രചന : വാസുദേവൻ. കെ. വി✍

രാഷ്ട്രഭാഷാപരിജ്ഞാനത്തെ പാടെ അവഗണിച്ചു കൊണ്ടുള്ള ഒരു പൊതു പരീക്ഷ ഇന്നലെ. പരീക്ഷ കഴിഞ്ഞ് ചേച്ചിയെ കൂട്ടിവരാൻ പൊരിവെയിലത്ത് ചിന്നവളും അച്ഛനൊപ്പം.
വരുന്ന വഴിയിൽ ഞാഞ്ഞൂളും കുക്കുടവും അകത്താക്കാൻ നിവേദനം.
അനുവദിക്കാതെ വയ്യ താതമനസ്സിന്.
ഹോട്ടലിൽ പിള്ളേർ ഓർഡർ നൽകുന്ന കാഴ്ച്ച. ഞാഞ്ഞൂളിനൊപ്പം കുക്കുടഫ്രെയും നാരങ്ങാനീരും. ചിന്നവളുടെ സ്പെഷ്യൽ നിർദ്ദേശം.


“ലെഗ് പീസ് മതി.”
മുഴുത്ത കാലുകൾ കടിച്ചുപറിക്കുന്നകാഴ്ച ചിന്തകൾക്ക് തിരി കൊളുത്തി.
കാലുകൾ കാഴ്ചകൾ.
“നിൻപദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം..”
നിത്യഹരിത നായകനും ശീലാമ്മയും ചേർന്നുള്ള പ്രണയ ഗാനരംഗം. നാഴികക്കല്ല് എന്ന സിനിമയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി കുറിച്ചിട്ട വരികൾ.
സമ്പന്നമായ നമ്മുടെ ചലച്ചിത്ര ഗാനശേഖരത്തിൽ കാലുകളെ വർണിക്കുന്ന വരികൾ ഏറെയില്ല.


കാലുകളിൽ കമ്പമുള്ള കവികൾക്ക് പക്ഷേ വർണ്ണിക്കാൻ വൈമുഖ്യം.
പെണ്ണിന്റെ മുടിയും മുലയും കവിളും ചുണ്ടുമൊക്കെ വാനോളം വാഴ്ത്തുന്ന കവികൾ.
ലിറ്റിൽ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ അമ്പതാം പിറന്നാൾ കഴിഞ്ഞദിവസം. സച്ചിന്റെ കളിവിജയം ആ ഫുട് വർക്കിൽ ആണെന്ന് ഹർഷ ഭോഗ്ലെ തറപ്പിച്ചു പറയുന്നു. കോടികളുടെ ആസ്തി ആ കാലുകളിൽ ഭദ്രം .
ഇരുകാലി മൃഗങ്ങളുടെ കൊടും ക്രൂരതഇടവപ്പാതി പെരുക്കുമ്പോൾ. രാത്രി പാടവരമ്പുകളിലൂടെ മിന്നും മിനുങ്ങുകൾ. വെളിച്ചം കണ്ട് കണ്ണൂമഞ്ഞളിച്ച മണ്ഡൂകങ്ങളെ പിടിച്ചു തുടകൾ അറുത്ത് പതിജീവനോടെ വയലിൽ ഉപേക്ഷിക്കുന്ന ഇരുകാലിമൃഗങ്ങൾക്ക് തുടയിലാണ് കമ്പം.


മറ്റെല്ലാ അവയവങ്ങളെയും കരുതലോടെ കാണുന്ന നമ്മൾ കാലുകൾ അലങ്കരിക്കാനോ പരിപാലിക്കാനോ വേണ്ട പരിഗണന നൽകുന്നില്ല. ഇത്തിരി രോമം പിഴുക്കും എന്നല്ലാതെ. കാലിൽ തേയ്ക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരസ്യം അപൂർവമായി നമ്മുടെ വിഡ്ഢി പ്പെട്ടിയിലും.ധിഷണയ്ക്കൊപ്പം കാലുകൾ അകത്തിയകത്തി ദൂരങ്ങൾ താണ്ടി ജനഹൃദയം കവർന്ന രാഷ്ട്രപിതാവ്..


