രചന : ബിനു. ആർ✍
പടിപ്പുരക്കപ്പുറത്തുനിന്നും
കേൾക്കാം ഒരു ചിണുചിണുങ്ങൽ,
വന്നെത്തീടാമോ
ഒരു മാത്രയ്ക്കെങ്കിലും
ഒന്നിത്രടം വരെ.
അതുകേട്ടുമ്മറപ്പടിയിലിരുന്ന ഞാൻ തെല്ലൊരുപരിഭ്രമമോടെ,
ഇന്നലെ കണ്ടൊരു സ്വപ്നം
മനസ്സിൽ തിരഞ്ഞു.
വന്നെത്തിവിളിക്കുന്നതാരോ,
ധർമ്മരാജൻ, തെല്ലൊരു പരിഭ്രമമോടെ
അകത്തേയ്ക്കൊന്നു
പാളിനോക്കി ഞാൻ,
നടുമുറിയിൽനിന്നും
നിർന്നിമേഷയായി നോക്കുന്നു,
എന്നെയും, പടിപ്പുരയിലേയ്ക്കും,
കഥകളിയുടെ ദൃഷ്ടിയോടെയും
ഭാവങ്ങളോടെയും വാമഭാഗം.
അവൾ കണ്ടിരിക്കുന്നു,
നായയ്‌ക്കൊപ്പംവന്നുനിൽക്കും
കുറവനെയും,അനുസരണയോടെ
അടുത്തു നിൽക്കും
കറുത്തപട്ടിയേയും,
കൈയിൽചുരുട്ടിയ കയറുമായ്.
കൊമ്പുകുഴലൂത്തുകളോടെ
നത്തും കാലങ്കോഴിയും
അർപ്പുവിളിപ്പൂ,
ചെന്നെത്തീടൂ നിൻസമയം
അതിക്രമിച്ചിരിക്കുന്നു.
ഒട്ടുനേരം കഴിഞ്ഞതിൻ ശേഷം
‘ആ സമയം’കടന്നുപോയി-
യല്ലോയെന്ന ചിന്തയിൽ
ചങ്കുറപ്പോടെ ഞാൻ ചെന്നെത്തിനോക്കുന്നേരം
കണ്ടീലയവിടെയാ കുറവനെയും
നായയേയും.
മരണത്തിൻ ഗന്ധമവിടെനിന്നും പിൻവാങ്ങിയനേരം,
തലയ്ക്കുമുകളിലൂടെ
പറപറന്നുപോയി
നത്തും കാലങ്കോഴിയും
ചൂളം വിളികളും.