രചന : വി സി അഷ്റഫ് ✍️
സൊഹബത്ത് ആണ്,സൊഹബത്ത്.
റൂഹുകൾ തമ്മിലുള്ള ഇണചേരലാണ് !
അതിനൊരു കിതാബുണ്ട്.
അവയിൽ ഇഷ്ഖിൻ്റെ സൂറത്തുകളുണ്ട്.
ആയത്തുകളിൽ ഖൽബിൻ്റെ
സിഫാത്തുകൾ വിശദീകരിക്കുന്നുണ്ട്.
മഹബ്ബത്ത് ആണ്,മഹബ്ബത്ത്.
സ്വലാത്തും സലാമും സകീനത്തും
മഹബ്ബത്തിൻ്റെ മാർഗത്തിലുള്ള അസറുകളാണ് !
ഇഷ്ഖിൻ്റെ അർകാനുകളാണ്.
വസായിഫുകൾ ആണ്,വസായിഫുകൾ.
വസായിഫുകൾ ദഅവത്ത് ആണ്.
ഇഷ്ടം വിളിച്ചോതുന്ന ദിക്റുകളാണ്.
കത്തുകളിൽ പ്രേമം എഴുതാനാവില്ലല്ലോ !
അവൻ അവളും
അവൾ അവനുമായിരിത്തീരുന്ന
അസ്റാർ തേടിനടക്കുമ്പോൾ
അവനും അവൾക്കും
മേൽവിലാസം ഉണ്ടാകുന്നതെങ്ങനെ ?
മാഷൂഖ് ആണ്,മാഷൂഖ്.
ഒത്തിരി ചിരിക്കുന്നവർ
ഒത്തിരി കരയുന്നവർ
കോപിക്കുന്നവർ.
ഇണങ്ങുന്നവരും
പിണങ്ങുന്നവരുമാണ്.
ചേർത്ത് പിടിച്ച്
നൃത്തം ചെയ്യുന്നവരുമാണ്.
പൂർണ്ണതയിലും അപൂർണ്ണത
തേടിയലയുന്ന മാഷൂഖുകൾ
ഇല്ലെങ്കിൽ ഈ ലോകം തന്നെയില്ല,
വല്ലാഹി !