പതക്കം നേടിയ കായിക താരങ്ങൾ. അധികാരപദവി മോഹിച്ചുള്ള ചില പദയാത്രകൾ.
കാലുകൾ തളർന്നാൽ മനസ്സ് തളരുന്നു. ഒന്ന് നടക്കാൻ ആയെങ്കിൽ എന്ന തീവ്ര മോഹം ഉയരും.നൂപുരധ്വനികൾ ലഹരി പടർത്തുന്ന വേദികളിൽ നമ്മുടെ കണ്ണും മനവും ഉടലിൽ വട്ടം കറങ്ങുന്നു കാലുകൾക്കപ്പുറം.കിടപ്പറ നിർവൃതികളിലുമുണ്ട് കാലുകൾക്ക്‌ മുഖ്യപങ്ക് .അനക്കമില്ലെങ്കിൽ “നീയെന്താ മണ്ഡൂകം കണക്കേ”എന്ന ചോദ്യമുയരുന്നു.


പിള്ളേർ കുന്തമുനകളിൽ ഞാഞ്ഞൂലുകളെ കോർത്തു വിഴുങ്ങുമ്പോൾ അവന്റെ ഗൂഗിൾ സെർച്ച്‌ കാലുകൾക്ക്‌.. കൗതുകമുയർത്തുന്ന നേപ്പാളി വാർത്ത.
ഹരി ബുദ്ധ മഗർ. 43 കാരനായ മഗറിനെ നേപ്പാളികളടങ്ങുന്ന ഒരു യൂണിറ്റ് ബ്രിട്ടീഷ് ആർമിയിലേക്ക് റിക്രൂട്ട് ചെയ്തതിനെ തുടർന്ന് 2010-ൽ ബ്രിഗേഡ് ഓഫ് ഗൂർഖാസിനൊപ്പം അഫ്ഗാനിസ്ഥാനിലെത്തി. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കാലുകൾ പൂർണമായും നഷ്ടപെട്ടു. വർഷങ്ങൾ നീണ്ടു നിന്ന ചികിത്സയ്ക്കും പരിശീലനത്തിനും ശേഷം ഇനി ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മഗർ. “കാലുകളില്ല, പരിധികളുമില്ല” എന്ന മുദ്രാവാക്യ പ്ലക്കാർഡ് ഉയർത്തി പ്പിടിച്ച് എവറസ്റ്റ് കീഴടക്കാൻ പോകുന്നു. ഈ യാത്ര വിജയകരമായാൽ 8,849 മീറ്റർ (29,032 അടി) കൊടുമുടിയിൽ നിന്ന് ലോകം കാണുന്ന ആദ്യത്തെ രണ്ട് കാലുകളുമില്ലാത്തയാളായി മഗർ മാറും.


“എന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ടതിന് ശേഷം എനിക്ക് ശാരീരികമായി എന്തുചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുകയായിരുന്നു എന്റെ ലക്ഷ്യം, ആ ചിന്ത എന്റെ മനസിന് കരുത്ത് പകർന്നു. എനിക്ക് കൈ വയ്ക്കാൻ കഴിയുന്നതിലെല്ലാം ഞാൻ പരിശ്രമിച്ചു. ”എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മഗർ പറഞ്ഞു. ഹിമാലയൻ പർവതനിരകളുടെ താഴ്‌വരയിലെ നേപ്പാളിലാണ് മഗർ വളർന്നത്. എപ്പോഴും സാഹസിക കായിക വിനോദങ്ങളിലായിരുന്നു മഗറിന്റെ താല്പര്യം.


