രചന : എം പി ശ്രീകുമാർ ✍️
പാല പിന്നെയും പൂക്കുന്നുവെന്റെ
ഗ്രാമസന്ധ്യാചുരുൾമുടി തന്നിൽ
പാതിമുഖം മുകിലാൽ മറച്ചു
പാർവ്വണേന്ദു ചിരിച്ചങ്ങു നിന്നു.
ഈണത്തിൽ നല്ല കീർത്തനം പാടി
ഈരടി പിന്നേം നിർത്താതെ പാടി
നിർവൃതിയോടെ നീലക്കുയില്
നീലരാത്രിയ്ക്കു സ്വാഗതം പാടി.
വെൺനിലാവു പെയ്തിറങ്ങീടുന്നു.
വെണ്ണപോലെ മണ്ണു വിളങ്ങുന്നു.
വെൺചാമരംപോൽ വീശുന്നു തെന്നൽ
വെൺകൊറ്റക്കുടകളായ്മേഘങ്ങൾ
പാവനസന്ധ്യാദീപം തെളിച്ചു
“പാഹിമാം ” ചൊല്ലിയുമ്മറത്തമ്മ.
പാരിജാതപ്പൂക്കൾ വിടരുന്നു
ഭക്തിയോടെ തുളസി കൈകൂപ്പി.
നെഞ്ചെരിയുന്നചന്ദനത്തിരി
സഞ്ചിതപുണ്യം ചുറ്റും പകർന്നു.
കൂവളം ശിവമൗലി കണക്കെ
പ്രൗഢതേജസ്സിൽ മുറ്റത്തു നിന്നു.
സർവ്വപ്രാണികളൊക്കെയും സന്ധ്യാ-
വന്ദനം ചെയ്തു നിർവൃതി കൊൾകെ
കുങ്കുമം പൂത്തുലഞ്ഞു തുടുത്തെൻ
ഗ്രാമസന്ധ്യാവദനമിങ്ങനെ !!!

