രചന : ഹാരിസ് ഖാൻ ✍

★ക്ഷമക്ക് അതിരില്ലേ…”?
ഇല്ലല്ലോ, കാരണം അതിൻെറ പേര് ക്ഷമയെന്നല്ലേ …
★എനിക്ക് മലയാളത്തിലെ അവസാനകവി ബാലചന്ദ്രൻ ചുള്ളിക്കാടാണ്. അത് അദ്ധേഹത്തിന് ശേഷം മലയാളത്തിൽ നല്ല കവികളോ കവിതയോ ഉണ്ടാവാഞ്ഞിട്ടല്ല.
കടയിൽ കയറി ക്ലോസപ്പിൻെറ കോൾഗേറ്റുണ്ടോ എന്ന് ചോദിക്കും പോലെ, ടൂത്ത് പേസ്റ്റെന്നാൽ കോൾഗേറ്റ് എന്ന പോലെ അവസാന കവിയെന്നാൽ ചുള്ളിക്കാട് എന്ന് അറിയാതെ മനസ്സിലുറച്ച് പോയി…..
★ബസ്സിൽ അടുത്ത സീറ്റിൽ ഇരുന്നു ഫോൺ ചെയ്യന്നയാൾ…
“മറ്റുള്ളോര് എന്ത് വിചാരിക്കും എന്ന് വിചാരിച്ച് ജീവിക്കയാണോ നീ… ? മറ്റുള്ളവര് ഒന്നും വിചാരിക്ക്ന്നും ഉണ്ടാവൂലാ, നീയൊട്ട് ജിവിക്കലും ഉണ്ടാവില്ല, ആർക്ക് പോയി…”?
അടുത്തിരുന്ന ഞാൻ ഉവാച
“അല്ല ഇനി വിചാരിച്ചാൽ തന്നെ എന്ത് തേങ്ങയാ.. ” ?
★ഷവർമ്മ കഴിച്ച് ആത്മഹത്യ ചെയ്യാൻ പൈസ ചോദിക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് …
★ “നല്ല കിളി പോലത്തെ പെണ്ണ് ” എന്ന് പറയുന്നത് എന്ത് കൊണ്ടാവും..?
പെണ്ണ് പറക്കുമോ…, ചിലപ്പോൾ പറക്കുന്നുണ്ടാവും, അടുക്കളയുടെ ജനലഴിയിൽ തട്ടി വീഴുന്നതിനാൽ നമ്മൾ കാണാത്തതാവും…
★ “അയ്യോ എന്ന വാക്കുകൊണ്ട്
അപ്പം ചുടാനാകില്ല.പക്ഷേ, അപ്പം കരിയുന്നു എന്നു ലോകത്തെ ഓർമിപ്പിക്കാനാവും.”
– പി. എൻഗോപീകൃഷ്ണൻ
★ സച്ചിൻ തെണ്ടുൽക്കറും, ധോണിയും മാത്രം സമയത്തിന് വിരമിച്ചാൽ മതിയോ?
ഏ ആർ റഹ്മാനും, പ്രഭുദേവക്കും, ഷാജി കൈലാസിനുമൊന്നും ഇത് ബാധകമല്ലേ..?
★ ന്യൂ ജെൻ എന്ന വാക്കിന് മുന്നേ തന്നെ ഇവിടെ പഴം ജെൻ (പഴഞ്ചൻ) എന്ന വാക്കുണ്ടായിരുന്നു..
– രാംമോഹൻ പാലിയത്ത്

By ivayana