ങളെക്കാൾ എത്രയോസൗഖ്യം
ഏകാന്തതയിൽ അലയുമീ സ്വാതന്ത്ര്യത്തിൻ
ഗാംഭീര്യതയിലെ ചിന്നംവിളികൾ
എങ്കിലും നിന്നിലെ നന്മയുടെ നിലാവെളിച്ചം
ആരുമേ അറിഞ്ഞതില്ല
വനമുറങ്ങാത്ത രാത്രികളുടെ
നിശബ്ദ കാവൽക്കാരനായി നീ
നിബിഡ വനവീഥികളിൽ
ഗർവോടെ പദയാത്ര ചെയ്തും
ഹരിതവനങ്ങൾക്കു രക്ഷകനായിനിൽക്കും
വന്യതക്കുള്ളിലെ കാരുണ്യമായിരുന്നു നീ
കാട്ടുനീതിയുടെ കറുത്ത കണ്ണിൽ
നീ വെറും മൊരു ഒറ്റയാനായിരുന്നെങ്കിലും
എനിക്കു നീ തീരാത്ത പ്രണയമായിരുന്നു
എന്നും എൻ്റെ പ്രിയപ്പെട്ട മേഘരൂപനാം
റിവാൾഡോ നീ
