ലേഖനം : സതി സുധാകരൻ പൊന്നുരുന്നി✍

പെരുമ്പാവൂർ ടൗണിനുള്ളിൽ ഒരു വനമോ? കേൾക്കുന്നവർ അതിശയിച്ചു പോകും.
എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം ദൂരത്ത് കോതമംഗലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന കാവാണിത്. വൻ മരക്കൂട്ടങ്ങളും പല തരം പക്ഷികളും പാമ്പും, വലിയ തേരട്ടയും, കുരങ്ങുകളുടെയും ആവാസ കേന്ദ്രം. ആരും അവരെ ശല്യം ചെയ്യാറില്ല. പാടിപ്പറന്നു നടക്കുന്ന പൂങ്കുയിലുകൾ മരംചാടി നടക്കുന്ന അണ്ണാൻ, വൻമരക്കൂട്ടത്തിനു മുകളിൽ കൂടു കൂട്ടിയിരിക്കുന്ന മലമ്പുള്ളുകൾ, ഉണക്കമരപ്പൊത്തിൽ ഒളിച്ചിരിക്കുന്ന നാഗത്താന്മാർ ഇവയുടെ ഒളിത്താവളമാണ് ഈ കാവ്.


അൻപത് ഏക്കറിൽ സ്ഥിതി ചെയ്യുന്ന കാവ് നടന്നു കാണണമെങ്കിൽ ഒരു ദിവസം പോര. നല്ല കുളിരുള്ള കാറ്റ് ഓരോ മരച്ചില്ലയിലും ചൂളം കുത്തി ഒഴുകി നടന്ന് നമ്മളെ മാടി വിളിക്കുന്നതുപോലെ തോന്നും .തണുത്ത അന്തരീക്ഷം സൂര്യനു പോലും ഒന്ന് എത്തി നോക്കാൻ ഒരു പേടി പോലെ …


അവിടെയുള്ള മരത്തിനെ ഒന്നു ചുറ്റിപ്പിടിക്കണമെങ്കിൽ രണ്ടാളുകളുടെ കൈകൾ കോർത്തു പിടിച്ചാലും പോര അത്ര വണ്ണമാണ് ഓരോ മരങ്ങൾക്കും.
ഉണങ്ങി വീണ മരങ്ങൾ അവിടെ കിടന്ന് പൊടിഞ്ഞു പോവുകയല്ലാതെ ഒരു മനുഷ്യർ പോലും എടുക്കാറില്ല.അതിനുള്ളിൽ പാമ്പ് ഉണ്ടാകുമെന്നുള്ള തോന്നൽ. അവിടുത്തെ മരങ്ങൾക്ക് ദൈവീക ശക്തിയുണ്ടെന്ന് പറയപ്പെടുന്നു.


ഒരിക്കൽ ഒരാൾ മരം വെട്ടാൻ വേണ്ടി മരത്തിൽ ഒരു ചുവന്ന തുണി കെട്ടിപ്പോയി. പിറ്റേ ദിവസം വെട്ടാൻ വന്നപ്പോൾ എല്ലാ മരത്തിലും ചുവന്ന പട്ട് ചുറ്റിയതു പോലെ തോന്നി അങ്ങനെ ആ , ശ്രമം ഉപേക്ഷിച്ചു അയാൾ പോയി. കുരങ്ങുകളാണെങ്കിൽ
“ഞങ്ങളുടെ സാമ്രാജ്യത്തിൻ ആരെടാ കയറിയത് “
എന്നു ചോദിക്കുന്നതു പോലെ ആരുടെ കൈയ്യിലെ പൊതി കണ്ടാലും തട്ടിപ്പറിച്ചു കൊണ്ടോടും.


കാവ് കുളിരു കോരുന്നതും ഭയാനകവുമായ അന്തരീക്ഷമാണ്. കൂട്ടുകാരൊത്തല്ലാതെ ഒറ്റയ്ക്കകപ്പെട്ടു പോയാൽ ഏതിലെയാണ് പോകുന്നതെന്നറിയില്ല. ആ വനത്തിനു നടുവിലാണ് ദുർഗ്ഗാദേവീ ക്ഷേത്രം. നഗരമദ്ധ്യത്തിൽ പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറിക്കിടക്കുന്ന ക്ഷേത്രം.
“ഏകദേശം 2746 വർഷത്തെ പഴക്കമുണ്ടെന്നു പറയുന്നു.”


കംസനുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐദീഹ്യം ഈ കാവിനുണ്ട്. വസുദേവരുടേയും, ദേവകിയടേയും പുത്രൻ, “കംസനെ വധിക്കുമെന്നുള്ള അരുളപ്പാടുണ്ടായപ്പോൾ കംസൻ അവരെ തുറുങ്കിലടച്ചു ” . പക്ഷെ പെൺകുഞ്ഞാണു ജനിച്ചത് .അതിനെ കൊല്ലാൻ കാലിൽ പിടിച്ച് ഉയർത്തിയതും കുട്ടി വഴുതി മാറി അതൊരു വെള്ളി നക്ഷത്രമായ് ആകാശത്തേക്കുയർന്ന് ,ആ വെളളി നക്ഷത്രത്തിൻ്റെ വെളിച്ചം ഭൂമിയിൽ പതിച്ചെന്നും ആ സ്ഥലത്ത് ഭഗവതി വസിച്ചു അവിടെയാണ് അമ്പലം പണിതതെന്നും ഐദീഹ്യമുണ്ട്. കൂടാതെ തൃണബിന്ദു എന്ന മഹർഷി കുടിൽ കെട്ടി താമസിച്ച സ്ഥലം എന്ന ഖ്യാതിയും ഇതിനുണ്ട്.


സരസ്വതി, വന ദുർഗ്ഗ,ഭദ്രകാളി എന്നീ മൂന്നു ഭാവങ്ങളിലാണ് ദേവി പ്രത്യക്ഷപ്പെടുന്നത്.
“ഇരുന്നോൾ എന്ന പേര് ഇരിങ്ങോൾ എന്നായി ” രൂപാന്തരപ്പെട്ടു.
സുഗന്ധ പുഷ്പങ്ങളോ മുടിയിൽ പൂവു ചൂടിയ വരേയോ ഈ അമ്പലത്തിൽ കയറ്റാറില്ല. വിഗ്രഹം സ്വയം ഭൂവാണെന്നും പറയപ്പെടുന്നു.
ശർക്കര പായസവും, നെയ്പ്പായസവും, ചതുസ്തം എന്ന പ്രത്യേക വഴിപാടുമാണ് ഇവിടുത്തെ വഴിപാട്. കല്യാണം, കെട്ടുനിറ ഇതൊന്നും നടത്താറില്ല. ഇത് നാഗഞ്ചേരി മനക്കാരുടെ പൂർവ്വിക സ്വത്താണ്.


ആകാണുന്നതാണ് ചരിത്ര പ്രസിദ്ധമായ നാഗഞ്ചേരി മന. നാടുവാഴിയായ നീലകണ്ഠൻ നമ്പൂതിരി എന്ന ശതകോടീശ്വരൻ. 15000 ഹെക്ടർ ഭൂമിയും 800 കി സ്വർണ്ണവും, മകരക്കൊയ്ത്തും, കന്നിക്കൊയ്ത്തും കഴിയുമ്പോൾ ഇല്ലത്തിൻ്റെ മുറ്റത്ത് ഒന്നേകാൽ ലക്ഷം പറ നെല്ലാണ് വന്നു ചേരുന്നത്. പതിനെട്ടു ദേശങ്ങളുടെ അധികാരവും ഒമ്പതോളം ക്ഷേത്രങ്ങളുടെ അവകാശവും അവർ ക്കുണ്ടായിരുന്നു.
ഇത്രയും നെല്ല് ഒരു മുറ്റത്ത് വരിക എന്നു പറഞ്ഞാൽ എത്ര പേരുടെ അദ്ധ്യാനത്തിൻ്റെ ഫലമായിട്ടായിരിക്കണം എത്ര പേരുടെ വിയർപ്പുതുള്ളികൾ അതിൽ വീണിട്ടുണ്ടാകാം എത്ര പേരെ അവരുടെ കാര്യസ്ഥർചളിയിൽ ചവിട്ടി താഴ്ത്തിയിട്ടുണ്ടാകാം എന്ന് നമുക്ക് അനുമാനിക്കാ വുന്നതേയുള്ളു.


