രചന : മാഹിൻ കൊച്ചിൻ ✍

പരിശുദ്ധ റമദാൻ ആരംഭിക്കുന്നു. റമളാൻ മാസത്തെ പുണ്ണ്യപ്രവർത്തികൾ കൊണ്ട് നമുക്ക് നമ്മുടെ മനസും ശരീരവും എത്രമാത്രം റീ ചാർജ്ജ് ചെയ്യാൻ കഴിയും..? ജീവിതത്തെ സംസ്കരിക്കുന്ന ഒരു കാലയളവാണിത്. വാനിൽ വർഷനിലാവ് പോലെ ആകാശനിഗൂഡതയിൽ തെളിഞ്ഞ ചന്ദ്രകല മറഞു പോവുമ്പൊളേക്കും എത്രമാത്രം നാം സ്വയം ആത്മീയ ഊർജ്ജം നേടിയെന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ട്….!
അതിന് വെറുതെ ഒരു ഊർജ്ജം മാത്രം മതിയാവില്ല. മനസിനെയും , ശരീരത്തേയും സ്ഫുടം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു ആത്മാവ് വേണം നമുക്ക്.

ആ ആത്മാവിലേക്കാണ് റമദാനിന്റെ പുണ്ണ്യ തീർഥം നാം നിറക്കേണ്ടത്. നമ്മൾ എത്ര നോമ്പ് നോറ്റു , രാത്രിയിൽ എത്ര തറാവീഹ് നമസ്കാരം നിർവഹിച്ചു, പാതിരാവിൽ എത്ര ഉറക്കമൊഴിഞ്ഞിരുന്ന് പ്രാർഥനകൾ നടത്തി, എത്ര സകാത്ത് നൽകി എന്നതൊക്കെ വെറും എണ്ണങ്ങൾ മാത്രമാണ്. ഈ എണ്ണങ്ങൾ വെറും കാഴ്ചപ്പുറത്തെ വസ്തുക്കളാവാതിരിക്കാൻ ഇതിലൂടെയൊക്കെ നമ്മുടെ ഉള്ളിൽ എത്രമാത്രം റീചാർജ്ജ് ചെയ്യപ്പെട്ടു എന്ന് നോക്കണം…


മനുഷ്യൻ പ്രകൃതിയിലെ ഒരു ജീവിയാണ്. പക്ഷെ മറ്റു ജീവികളിൽ നിന്നും അവനെ വേർതിരിച്ചു ഉന്നത സ്ഥാനം നൽകുന്നത് അവന് സംസ്കാരമുണ്ടാവുമ്പൊഴാണ്. ഈ സാംസ്കാരിക അക്ഷയ ഘനിയുടെ മാസമാണ് ഈ മാസം. ഓരോ രാവിലും നമ്മൾക്ക് നമ്മളോട് തന്നെ എളുപ്പത്തിൽ ചോദിക്കാവുന്നൊരു ചോദ്യമാണ് ഞാൻ വീണ്ടും എത്രമാത്രം മനുഷ്യനായി എന്ന്. ഓരോ റമദാനിലും ജീവിതത്തിൽ CHANGE ഉണ്ടാവണം. ഒരടിയെങ്കിലും മനുഷ്യത്വത്തിലേക്ക് അടുക്കാൻ കഴിയണം. വികലമെന്ന് ബോധ്യപ്പെട്ട കാഴ്ചപ്പാടുകളുണ്ടാവാം. മോശമെന്ന് നമുക്കനുഭവപ്പെട്ട നമ്മുടെ പെരുമാറ്റം, സംസാരം, ശീലങ്ങൾ, എഴുത്ത്, അങ്ങനെ സകല ഇടപെടലുകളിൽ എല്ലാം തിരുത്തലുകൾ ആവശ്യമെങ്കിൽ തിരുത്താൻ കഴിയണം. എനിക്ക് ഇന്നലെയാക്കേൾ നല്ല ഇന്ന് തരണമേ, ഇന്നിനെക്കാൾ നല്ല നാളയെ തരേണമെ എന്ന പ്രാർത്ഥനയോടെ ഓരോ ദിനവും ആരംഭിക്കുക….!


പ്രവർത്തിച്ച് മുന്നേറുവാൻ സാധിക്കണം നമുക്ക്. പക്ഷെ പലരും താൻ ചെയ്യേണ്ട കർമ്മങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഈ ഈശ്വര വിശ്വാസത്തെ മറയായാണുപയോഗിക്കുന്നത്. ദൈവത്തിന്റെ അപ്രമാദിത്വവും അധീശത്വവുമാണ് ഈ വിശ്വാസം പ്രകടമാക്കുന്നത്. അല്ലാതെ നിഷ്ക്രിയമാവാനുള്ള അനുവാദമല്ല. ജീവിതത്തിൽ പ്ലാൻ ചെയ്യുവാനും , ആസൂത്രണം നടത്തുവാനും, ലക്ഷ്യങ്ങൾ നിർണ്ണയിക്കുവാനും ശീലമാക്കണം. എങ്കിലേ ആ ലക്ഷ്യത്തിലേക്ക് പോകാനാവൂ. നമ്മൾ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പൊഴാണ് അല്ലാഹു നമ്മുടെ കൂടെനിന്ന് അത് വിജയിപ്പിച്ചു തരുകയുള്ളൂ… നാം എന്ത് പ്രവർത്തിച്ച് കഴിഞോ അതാണ് ദൈവ വിധി. മടിയന്മാരുടെ അടുത്ത് ദൈവം ഇരിക്കില്ല. ഓരോ റമദാനും ജീവിതത്തിൽ ഗോൾ സെറ്റ് ചെയ്യുന്നതിന് കൂടിയാക്കാം നമുക്ക്…
റമളാൻ കരീം…!🥰

മാഹിൻ കൊച്ചിൻ

By ivayana