രചന : രമേഷ് ബാബു✍

ഇയാൾക്ക് ഭ്രാന്തായോ..ആളുകൾ അദ്ദേഹത്തിന് ചുറ്റിനും വട്ടം കൂടി..
വരൂ എല്ലാവരും വരൂ..
മധുരം കഴിക്കൂ..
ഞാനിന്ന് ഏറെ സന്തോഷവാനാണ്..
അയാൾ ഓരോരുത്തരേയും വിളിച്ച് വരുത്തി ലഡു വിതരണം ചെയ്യുകയാണ്..
ഇതാ ഇത് വീട്ടിൽ കൊണ്ട് പോയി മക്കൾക്ക് നൽകൂ..
ഞാൻ തന്നതാണെന്ന് പറയണേ..
ഇങ്ങനെ ആ പ്രദേശത്തുള്ള എല്ലാവർക്കും അയാൾ ലഡു നൽകിക്കൊണ്ടിരുന്നു..
ആളുകൾ അദ്ദേഹത്തിന്റെ ചെയ്തികൾ കണ്ട് സങ്കടപ്പെടാൻ തുടങ്ങി..
മനുഷ്യന്റെ ഓരോരോ അവസ്ഥകളേ കുറിച്ച് സംസാരിച്ചു തുടങ്ങി..
എങ്ങനെ ഉള്ള ആളാ ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ ആയിത്തീർന്നു..
അവിചാരിതമായി അവിടെ എത്തിയ എന്നേയും അദ്ദേഹം അടുത്തേക്ക് വിളിച്ചു..അനിയാ ഒരു ലഡു കഴിച്ചൂടെ എനിക്കിന്ന് സന്തോഷത്തിന്റെ ദിനമാണ്..
പിന്നെന്താ ലഡു കഴിക്കാലോ..എന്നാൽ ഈ സന്തോഷത്തിന്റെ കാരണം അറിഞ്ഞതിന് ശേഷം മാത്രമേ ഞാൻ ലഡു കഴിക്കൂ..
അതിനെന്താ ഞാൻ പറയാം..
ഇന്നലെ രാത്രി എന്റെ പുതിയ വീട് ഇടിഞ്ഞു വീണു..
എന്റെ മുപ്പത്തി നാല് വർഷത്തെ സമ്പാദ്യമായിരുന്നു ആ വീട്,
ഞാനും എന്റെ സഹധർമ്മിണിയും കൂടി ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വെച്ച എല്ലാം ഒറ്റ രാത്രികൊണ്ട് നിലംപൊത്തി..
അടുത്ത ആഴ്ചയായിരുന്നു വീട് കുടിയിരുപ്പ് തീരുമാനിച്ചിരുന്നത്..
ഞാൻ സ്വാഭാവികമായ ഒരു ചോദ്യം കൂടി ചോദിച്ചു..
ഏട്ടാ ഏറെ ദുഃഖിതനായി ഇരിക്കേണ്ട അവസരത്തിലാണ് താങ്കൾ ലഡു വിതരണം ചെയ്യുന്നത്..
താങ്കൾക്ക് മനോവേദനയോ മാനസിക പ്രയാസമോ ഉണ്ടെങ്കിൽ ഞാൻ ഒരു ഡോക്ടറെ വിളിച്ച് സംസാരിക്കാൻ അവസരമൊരുക്കാം..
വേണ്ട അനിയാ..
എനിക്ക് ഭ്രാന്തില്ല, മറിച്ച് ഞാനിപ്പോൾ സന്തോഷം കൊണ്ട് മതിമറന്ന് നിൽക്കുകയാണ്..
ഞാൻ വീണ്ടും അദ്ദേഹത്തെ സംശയ ദൃഷ്ടിയോടെ നോക്കി..
അത് കണ്ട് അദ്ദേഹം പറഞ്ഞു..
അനിയാ..ഈ വീട് ഇന്നലെ ഇടിഞ്ഞു വീഴാതെ ഞാനും കുടുംബവും അതിൽ കയറി താമസം തുടങ്ങിയതിന് ശേഷമോ അതുമല്ലെങ്കിൽ കടിയിപ്പിന്റെ അന്നോ മറ്റോ ആണ് ഈ ദുരന്തം സംഭവിച്ചിരുന്നെങ്കിൽ
എന്താകുമായിരുന്നു അവസ്ഥ എന്നൊന്ന് ചിന്തിച്ചു നോക്കൂ.. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ
ഇന്നിവിടെ നിന്ന് ലഡു വിതരണം ചെയ്യാൻ ഞാൻ ഉണ്ടാകുമായിരുന്നോ..
എന്റെ ഭാര്യയും മക്കളും ഉണ്ടാകുമായിരുന്നോ..
നാട്ടുകാർക്കും കൂട്ടുകാക്കും ആപത്ത് സംഭവിക്കുമായിരുന്നില്ലേ..
അനിയാ വീടല്ലേ പോയുള്ളൂ..
ഞാനും എന്റെ കുടുംബവും എനിക്ക് പ്രിയപ്പെട്ടവരും ഇപ്പോഴും ജീവനോടെ ഉണ്ട്..
അതിൽപരം സന്തോഷം വേറെന്തുണ്ട്..
ഏട്ടാ..എനിക്ക് രണ്ട് ലഡു വേണം..
അതിനെന്താ അനിയന് ഞാൻ നാലെണ്ണം തരാം..
ഏട്ടാ ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടേ..
നിങ്ങളുടെ ഈ പോസിറ്റീവ് എനർജി അൽപ്പം എന്നിലേക്കും പകർത്താനാണ്..
വീട് നിലം പൊത്തിയെന്നറിഞ്ഞാൽ നെഞ്ചത്തടിച്ച് അലമുറയിട്ടു കരയേണ്ട സന്ദർഭത്തിലാണ് താങ്കൾ ലഡു വിതരണം ചെയ്യുന്നത്..ഇതാണ് ശരിക്കും പോസിറ്റീവ് ചിന്ത..
വീട് ഇനിയും ഉണ്ടാക്കാം..
ജീവൻ ബാക്കിയുണ്ടല്ലോ..
ശരി ഏട്ടാ നമുക്ക് ഇനിയും കാണാം,കാണണം,കാണും..!!

-രമേഷ് ബാബു.

By ivayana