രചന : ശ്രീകുമാർ എം പി✍

വിടർന്ന നിൻ ഭാവങ്ങൾ
ക്കിത്രമേലഴകെങ്കിൽ
ഭാവങ്ങളൊക്കെയും
നിറഞ്ഞെന്നാലൊ !

കാന്തി തൂകുന്നിപ്പോ
ളിത്ര മേലെങ്കിൽ നിൻ
കാന്തികളൊന്നാ
യൊഴുകിയാലൊ !

പീലികൾക്കിത്രയും
ചാരുതയെങ്കിൽ നീ
നിറപീലി വിടർത്തി
യാടിടുമ്പോൾ

നിറമാർന്നു നിറഞ്ഞു
വിളങ്ങുന്ന ചാരുത
പറയുവാനാകുമൊ
ഭാവനയ്ക്കും !

വന്നു പതിഞ്ഞ നിൻ
കിരണങ്ങളിത്ര മേൽ
വശ്യമനോഹര
മാകുന്നെങ്കിൽ

മധ്യാഹ്ന സൂര്യനായ്
നീ വിളങ്ങീടുമ്പോൾ
എത്രമേലുജ്ജ്വല
മായിരിയ്ക്കും !

കാൽച്ചിലമ്പണിയവെ
കവിത കിനിയുമ്പോൾ
കരകവിഞ്ഞൊഴുകില്ലെ
നിറഞ്ഞാടുമ്പോൾ !!!

ശ്രീകുമാർ എം പി

By ivayana