രചന : അഫ്സൽ ബഷീർ തൃക്കോമല✍

യുനെസ്‌ക്കോ 1999 മുതൽ മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു.കാവ്യരചനയും കവിതാ വായനയും ഒപ്പം ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ ദിനാഘോഷം.

            പല രാജ്യങ്ങളിലും ഈ ദിനം കൊണ്ടാടുന്നത്  എക്ളോഗ്വസ്, ജിയോർജിക്സ്, ഈനിഡ് തുടങ്ങിയ പുസ്തക ത്രയങ്ങളുടെ  കർത്താവായ വിർജിലിന്റെ  ജന്മ ദിനമായ ഒക്ടോബർ 15 നു ആണ് . "അനര്‍ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത"എന്ന വര്‍ഡ്‌സ് വര്‍ത്തിന്റെ വിശേഷണം ആണ് കവിതയെ സംബന്ധിച്ചു എടുത്തു പറയേണ്ടത്‌. 

രാമായണം മുതൽ ലോകത്തു മലയാളത്തിലടക്കം ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് കവിതകളാണ് .വൃത്താലങ്കാരവും,ശബ്ദാലങ്കാരവും അര്‍ത്ഥാലങ്കാരവും എല്ലാം ഒത്തിണങ്ങിയ ആശയാവിഷ്‌കാരമാണു കവിതകൾ .അതിന്റെ ആഴങ്ങളിലേക്കിറങ്ങുന്പോൾ ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു.ഭാഷയുടെ സൗന്ദര്യവും ആസ്വാദനവും കവിതയോളം മറ്റൊന്നിനുമില്ല. മുൻപ് ചമത്കാരങ്ങളോടെ എഴുതിയ കവിതകളിൽ നിന്നും ഗദ്യ കവിതയായും സകല ചട്ടക്കൂടുകളും
വലിച്ചെറിഞ്ഞു വാക്കുകൾ നിരത്തി ഒന്നിനെയും വകവെക്കാതെ എഴുതുന്ന സമൂഹ മാധ്യമ കൂട്ടായ്മകളിലെ കവിതകൾ വരെ എത്തി നിൽക്കുമ്പോൾ കവിതയുടെ വസന്ത കാലം തിരിച്ചെത്തി എന്ന് നിസംശയം പറയാം .പ്രതിഭാ വിസ്ഫോടനത്തിന്റെ കൊറോണ കാലം വിവിധ ഭാഷകളിൽ കവിതാ രചനയും ദൃശ്യാവിഷ്കാരങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പലപ്പോഴും അത് സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ കലാസൃഷ്‌ടികളായി മാറി എന്നതും പ്രതീക്ഷ നൽകുന്നുണ്ട്.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ മുതൽ പ്രാചീനവും ആധുനികവും കവിത്രയങ്ങളും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കവികൾ മലയാളത്തിലുണ്ട് .മഹാ കവി പന്തളം കേരള വർമ്മ 1904 ൽ “കവനകൗമുദി” എന്ന പേരിൽ കവിതാ മാസിക ആരംഭിച്ചതും അതിൽ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം,വാർത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ പദ്യരൂപത്തിലായിരുന്നു .
പൂര്‍ണ്ണമായും കവിതയില്‍ മാത്രം പ്രസിദ്ധീകരണം നടത്തിയ മാസികയും മലയാളത്തിന് സ്വന്തം . “ധീരോചിതമായ സാഹസം” എന്നായിരുന്നു കവനകൗമുദിയെ ഉള്ളൂര്‍ വിശേഷിപ്പിച്ചിരുന്നത്‌ .ഒന്നിലധികം കവികൾ ചേർന്ന് കൂട്ട് കവിത എഴുതുന്ന സമ്പ്രദായവും അദ്ദേഹത്തിന്റെ സംഭാവനയാണ്.
കൂടുതൽ കാര്യങ്ങൾ കുറഞ്ഞ വാക്കിൽ അനുവാചകരിലെത്താൻ കവിതയോളം വരുന്ന മറ്റൊരു സാഹിത്യ സൃഷ്ടിയില്ല പ്രതിഭാധനരായ കവി കൂട്ടം മലയാളത്തോളം വേറൊരു ഭാഷയിലുമില്ല എന്നതും കവിതാ ദിനത്തെ മലയാളികൾ നെഞ്ചിലേറ്റി ആഘോഷിക്കുന്നതിനൊരു കാരണം കൂടിയാണ് .

ഏവർക്കും കവിതാ ദിന ആശംസകൾ …

അഫ്സൽ ബഷീർ തൃക്കോമല

By ivayana