അയിത്താചാരങ്ങൾ കൊടികുത്തി വാഴുന്ന കാലം കാര്യങ്ങൾ നിയന്ത്രിക്കുന്നത് കാര്യസ്ഥന്മാരാണല്ലോ!. നമ്പൂതിരിമാർ തിന്നുസുഖിച്ച് നടന്നാൽ മതി പട്ടിണിപ്പാവങ്ങളുടെ കണ്ണുനീർ വീണതിന് വല്ല കണക്കു മുണ്ടോ? ഇതൊക്കെ ആരറിയാൻ
നീലകണ്ഠൻ നമ്പൂതിരിയുടെ മകനാണ് വാസുദേവൻ നമ്പൂതിരി. നീലകണ്ഠൻ നമ്പൂതിരിയുടെ സഹോദരങ്ങൾക്ക് ആൺമക്കളില്ലാത്തതു കൊണ്ട് എല്ലാ സ്വത്തുക്കളും വാസുദേവൻ നമ്പൂതിരിയുടെ പേരിലേയ്ക്കെഴുതിക്കൊടുത്തു. അങ്ങനെ സ്വത്തുക്കളെല്ലാം വാസുദേവൻ നമ്പൂതിരിക്കായി.


വെറുതെ കിട്ടുന്ന സ്വത്തിനൊന്നും വിലയുണ്ടാകില്ലല്ലൊ തിരുവിതാംകൂർ രാജാവ് സമ്മാനിച്ച 4000 ബ്രിട്ടീഷ് പ വനും നാഗമാണിക്യം പോലുള്ള രത്നങ്ങളും നമ്പൂതിരിയ്ക്കു സ്വന്തമായിരുന്നു.
പതിനഞ്ച് ഏക്കറിൽ കൂടുതൽ സ്വന്തമായി വയ്ക്കാൻ പാടില്ല എന്ന നിയമം വന്നപ്പോൾ പാവം നമ്പൂതിരി കാവും, പരിസരവും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്കു കൈമാറി. കാവിൻ്റെ വകയിലുണ്ടായിരുന്ന 200 കി സ്വർണ്ണവും ചെമ്പു പാത്രങ്ങളും ഓട്ടുപാത്രങ്ങളും ദേവസ്വം ബോർഡിനു സൗജന്യമായി നല്കി. എല്ലാം കൊടുത്തു തീർന്നപ്പോൾ മന മാത്രം ബാക്കിയായി. ജീവിതം മുന്നോടു കൊണ്ടുപോകാൻ നമ്പൂതിരി വിഷമിച്ചു. അവസാനം നിഗൂഢതകൾ ഒളിച്ചിരിക്കുന്ന 700 വർഷം പഴക്കമുള്ള നാഗഞ്ചേരി മന 1980 ൽ പെരുമ്പാവൂർ നഗരസഭയ്ക്ക് നിസ്സാര വിലയ്ക്കു വിറ്റു. മറ്റുള്ള സ്വത്തുക്കൾ എവിടെ പോയി എന്നറിയില്ല. അങ്ങനെ നാടുവാഴിയായ നമ്പൂതിരി ഒന്നുമില്ലാത്തവനായി.കടൽ വച്ചത് കടൽ കൊണ്ടുപോയി എന്നു പറഞ്ഞതു പോലെയായി.


ഇന്ന് നാഗഞ്ചേരി മനയിലും ഇരിങ്ങോൾക്കാവിലും , നഷ്ട പ്രതീകത്തിൻ്റെ ഓർമ്മയും പേറി അവരുടെ ആത്മാക്കൾ അലഞ്ഞു തിരിയുന്നുണ്ടാകും.
ഇന്ന് നാനാജാതി മതസ്ഥർ വന്ന് അവിടെ അയിത്തമാക്കുമ്പോൾ അവരുടെ ആത്മാക്കൾ നെടുവീർപ്പിടുകയല്ലാതെ എന്തു ചെയ്യാൻ പറ്റും.
കാണികൾക്ക് കാണാൻ വേണ്ടി പെരുമ്പാവൂർ നഗരസഭ ടൂറിസം കേന്ദ്രമാക്കിയിരിക്കുന്നു.


