രചന : ജിസ ജോസ് ✍️
ദാമ്പത്യജീവിതത്തിൻ്റെ തുടക്കകാലത്തായിരുന്നു പുതിയ നൂറ്റാണ്ടും ആരംഭിച്ചത്. രണ്ടുപേരൊന്നിച്ചു താമസം തുടങ്ങിയ അക്കാലത്ത് അടുക്കളജോലികൾ പങ്കുവെക്കേണ്ടതാണെന്ന സങ്കല്പമൊന്നും ഉണ്ടായിരുന്നില്ല, അടുക്കളയെക്കൂടി വശപ്പെടുത്തിയെടുത്തു കൊണ്ടു ജീവിതം മുന്നോട്ടുകൊണ്ടു പോവാൻ സ്വാഭാവികമായും പരിശീലിച്ചു.
തേങ്ങ ചിരവിത്തരുന്നതും പാത്രം കഴുകിത്തരുന്നതുമൊക്കെ (ചിരവുന്നു, കഴുകുന്നു എന്നുപോര ചിരവിത്തരുന്നു, കഴുകിത്തരുന്നു എന്നു തന്നെ വേണം) എടുത്തുകാട്ടി വീട്ടുജോലികളിൽ സഹായിക്കുന്ന ഭർത്താവ് എന്നു അഭിമാനപുരസ്സരം മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
25 വർഷം കഴിഞ്ഞു ചുറ്റും നോക്കുമ്പോൾ എന്തുമാറ്റമാണു അടുക്കളക്കാര്യങ്ങളിൽ വന്നതെന്നു ആലോചിക്കാറുണ്ട്. മലയാളി സ്ത്രീകളും അടുക്കളയുമായുള്ള ബന്ധത്തിൽ കാതലായ പരിവർത്തനങ്ങൾ സംഭവിച്ചോ? ഉമ്മറത്തിരുന്നു അടുക്കളയിലേക്ക് ഉത്തരവുകളിടുന്ന പുരുഷൻ്റെ കൈയ്യിലിപ്പോൾ പത്രമാസികകളല്ല ,സ്മാർട്ട് ഫോണാണെന്ന മാറ്റമുണ്ട് ,അയാളുടെ ശബ്ദത്തിൽ പഴയ അധികാരഭാവത്തിനു പകരം അല്പം സൗഹൃദം കൂടി കലർന്നിട്ടുണ്ടാവും ,കഴിച്ച പാത്രം കഴുകാനും തേങ്ങ ചിരവാനുമൊന്നും അയാൾക്കു മടിയില്ല.(വീട്ടിൽ അതിഥികളുണ്ടെങ്കിൽ മിക്കവാറും പുരുഷന്മാർ ഈ വിലകുറഞ്ഞ ജോലികൾ ചെയ്ത് അതുവഴി ലഭിക്കുന്ന പെൺകോന്തനെന്ന ലേബൽ വാങ്ങാൻ വിമുഖത കാണിച്ചേക്കും)
ഒഴിവുവേളകളിൽ ഫോണിനുളളിൽത്തന്നെ ജീവിക്കുന്നതുകൊണ്ട് സ്വാഭാവികമായും അയാളുടെ കാഴ്ചകളിലേക്ക് പാചകക്കുറിപ്പുകൾ കടന്നുവരും ,അതിൽച്ചിലതു പരീക്ഷിച്ചു കളയാമെന്നു ചിലപ്പോൾ അടുക്കളയിൽ കേറിയെന്നു വരാം ,മറ്റു ചിലപ്പോൾ ഭാര്യയെക്കൊണ്ടു ഉണ്ടാക്കിച്ചു എന്നുപറഞ്ഞ് FB ലും മറ്റും ആ വിഭവത്തിൻ്റെ ആകർഷകമായ ചിത്രങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിച്ചേക്കും. പുറത്തുപോയി ഇടയ്ക്കൊക്കെ ഭക്ഷണം കഴിക്കുക ,വീട്ടിലേക്കു വരുത്തിക്കുക, വിശേഷദിവസങ്ങളിൽ സദ്യയും മറ്റും ഓർഡർ ചെയ്യുക തുടങ്ങിയവയ്ക്കും വിമുഖതയില്ല.
ഇത്തരം ഉപരിപ്ലവമായ മാറ്റങ്ങളെയാണ് അടുക്കളയിൽ തുല്യപങ്കാളിത്തം, അടുക്കള സ്ത്രീയുടെ മാത്രം തലവേദനയല്ല എന്ന രീതിയിൽ ആഘോഷിക്കുന്നത്. അടുത്ത 25 വർഷവും ഇക്കാര്യത്തിൽ കാതലായ വ്യത്യാസങ്ങളുണ്ടാകുമോ എന്നു കണ്ടറിയണം. ചായ ഉണ്ടാക്കാൻ പോലുമറിയില്ല എന്ന അഭിമാനത്തോടെ കൊട്ടും കുരവയുമായി,യാഥാസ്ഥിതിക വധൂവേഷത്തിൽ ഒരു പുരുഷൻ്റെ വീട്ടിലേക്കു വിളക്കും വലംകാലുമൊക്കെയായി ചെന്നു കേറുന്ന പെൺകുട്ടികൾ വളരെപ്പെട്ടന്നു അടുക്കളമൃഗങ്ങളായി മെരുക്കപ്പെടുന്നു.തുടക്കത്തിൽ അടുക്കളയിൽ കിട്ടിയിരുന്ന ഷെയറിങ്ങും കെയറിങ്ങുമൊക്കെ ഏതോ വഴിക്കും എന്തുണ്ടാക്കണം ,എങ്ങനെയുണ്ടാക്കണം എന്ന പ്ലാനിങ് മുതൽക്കുള്ള കാര്യങ്ങൾ സ്ത്രീകളുടെ തലയിലും ആകും .
