സായി സുധീഷ് ✍

മലയാള സിനിമയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ഒരുപാട് സിനിമകൾ വരുന്നുണ്ട്, പക്ഷേ സൂപ്പർ താരങ്ങൾ എന്ന് വിളിക്കപ്പെടുന്നവരുടെ പോലും ചിത്രങ്ങൾ പരാജയപ്പെടുന്നു. ഇറങ്ങുന്ന സിനിമകളിൽ നേരിയ ഒരു ശതമാനം ആണ് യഥാർത്ഥത്തിൽ സാമ്പത്തികമായ ലാഭം നേടുന്നത്.


ഇന്റർനെറ്റ്ന്റെ സാർവ്വത്രികമായ ലഭ്യത ലോകത്തിലെ ഏറ്റവും നല്ല സിനിമകൾ കാണാനുള്ള അവസരം തരുന്നു എന്നതും, പ്രേക്ഷകരുടെ അഭിരുചികളുടെ സൂചിക ഉയർന്നതും, ഒട്ടിട്ടിപ്ലാറ്റ് ഫോമുകളുടെ ആധിക്യവുമെല്ലാം ഇതിനെ ബാധിച്ചിട്ടുണ്ട്. കൂട്ടത്തിൽ കൂനിൻമേൽ കുരു പോലെ ടെലിഗ്രാം പോലുള്ള നവ മാധ്യമങ്ങൾ വഴിയുള്ള പൈറസിയും.


ഒരു ചെറിയ കുടുംബം പോലും തിയറ്ററിൽ പോകണമെങ്കിൽ 1000 രൂപക്കടുത്ത് ചിലവുണ്ട് എന്നത് സത്യമാണ്. അത് കൊണ്ട് സിനിമ കാണാൻ തിയറ്ററിൽ ഒരു കുടുംബം എത്തുന്ന ഇടവേളകൾ വളർന്നിട്ടുണ്ട്. വളരെ സെലക്റ്റീവ് ആവുന്നത് കൊണ്ട് കുടുംബങ്ങൾ കാണാൻ തീരുമാനിക്കുന്ന ചിത്രങ്ങൾ അവർ മൗത്ത് പബ്ലിസിറ്റി അനുസരിച്ചാവും മിക്കവാറും തിരഞ്ഞെടുക്കുക. 1000 രൂപ ഒരു ചെറിയ തുക അല്ലല്ലോ.
സത്യത്തിൽ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം ഇതാണ്. മികച്ച തിയറ്റർ അനുഭവം നൽകാത്ത സിനിമകൾ തിയറ്ററിലേക്ക് ആളുകളെ കൊണ്ട് വരില്ല. എത്ര മികച്ച കഥയായാലും തിരക്കഥ ആയാലും. രോമാഞ്ചം എന്ന സിനിമ തിയറ്ററിൽ കണ്ട ബഹുഭൂരിപക്ഷത്തിനും ഇഷ്ടമായതാണ്, ഞാനും രണ്ടു തവണ തിയറ്ററിൽ കണ്ട സിനിമയാണത്. ഒറ്റിറ്റിയിലെ അനുഭവം ഞാൻ ഉൾപ്പെടുന്ന ഭൂരിപക്ഷത്തിനും മറ്റൊന്നായിരുന്നു.


പറഞ്ഞു വന്നത് മലയാള സിനിമയിലെ സാമ്പത്തിക പ്രതിസന്ധിയാണല്ലോ. നഷ്ടം നിർമ്മാതാവിന് ആണ് സംഭവിക്കുന്നത്. ആ അവസ്ഥയിൽ നിർമ്മാതാക്കൾ സമ്മർദ്ദത്തിൽ ആവും. അഭിനേതാക്കളുടെ പ്രതിഫലവും പെരുമാറ്റവും മാത്രമല്ല സോഷ്യൽ മീഡിയയിലെ റിവ്യൂ വരെ പ്രതിക്കൂട്ടിൽ ആവും. അതിനേക്കാൾ വലിയ ഘടകങ്ങൾ ആണ് ആദ്യം സൂചിപ്പിച്ചവ.


നിർമ്മാതാക്കൾ പ്രസ്താവനകളും സംഘടനാശക്തിയും ഒക്കെ പ്രകടിപ്പിക്കുകയും ചെയ്യും. ആക്റ്റേഴസിനെ നിലക്ക് നിർത്തിയാൽ മലയാള സിനിമയിലെ പ്രതിസന്ധികൾ അവസാനിക്കും എന്നത് കാടും പടർപ്പും തല്ലലാണ്. വിലക്കുകൾ ഏർപ്പെടുത്തുന്നത് ആർക്കും ഗുണം ചെയ്യാൻ പോകുന്നില്ല.


നല്ല തിയറ്റർ അനുഭവങ്ങൾ ഉണ്ടാക്കുന്ന സിനിമകൾ ഉണ്ടാക്കുക എന്നത് മാത്രമാണ് വഴി. നല്ലത് അതിജീവിക്കുക തന്നെ ചെയ്യും, ആക്റ്റേഴ്സായാലും സിനിമയായാലും ❤️❤️❤️

സായി സുധീഷ്

By ivayana