ജന്മിമാരായ നാഗഞ്ചേരി മനക്കാരുടെ രാജവാഴ്ചയായിരുന്നു . പരമ്പരാഗതമായ വാസ്തു ശൈലിയിൽ അതിവിപുലമായ മരപ്പണികളും കൊത്തുപണികളും ഉള്ളതാണ്. നടുമുറ്റവും വളരെയധികം ചെറിയ മുറികളും, കൂറ്റൻ തൂണുകളും കൊണ്ട് നിർമ്മിതമാണ് ഈമന .തേക്ക്, റോസ് വുഡ്മരം കൊണ്ടു നിർമ്മിച്ച ജനാലകളും, വാതിലുകളും, അടുക്കളയോട് ചേർന്ന് കുളവും, കിണറും കാണാം. അകത്തളം നിറയെ വലിയ പാത്രങ്ങൾ, ശില്പങ്ങൾ, മനുഷ്യൻ്റെ അത്രയും വലിപ്പമുള്ള ശില്പം, കൂടാതെ നക്ഷത്ര വനത്തിലെ വിവിധയിനം പക്ഷികൾ കാണേണ്ട കാഴ്ച തന്നെ!
ഇത്രയും സമ്പന്നതയിൽ ജീവിച്ച നമ്പൂതിരിയുടെ അവസാന നാളുകൾ വളരെ ദയനീയമായിരുന്നു. കിരീടംവച്ചു നടന്ന രാജാവ് തൊപ്പിപ്പാള വച്ചതു പോലെയായി.മൂന്നര സെൻ്റിൽ ഒരു കൊച്ചു വീട്ടിൽ ആയിരുന്നു അവസാന നാളുകളിലെ താമസം. കുബേരനായി പിറന്ന് അവസാനം കുചേലനായി ചെറിയ വീട്ടിൽ തന്നെ കിടന്നു മരണപ്പെട്ടു. ദയനീയമായ അന്ത്യം മനുഷ്യന്മാരുടെ ഒരു അവസ്ഥകളേ …നമ്മൾ എന്തു കണ്ടഹങ്കരിച്ചിട്ടും ഒരു കാര്യവുമില്ല. എല്ലാവരുടേയും ചോരയുടെ നിറം ഒന്നാണ്.


പണ്ടൊക്കെ നാഗഞ്ചേരി മന എന്നു കേൾക്കുമ്പോൾ തന്നെ പേടിയായിരുന്നു.ഇരിങ്ങോൾ കാവ് കാണാൻ പോകണമെന്നുണ്ടായിരുന്നെങ്കിലും പാമ്പിൻ്റെയും കുരങ്ങന്മാരു ടേയും ശല്യം കുടുതലായിരുന്നു. എന്തു കൈയ്യിലുണ്ടെങ്കിലും അവർക്ക് ഉള്ളതാണെന്നുള്ള തോന്നലിൽ തട്ടിപ്പറിച്ച് കൊണ്ടു പോകുമെന്നും, നമ്പൂതിരിമാർ താഴ്ന്ന ജാതിക്കാരെ അങ്ങോട്ടടുപ്പിക്കില്ല എന്നും
പറഞ്ഞു കേട്ടിട്ടുണ്ട്. അതു കൊണ്ട് പെരുമ്പാവൂർ വച്ചുതന്നെ ആ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.പിന്നെ വർഷങ്ങൾക്കു ശേഷമാണ് ഇരിങ്ങോൾക്കാവ് കാണാനുള്ള ഭാഗ്യ മുണ്ടായത്.


ഒരു ദിവസം മുഴുവനും എല്ലാം മറന്ന് ഇരിങ്ങോൾ വനത്തിലൂടെ നടന്ന് മരച്ചില്ലകളുടെ ഊഞ്ഞാലാട്ടവും ,കിളിക്കൊഞ്ചലും കണ്ട് കുളിരുകോരുന്ന അന്തരീക്ഷത്തിലൂടെ നടന്നു പോകാം.

സതി സുധാകരൻ പൊന്നുരുന്നി

By ivayana