പുറമേയ്ക്കു കാണുന്നതു മാത്രമല്ല അടുക്കളയിലെ ജോലികൾ .പാത്രം കഴുകലും കഷണം മുറിക്കലുമൊക്കെ ആ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. (വീട്ടിലെ അരി തീർന്നുവെന്നോ ഇന്നയിന്ന പച്ചക്കറികളാണു വാങ്ങേണ്ടതെന്നോ പറയുന്ന പുരുഷനെ നമ്മൾ സിനിമയിൽപ്പോലും കണ്ടിരിക്കാനിടയില്ല.. അതു കണ്ടെത്തുന്നതും അതിനെപ്പറ്റി പറയുന്നതും എപ്പോഴും സ്ത്രീകളാണ് , അതൊക്കെ അവരുടെ പ്രവർത്തനമണ്ഡലത്തിലെ കാര്യങ്ങളാണല്ലോ. പുരുഷൻ അവിടത്തെ സന്ദർശകൻ മാത്രം )
മെരുക്കപ്പെട്ട അടുക്കളമൃഗങ്ങളാവുന്ന പെൺകുട്ടികൾ അടുക്കള ചുരുളി പോലാണെന്നും അകപ്പെട്ടാൽ രക്ഷയില്ലെന്നും സങ്കടപ്പെടുന്നു ,ഇലക്ഷൻ ഡ്യൂട്ടിക്കോ മറ്റേതെങ്കിലും പരിപാടികൾക്കോ വീട്ടിൽ നിന്നു മാറിനിൽക്കുമ്പോൾ വീട്ടുകാർക്കുള്ള മുഴുവൻ വിഭവങ്ങളും ഉണ്ടാക്കി ഫ്രിഡ്ജിൽ നിറക്കേണ്ടി വരുന്നു. ഒരു വ്യത്യാസമുള്ളത് പണ്ടിതിനെക്കുറിച്ചു അഭിമാനത്തോടെയാണു പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴവരുടെ ശബ്ദത്തിൽ ലജ്ജയും നിസഹായതയുമാണെന്നതാണ്.
മാറേണ്ടത് പുരുഷന്മാരാണ് .ചപ്പാത്തി പരത്താനോ ഇഡ്ഡലിക്കു മാവു തയ്യാറാക്കാനോ ഇഷ്ടപ്പെട്ട കറിയുണ്ടാക്കാനോ ഒന്നുമറിയാത്ത ,ഇതൊക്കെ രൂപപ്പെട്ട് പ്ലേറ്റിൽ പ്രത്യക്ഷപ്പെടുന്നതു മാത്രം കണ്ടുശീലിച്ചവരാണ് മലയാളിപുരുഷന്മാരിൽ നല്ലൊരു പങ്കും.
ഞങ്ങൾ ജോലികളിൽ സഹായിക്കും എന്നു പറയാൻ അവർ ലജ്ജിക്കണം. സഹായിക്കാൻ ചെല്ലാൻ ഇത് സ്ത്രീകൾക്കു മാത്രമുള്ള സ്വയംഭരണലോകമല്ല . മുഴുവൻ ഉത്തരവാദിത്വബോധത്തോടെ അങ്ങോട്ടു കേറിച്ചെല്ലാനും ചുമതലകളേറ്റെടുക്കാനും ആർജ്ജവമുള്ള പുരുഷന്മാരായി മാറാൻ അടുത്ത 25 വർഷം കൊണ്ടെങ്കിലും അവർക്കു സാധിക്കട്ടെ.
ഉദ്യോഗസ്ഥകളായ സ്ത്രീകൾ അടുക്കളയിൽ നടത്തേണ്ടി വരുന്ന ഞാണിന്മേൽക്കളിക്ക് സിൽവിക്കുട്ടിയുടെ ‘ഔദ്യോഗികം’ എന്ന കഥ പോലെ മറ്റൊരുദാഹരണമില്ല. സ്ഥിരം ലേറ്റാവുന്ന ലിസി ,ഇന്നു തുണിയുടുത്തില്ലേലും എട്ടരയുടെ ബസിൽ ഓഫീസിലേക്കു പോകുമെന്നു പറഞ്ഞു തിരക്കിട്ടു ജോലികൾ തീർക്കുകയാണ്. ഒടുവിൽ പണികളൊതുക്കി,ഉമ്മറത്ത് ചരമക്കോളം വായിച്ചുകൊണ്ടിരുന്ന ഭർത്താവിൻ്റെ കണ്ണിനു മുന്നിലൂടെ ബസുകിട്ടാനോടുന്ന അവൾ ശരിക്കും തുണിയുടുത്തിട്ടുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥകളായ ഭൂരിപക്ഷം സ്ത്രീകളുടെയും ജീവിതം പ്രതീകാത്മകമായെങ്കിലും ഇത്തരമൊരു തുണിയുടുക്കാത്ത ഓട്ടമാണ് ഇന്നും.

