രചന : മംഗളാനന്ദൻ✍

പണ്ടൊരു വാഴക്കണ്ണു
കുഴിച്ചുവെക്കാനൊരു
തുണ്ടു ഭൂമിയും സ്വന്ത-
മല്ലാത്ത നിസ്വന്മാരായ്
അടിമപ്പണി ചെയ്തു
വയലിൻ വരമ്പത്തെ
കുടിലിൽ വയർനിറ-
ച്ചുണ്ണാതെ കഴിഞ്ഞോരെ,
ഇവിടെ കേരംതിങ്ങും
കേരളപ്പെരുമയെ
കവികൾ വാഴ്ത്തും പാട്ടി-
നിടയിൽ മറന്നു പോയ്.
മടികൂടാതെ നട്ടു –
നനച്ചെൻ പിതാമഹർ,
തൊടികൾതോറും
വാഴ വളർന്നു ജന്മിക്കായി.
കുടിലിലക്കാലത്തു
കുമ്പിളിൽ തന്നെ കഞ്ഞി
കുടിക്കാൻ വിധി,തിരു-
വോണങ്ങൾ പിറന്നാലും.
അന്നു ഞാൻ മുറിക്കാത്ത
മുഴുവൻ നേന്ത്രപ്പഴം
തിന്നുവാൻ കൊതിപൂണ്ട
കൗമാരമോർമ്മിക്കുന്നു .
പിന്നീടു കുടികിട-
പ്പവകാശമായല്ലോ
വന്നു ചേർന്നൊരു തുണ്ടു-
ഭൂമിയെൻ പേരിൽത്തന്നെ .
ഞാനതിൽ കൃഷി ചെയ്തു
നേന്ത്രവാഴകൾ കൊടും-
വേനലിൽ വെള്ളം കോരി
നനച്ചു പിടിപ്പിച്ചു.
വൃച്ഛികക്കുളിരിൽ ഞാൻ
നട്ട വാഴകൾ പൊങ്ങി
മെച്ചമായ് കുലചാടി
കായകൾ തുടം വച്ചു.
ചിങ്ങത്തിലാദ്യം മൂത്ത
കുലകൾ വിൽക്കാനില്ല,
ഞങ്ങടെ മക്കൾക്കായി
കൊണ്ടുപോകുന്നു വീട്ടിൽ.
വേണമെൻ കിടാങ്ങൾക്കെ-
ന്നദ്ധ്വാനഫലം നൂനം
ഓണത്തിനുപ്പേരിയും
പഴവും വിളമ്പേണം .

മംഗളാനന്ദൻ

By ivayana