അംബരമാകിയ പൊൻകലം തന്നിലായി
അമ്മക്കായിയുള്ളോരായമൃതഭോജ്യം
അഭിമാനമലിയുന്ന പഞ്ചഭൂതങ്ങളാൽ
അൻപാലെയേകുന്ന ഉപദയജ്ഞം.

ആധാരമാകിയയൊരുദിനം കണ്ണകി
ആറ്റുകാലിലെ മണിമണ്ഡപത്തിലായി
ആ ദിവ്യരൂപത്തേ ദർശിച്ച മാത്രയിൽ
ആരാധനാസൗഭഗമൊരുക്കീടുന്നു.

അലങ്കാരവേഷമണിയുന്നഴകുകൾ
അപേക്ഷയോടേകുന്ന അശ്രുപൂജ
അഗ്നിയായാളുന്ന അഗ്രപൂജാർഹണ
ആഘോഷപ്പൊലിമയിലാചരിക്കാൻ.

അമ്മമന്ത്രങ്ങളെങ്ങും മുഴങ്ങുമ്പോൾ
അന്തർഗ്ഗതത്തിലെ ഇരുട്ടു മാറുന്നു
അഭ്രേയദീപ പുഷ്പാർച്ചനാദിയാൽ
അമരപുരിക്കൊത്തുയർന്നീടുന്നു.

അച്ഛഗീർവാണിയായമ്മയടുത്തെത്തി
അഴലൊഴിച്ചാനന്ദമേകുമ്പോളെല്ലാം
അഭിവൃത്തിയാലെയുദയമുദിക്കുന്നു
അമലമായകതളിരിമ്പമാർന്നങ്ങനെ.

ആറ്റുകാലമ്മച്ചി കുടിയിരിക്കുമ്പോൾ
ആശ്രിതർക്കായയം കനിഞ്ഞു നല്കി
അമ്മതന്നുത്സംഗത്തിലേറുവാനായി
ആശയോടേവരുമണിയണിയായൊത്തു.

ആയതിയെല്ലാമേ ഭദ്രമാക്കീടുവാൻ
അമ്മയല്ലാതൊരാളില്ലയാശ്രയിക്കാൻ
ആസാദിതമായയനുഗ്രഹോദ്യാനത്തിൽ
അമ്മയിലലിഞ്ഞൊന്നു വീണ മീട്ടാം.

ആമോദനർത്തനമൊന്നിച്ചൊന്നാടിടാം
ആഭേരി രാഗത്തിൽ കുഴൽ വിളിക്കാം
അപചിതമായോരാ വനകാന്തിയിൽ
ആരവമായൊന്നേ കാളീശ്വരീമന്ത്രം.

അമ്മയേയറിയാത്ത നിരീശ്വരരായാലും
അർച്ചിതമേകാത്ത നിന്ദകരെന്നാലും
അന്തർമനസ്സിലെ പരാഭൂതരായാലും
അമ്മക്കെല്ലാവരുംമക്കൾതാനെന്നറിയു.

ആയതനത്തിലേയൂർജ്ജപ്രതീപനം
ആതപം പോലെങ്ങും പ്രസരിതമായി
അനുഗമനമോടെയലിയുന്നയാഭയാൽ
ആകുലചിന്തകളെങ്ങോയകന്നീടുന്നു.

അല്പരസങ്ങളധികമായീടുമ്പോൾ
ആത്മീയഭാവത്തിലല്പേച്ഛയില്ലാതെ
അപരാധമുള്ളിലൊഴിഞ്ഞൊഴിഞ്ഞ്
ആദിയാമമ്മ തന്നാവാസകേന്ദ്രമായി.

ആനീതനാകുന്നു ഉപേക്ഷിതരെല്ലാം
ആപന്നരെല്ലാമേ സമ്പന്നരായതും
ആരോഗ്യമോടെ ഉണർവ്വേകാനായും
ആർജ്ജിതമെല്ലാമങ്ങുത്തമമായതും.

അതിശയകരമാകിയ മാറ്റത്താലെ
അധ:പതനമെല്ലാമൊഴിഞ്ഞൊഴിഞ്ഞ്
അന്ത:ഛിദ്രങ്ങളില്ലാതായി ആലയേ
അഭ്യസ്തവിദ്യയാലെ വരേണ്യരായി.

അന്തഃക്കരണത്തിനനുരൂപയാകിയ
അമ്മയനുഗ്രഹിച്ചുന്നതിയേകുമ്പോൾ
അനുരഞ്ജനത്താലാധർമ്മസ്ഥാപക
അനുഭവമേകുമ്പോലറിഞ്ഞീടേണം.

അമ്മയുറയുന്ന പൊന്നിൻ കുടങ്ങളിൽ
ആമോദപീയൂഷധാരയുറഞ്ഞുതുളുമ്പെ
അംഗനമാരൊത്തുപാടി സ്തുതിക്കവേ
അജ്ഞലീബദ്ധരായൊന്നിച്ചുകുരവയിടാം.

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *