1924 നവംബർ 14-ന്‌ മാവേലിക്കര താലൂക്കിലെ കുന്നം കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞു നൈനാൻ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ്‌ പാറപ്പുറത്ത് എന്ന കെ.ഇ. മത്തായി ജനിച്ചത്. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.

1944-ൽ 19-ആം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. പട്ടാള ക്യാമ്പിലെ കലാപരിപാടികളിൽ നാടകങ്ങൾ എഴുതിയാണ് സാഹിത്യ രംഗത്തേക്ക് കടന്നു വന്നത് .പട്ടാളത്തിൽ ജോലികൾക്കിടയിൽ തന്നെ
പ്രകാശധാര ,ഒരമ്മയും മൂന്നു പെൺമക്കളും,കുരുക്കൻ കീവറീത് മരിച്ചു,ആ പൂമൊട്ടു വിരിഞ്ഞില്ല,
തോക്കും തൂലികയും,ദിനാന്ത്യക്കുറിപ്പുകൾ
ജീവിതത്തിന്റെ ആൽബത്തിൽനിന്ന് ,
നാലാൾ നാലുവഴി തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും ,നിണമണിഞ്ഞ കാല്പാടുകൾ,അന്വേഷിച്ചു; കണ്ടെത്തിയില്ല,
ആദ്യകിരണങ്ങൾ,മകനേ നിനക്കുവേണ്ടി,
പണിതീരാത്ത വീട്,ഓമന തുടങ്ങിയ നോവലുകളും പുറത്തിറക്കി .പിന്നീട് ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ മടങ്ങിയെത്തിയ അദ്ദേഹം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പിന്നീട്
സൂസന്ന ,തെരഞ്ഞെടുത്ത കഥകൾ ,
കൊച്ചേച്ചിയുടെ കല്യാണം,അളിയൻ,വഴിയറിയാതെ
കീഴടങ്ങൽ ,തേൻ വരിക്ക,
വെളിച്ചം കുറഞ്ഞ വഴികൾ,
ചന്ത,പ്രയാണം
നന്മയുടെ പൂക്കൾ,വഴിയമ്പലം
അച്ഛന്റെ കാമുകി,
ധർമ്മസങ്കടം ,അവസ്ഥാന്തരം,
മനസ്സുകൊണ്ട് ഒരു മടക്കയാത്ര,ആകാശത്തിലെ പറവകൾ
ഇവനെ ഞാൻ അറിയുന്നില്ല തുടങ്ങി
ദീപിക ആഴ്ചപ്പതിപ്പിന് വേണ്ടി എഴുതിത്തുടങ്ങിയ തുടർനോവലലായ “കാണാപ്പൊന്ന്”
പാറപ്പുറത്തിന്റെ ഇളയ മകൾ സംഗീതയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മരണാനാന്തരം മലയാളത്തിലെ പ്രശസ്ത നിരൂപകനും നാടക കൃത്തുമായിരുന്ന കെ. സുരേന്ദ്രനാണ് പൂർത്തീകരിച്ചത്.
” മരിക്കാത്ത ഓർമ്മകൾ” എന്ന പേരിൽ ഓർമ്മ കുറിപ്പും അദ്ദേഹത്തിന്റേതായുണ്ട് .അദ്ദേഹത്തിന്റെ മിക്ക നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.മലയാളത്തിലെ എടുത്തു പറയാവുന്ന

പത്തു നോവലുകളിൽ ഒന്നായ 1967 ൽ പുറത്തു വന്ന അദ്ദേഹത്തിന്റെ സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ കലാസൃഷ്‌ടിയായ “അരനാഴിക നേരം” മലയാളത്തിലെ
പട്ടാള കഥകളിൽ പ്രഥമ സ്ഥാനീയമായതുമാണ് .സി. പോൾ വർഗ്ഗീസ് Time to Die എന്ന പേരിൽ ഈ നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുമുണ്ട്.. മാത്രമല്ല ഈ നോവൽ ചലച്ചിത്രമായപ്പോൾ ഫാദർ വി. നാഗൽ രചിച്ച “സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്രചെയ്യുന്നു” എന്നുതുടങ്ങുന്ന ക്രൈസ്തവ പ്രാർത്ഥനാഗാനം അതിലുൾപ്പെടുത്തിയിട്ടുമുണ്ട് .പ്രമുഖ നിരൂപകൻ കെ.പി.അപ്പൻ പറഞ്ഞത് “കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ വിശ്വ സാഹിത്യ ത്തിനു ലഭിച്ച ഏറ്റവും മികച്ച നോവലാണു പാറപ്പുറത്തിന്റെ അരനാഴികനേരം.”എന്നാണ് .തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച “പണിതീരാത്ത വീട് “എന്ന നോവൽ

അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ ചലച്ചിത്രമായപ്പോൾ
ഭയാശങ്കയും ദുഃഖങ്ങളും അസംതൃപ്തിയും അനിശ്ചിതത്വവും വേട്ടയാടുന്ന മനുഷ്യ ജീവിതത്തെ പട്ടാളത്തിൽ ക്ലർക്കായി സ്വർഗ്ഗീയസുന്ദരമായ, കുമയൂൺ കുന്നുകളാൽ ചുറ്റപ്പെട്ട, നൈനിത്താളിലെത്തുന്ന ജോസ് ജേക്കബിന്റെ അനുഭവങ്ങളിലൂടെ
പറഞ്ഞു പോകുന്ന കഥ നിന്നിടവും വന്നിടവും എല്ലാം പ്രശ്ങ്ങൾ .മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് തീരുന്നുമില്ല പലപ്പോഴും എത്തിപ്പെടാൻ കഴിയുന്നുമില്ല എന്ന് പറയാതെ പറയുന്ന കഥ വർത്തമാന കാലത്തു പോലും ഏറെ പ്രസക്തമാണ്.

“പണിതിട്ടും പണിതിട്ടും പണി തീരാത്തൊരു പ്രപഞ്ച മന്ദിരമെ ” എന്ന് എഴുതിയ വയലാറിന്റെ ഗാനങ്ങൾ ഈ
ചിത്രത്തെ ഏറെ ഹൃദ്യമാക്കിട്ടുമുണ്ട്.മലയാള സാഹിത്യത്തിൽ പ്രശസ്തിക്കുവേണ്ടിയോ
അനുമോദനങ്ങൾക്കു വേണ്ടിയോ
ആരെയും സമീപിക്കാത്ത അപൂർവമായ വ്യക്തിത്വമായിരുന്നു
അദ്ദേഹം .അതുകൊണ്ടാണ് ചെറുകഥ, നോവൽ എന്നീ വിഭാഗങ്ങളിൽ രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ മാത്രം അദ്ദേഹം ഒതുങ്ങിയത്. എന്നാൽ അദ്ദേഹം
ബാക്കി വെച്ച കഥകൾ വായിച്ചു കൊണ്ടേയിരിക്കുന്നു .ചലച്ചിത്രങ്ങൾ
കണ്ടു കൊണ്ടേയിരിക്കുന്നു. 1981 ഡിസംബർ 30-ന് കഥാവശേഷനായ അദ്ദേഹത്തെ മുഖ്യധാരാ മാധ്യമങ്ങളോ സാഹിത്യ
കൂട്ടായ്മകളോ കൃത്യമായി ഓർമിക്കാൻ
സമയം കണ്ടത്താറില്ല എന്നത് ദുഖകരമായ സത്യമാണ്.

“പോരൂ എന്റെ കൂടാരത്തിലേക്ക് പോരൂ… നീ ഇനിമേൽ എന്നോടൊപ്പം വസിക്കും. നീ ഇനിമേൽ എന്റെ ജനത്തിൽ ഒരുവൻ. ഞാൻ നിന്റെ കണ്ണീരെല്ലാം തുടച്ചുകളയും. ദുഃഖവും കഷ്ടതയും ഇനി നിനക്കുണ്ടാവുകയില്ല.”

അഫ്സൽ ബഷീർ

By ivayana