രചന : ലിഖിത ദാസ് ✍

അപകടകരമായി കവിതയെഴുതുന്ന
ഒരു പെൺകുട്ടിയെ കണ്ടു.
അവളുടെ ഉള്ളം കയ്യിൽ
ചമ്പകമേടിന്റെ വാസനച്ചൂര്.
കണ്ടുകണ്ടിരിക്കുമ്പൊ
എന്റെ ഒടുവിലത്തെ വേദനേ..യെന്ന്
മുകിൽ അതിന്റെ
നനഞ്ഞ ചിറകുകുടഞ്ഞു ചിരിക്കുന്നു.
നഖത്തിനിടയിൽ നിന്നൊരു
കടലു നുരയ്ക്കുന്ന ഇരമ്പം
കേൾക്കുന്നുണ്ട്.
വിരലിടുക്കിൽ അവളെ പ്രണയിച്ചു
തോറ്റ കുട്ടിയുടെ ഉമ്മപ്പുറ്റുകൾ,
ചുണ്ടുകൾക്കിടയിൽ
വേനൽപ്പൊട്ടുകൾ,
ചെവിത്തുമ്പിലൊരു നുള്ള് നിലാപ്പൊടി.
പിൻകഴുത്തിൽ
കൊന്നയുലഞ്ഞുപോയതിന്റെ
ഒടുവിലത്തെ ഇതളുകൾ
പറ്റിപ്പിടിച്ചിരിക്കുന്നു.
കണ്ണുകളിൽ ആദിപ്രേമത്തിന്റെ ചെടിത്തണുപ്പ്.
മുടിക്കെട്ടിനുള്ളിലൊരു
രഹസ്യക്കാരന്റെ ചിരിക്കഷ്ണം.
ഉള്ളുണങ്ങിപ്പോയവനു കൊടുക്കാൻ
അവളുടെ ദാഹത്തിൽ നിന്നൊരു കുമ്പിൾ നിലാവ്,
അവളുണരുന്ന കുന്നിൽചെരിവിൽ നിന്നൊരു മഞ്ഞുതുണ്ട്,
കൊണ്ട വേനലിൽ നിന്നൊരു
വെയിൽക്കഷ്ണം –
ഉടൽപ്പച്ചയിൽ നിറയെ
നീർവേരുകൾ.
ഒരേസമയം മുടിത്തുമ്പിൽ ഉഷ്ണകാലവും
വിരലറ്റത്ത് മഴയൊച്ചയും കൊണ്ടുനടക്കുന്നവൾ.
അവൾ പ്രേമഭാഷയിൽ കത്തുകളെഴുതുകയും
മുറിവുകളെപ്പറ്റി
മിണ്ടിക്കൊണ്ടിരിക്കുകയും സ്നേഹമൂർച്ഛയിൽ
കവിതകളെഴുതുകയും ചെയ്യുന്നു.
അവളുടെ കവിതയുടെ വളവുകളിൽ
വിയർത്തു വെപ്രാളപ്പെട്ട ആണുങ്ങൾക്കൊക്കെയും
മതിഭ്രമം ബാധിക്കുന്നു.
മഴയുരുണ്ടുകൂടുന്ന
രാത്രികളിലൊക്കെയും
പെൺചൂരുകളിൽ കിടന്ന് അവർ
കവിതയുറക്കെ ചൊല്ലുന്നു.
വേനലിലും വർഷത്തിലും
ആളൊഴിഞ്ഞ ഗ്രാമത്തിലിരുന്ന്
സ്നേഹവിശപ്പുള്ള മനുഷ്യർക്കുവേണ്ടി
അവളെഴുതി ശമിക്കുന്നു‌.
അവളെ കണ്ടുകണ്ടിരിക്കെ
എന്റെ മുറിവാറുന്നു.
■■■■

വാക്കനൽ

By ivayana