2006ൽ ന്യൂസിലൻഡുകാരനായ മാർക്ക് ഇംഗ്ലിസും 2018ൽ ചൈനയുടെ സിയാ ബോയുവും ആണ് മുൻപ് രണ്ട് കാൽമുട്ടിനും താഴെ വച്ച് മുറിച്ച മാറ്റപ്പെട്ട ശേഷം പർവ്വതാരോഹണം നടത്തിയിട്ടുള്ളത്. ചൈനയുടെ സിയാ ബോ പർവ്വതാരോഹണം നടത്തിയ അതേ വർഷം തന്നെ മഗറും പരിശ്രമം തുടങ്ങിയിരുന്നു. പക്ഷെ സുരക്ഷാ കാരണങ്ങളാൽ ഭിന്നശേഷിക്കാരായ പർവതാരോഹകരെ നിരോധിക്കുന്ന നേപ്പാളിലെ നിയമം കാരണം അദ്ദേഹത്തിന് തന്റെ പരിശീലനം നിർത്തിവയ്‌ക്കേണ്ടി വന്നു.
പ്രത്യേകം രൂപകല്പന ചെയ്ത സ്യൂട്ടും മറ്റ് സുരക്ഷാ ഗിയറുകളും ധരിച്ചാണ് അദ്ദേഹം മല കയറുന്നത്. മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാൻ തുടകൾക്ക് താഴെ സിലിക്കൺ ലൈനറുകളുമുണ്ട്.

നേപ്പാളിലെ മേരാ കൊടുമുടി (6,476 മീറ്റർ), ആൽപ്‌സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മോണ്ട് ബ്ലാങ്ക് (4,808 മീറ്റർ) എന്നിവ വിജയകരമായി കീഴടക്കിയ ശേഷമാണ് മഗർ തന്റെ മഹത്തായ ദൗത്യത്തിന് തയ്യാടുക്കുന്നത്. എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗെ ഷെർപ്പയും ചേർന്ന് നടത്തിയ ആദ്യത്തെ എവറസ്റ്റ് ദൗത്യത്തിന്റെ പ്രതിധ്വനികൾ അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടനീളം ഒപ്പമുണ്ട്. അവർ എവറസ്റ്റ് കീഴടക്കിയ ദിവസമായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്നത്. ഏതാണ്ട് 70 വർഷങ്ങൾക്ക് ശേഷം അടുത്ത മാസം ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തോടൊപ്പമാണ് മഗറിന്റെ എവറസ്റ്റ് ദൗത്യം എന്നത് യാദൃശ്ചികമായിരിക്കാം. അതും യുദ്ധത്തിൽ താൻ സേവിച്ച രാജ്യത്തെ ബഹുമാനിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടുന്നു എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്.


” എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. എന്റെ ജീവിതകാലം മുഴുവൻ ഞാൻ വീൽചെയറിൽ ചെലവഴിക്കേണ്ടിവരുമെന്ന് കരുതി. മൂന്ന് കുട്ടികളുടെ പിതാവായ ഞാൻ ആത്‍മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ആലോചിച്ചിരുന്നു. മദ്യപാനത്തിന് അടിമയായി മാറിയ ദിവസങ്ങളുമുണ്ട് എന്റെ ജീവിതത്തിൽ. എന്നാൽ എന്റെ വൈകല്യത്തെക്കുറിച്ച് ഒരു അവബോധം എനിക്ക് തന്നെ ഉണ്ടാകണം എന്നത് തിരിച്ചറിയാൻ വൈകിപ്പോയി. അക്കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെങ്കിൽ രണ്ട് വർഷം എനിക്ക് നഷ്ട്ടപെടില്ലായിരുന്നു. ആ രണ്ട് വർഷം നല്ല രീതിയിൽ ഉപയോഗിക്കാൻ എനിക്ക് സാധിക്കുമായിരുന്നു. ഭിന്നശേഷിക്കാർക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ കാര്യങ്ങൾ ചെയ്യാൻ വ്യത്യസ്തമായ ഒരു മാർഗമുണ്ടെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതത്തെ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പൊരുത്തപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയും. അതിരുകളില്ല, ആകാശമാണ് നിങ്ങളുടെ അതിര്, ” എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ കൈകഴുകി ഏമ്പക്കം വിടുമ്പോൾ അവൻ മൊഴിഞ്ഞു.
മേദസ്സ്‌ താങ്ങി സഞ്ചാരമേകുന്ന, എന്നേ ഞാനാക്കുന്ന
കാലുകളേ നന്ദി.

വാസുദേവൻ. കെ. വി

By ivayana