‘ആവിഷ്കരിക്കുക’ എന്നാൽ ഏതെങ്കിലും നൂതനമായ ഒരു വസ്തു, അല്ലെങ്കിൽ ഒരു കൃതി (പദ്യം, കഥ, നാടകം, ലേഖനം, തുടങ്ങിയവ), ഒരു ചിത്രം, കാർട്ടൂൺ, ചരിത്രാവലോകനം, നിരൂപണം, വിമർശനം, അംഗീകരിക്കൽ, ജനാധിപത്യപരമായ എതിർക്കൽ ഇവയിലേതെങ്കിലുമോ, ഇവയിൽ പലതും ഉൾക്കൊള്ളുന്നതോ ആയ ഒന്ന് സമൂഹത്തിന് മുന്നിലോ സർക്കാരിന് മുന്നിലോ അവതരിപ്പക്കൽ ആകുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏതൊരാൾക്കും തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ഭയമില്ലാതെ പ്രകടിപ്പിക്കാനും, വിവരങ്ങൾ സ്വീകരിക്കാനും, പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശമാണ്.
ഇത് ജനാധിപത്യത്തിന്റെ ജീവവായുവും മാനവരാശിയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതവുമാണ്. എന്നാൽ ഇത് മറ്റുള്ളവരെ ഉപദ്രവിക്കാനോ നിയമത്തെ വെല്ലുവിളിക്കാനോ ഉള്ളതല്ല.

സർക്കാരിനെ ചോദ്യം ചെയ്യാനും, വിയോജിപ്പുകൾ പ്രകടിപ്പിക്കാനും, പൊതുവിഷയങ്ങളിൽ സജീവമായി ഇടപെടാനും ബദൽ സംവിധാനം മുന്നോട്ട് വെയ്ക്കാനും ഈ അവകാശം അനിവാര്യമാണ്.
മറ്റുള്ളവരിൽ നിന്ന് വിവരങ്ങൾ നേടാനും നല്ലത് പ്രചരിപ്പിക്കാനും ഈ അവകാശം ഉപയോഗിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ അഭിമാനം, സുരക്ഷ, പൊതുക്രമം, സ്വാതന്ത്ര്യം എന്നിവയെ ഹനിക്കാതെയും.. മാനഷ്ടം, വിദ്വേഷം പരത്തൽ, രാജ്യദ്രോഹം തുടങ്ങയവ പ്രചരിപ്പിക്കാതെയും വേണം ഓരോ പൗരനും അവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കാൻ.

ഇന്ന് ഇന്റർനെറ്റ് ആവിഷ്കാരങ്ങൾക്ക് പുതിയ വഴികൾ തുറന്നപ്പോൾ, ചില സർക്കാരുകൾ അതിനെ നിയന്ത്രിക്കാനും വിവരങ്ങൾ തടയാനും ശ്രമിക്കുന്നു. പലപ്പോഴും സർക്കാരുകൾ വിമർശകരെയും, മനുഷ്യാവകാശ പ്രവർത്തകരെയും, പരിസ്ഥിതി പ്രവർത്തകരെയും, ഇവയെ ആകെ പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരെയും നിശബ്ദരാക്കാൻ ശ്രമിക്കുന്നു, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളി ഉയർത്തുന്നു.

ചില പുസ്തകങ്ങൾ തിരോധിക്കുക, ചില സിനിമകൾക്ക് പ്രദർശനാനുമതി നൽകാതിരിക്കുക, കാതലായ ഭാഗങ്ങൾ ഒഴിവാക്കാൻ നിർബന്ധിക്കുക, ചില നാടകങ്ങൾ നിരോധിക്കുക, ദൃശ്യമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടുക, അല്ലെങ്കിൽ അവയിൽ ചിലതിനെ ചൊൽപ്പടിയിൽ നിർത്തുക, ചിലതിന് നിരോധനം ഏർപ്പെടുത്തുക, സോഷ്യൽ മീഡയയിലൂടെ യുള്ള ആവിക്ഷ്കാരങ്ങൾക്ക് അകാരണമായി നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവ ആവിഷ്കാര സ്വാതന്ത്ര്യം നേരിടുന്ന നിരന്തര വെല്ലുവിളികളാണ്. അതുപോലെ സോഷ്യൽ മീഡിയയിലെ ചില കുത്തകകൾ ചിലരുടെ പോസ്റ്റുകൾ പൊതുജനങ്ങൾ കാണാതിരിക്കാൻവേണ്ടി മറയ്ക്കുന്നതും (Hiding from the Public) പതിവാക്കിയിരിക്കുന്നു!

ഏതൊരു മാധ്യമത്തിലൂടെയും ഓൺലൈനായോ അല്ലാതെയോ വിവരങ്ങൾ തേടാനും സ്വീകരിക്കാനും പങ്കിടാനുമുള്ള അവകാശം, നമ്മുടെ ഗവൺമെന്റ് വാഗ്ദാനങ്ങൾ പാലിക്കുന്നെങ്കിൽ പിന്തുണക്കാനും മറിച്ചാണെങ്കിൽ വിമർശിക്കാനും, മതപരമോ രാഷ്ട്രീയമോ സാമൂഹികമോ സാംസ്കാരികമോ ആയ അനാചാരങ്ങളെ ചോദ്യം ചെയ്യുകയോ സംവാദം നടത്തുകയോ ചെയ്യാനും,
സമാധാനപരമായ ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാനും, അല്ലെങ്കിൽ അത് സംഘടിപ്പിക്കാനനും, ഈ എതിർപ്പുകളോ പ്രതിഷേധങ്ങളോ, പിന്തുണയ്ക്കലോ.. നേരിട്ടോ ഒരു കലാസൃഷ്ടിയിലൂടെയോ പ്രകടിപ്പിക്കാനും, ഒരു വാർത്തയെയോ ലേഖനത്തെയോ, വിമർശിക്കാനും ഒക്കെ ആവിഷ്കാര സ്വാതന്ത്ര്യമുള്ളിടത്തേ ഒരു പൗരന് സാധിക്കയുള്ളു.

എന്നാൽ അധിനിവേശത്തിൻ്റെ, ജതി-മത വിദ്വേഷത്തിൻ്റെ, ജനാധിപത്യ ധ്വംസനത്തിൻ്റെ, അടിച്ചമർത്തലിൻ്റെ പുതിയ കാലഘട്ടത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികൾ നേരിടുന്നു.
അറിയാനും അറിയിക്കാനും അറിയപ്പെടാനും തിരുത്തിക്കാനും സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യമുള്ള സമൂഹത്തിലേ ജനാധിപത്യം പുലരുകയുള്ളു. ആയതിനാൽ മനുഷ്യചിന്തകൾക്ക് കൂച്ചു വിലങ്ങിടാനുള്ള പരിശ്രമങ്ങൾക്കെതിരേ നാം ജാഗരൂകരായിരിക്കണം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *