രചന : കെ.ആർ.സുരേന്ദ്രൻ ✍️
ഋതുപ്പകർച്ചകൾ
ഞാനറിയുന്നത്
ഈ ജാലകത്തിലൂടെയാണ്.
ചില കാലങ്ങളിൽ
അവൾ കാറ്റായും
മഴയായും
എന്നെ നനക്കും.
ഞാൻ പുറത്തേക്ക് നോക്കും.
മാനം കറുത്തിരുണ്ടിരിക്കും.
സൂര്യനെ മറച്ചിരിക്കും.
ഭൂമിയിലേക്ക്
ഇരുട്ടിന്റെ പുതപ്പ്
ഊർന്നു വീണിരിക്കും.
എന്നെ ദു:ഖം പുണരും.
ചിലകാലങ്ങളിൽ
വസന്തം ഞാനറിയുന്നത്
ഈ ജാലകത്തിലൂടെയാണ്.
മനോഹാരിണിയായ
ഒരു പൂവ്
ജാലകത്തിലൂടെ
എന്നെ എത്തിനോക്കി
ചിരിക്കും.
ഞാൻ ജാലകത്തിലൂടെ
പുറത്തേക്ക് നോക്കും.
ഒരു പൂക്കാലം
എനിക്ക് സ്വാഗതമരുളും.
ഞാൻ ആഹ്ലാദത്തിൽ
മുങ്ങും.
ഭൂമിയിൽ എന്നും
വസന്തമായിരുന്നെങ്കിൽ
എന്നോർക്കും,
എന്നാശിക്കും.
ചില കാലങ്ങളിൽ
ഈ ജാലകത്തിലൂടെ
ശൈത്യം എന്നിലേക്കത്തി നോക്കും.
ജാലകത്തിലൂടെ
ഞാൻ പുറത്തേക്ക് നോക്കുംഭൂമി.
ശൈത്യത്തിന്റെ
പുതപ്പുകൊണ്ടെന്നെ മൂടും.
എനിക്ക് മുന്നിൽ
ഭൂമിക്ക് മേൽ
മഞ്ഞ ഇലകൾ
ഒരു കാർപ്പറ്റ് വിരിച്ചിരിക്കും.
രമണീയമായ
ഒരു കാഴ്ചയായി
എനിക്കതനുഭവപ്പെടും
തീജ്വാലയുടെ
സൗന്ദര്യമായി
എനിക്കതനുഭവപ്പെടും.
ഞാൻ ഉന്മത്തനാകും.
ചില കാലങ്ങളിൽ
ഒരു വെയിൽത്തുണ്ട്
ഈ ജാലകത്തിലൂടെ
കടന്ന് വരും.
ഞാൻ ജാലകത്തിലൂടെ
പുറത്തേക്ക് നോക്കും.
വെയിലിൽ സൂര്യനെന്നെ
തലോടും,പുണരും.
ഞാൻ ആഹ്ലാദിക്കും.
ഗ്രീഷ്മം അതിന്റെ
ഉച്ചസ്ഥായിയിൽ എത്തുന്നതോടെ,
എന്നെ പൊള്ളിക്കുന്നതോടെ
ഞാൻ സൂര്യനെ വെറുക്കും.
മഴക്കാലത്തെ
സ്വപ്‌നം കാണാൻ
തുടങ്ങും.
മഴയുടെ നേർത്ത
സംഗീതത്തിനായി
ഞാൻ കാതോർത്ത്,
കണ്ണോർത്ത്
വിയർപ്പിൽ മുങ്ങിക്കിടക്കും….

