അവലോകനം : ഷീന വർഗീസ് ✍

May 14 ന് fb കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടാരുന്നു. മക്കൾ അമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന ധാരാളം ചിത്രങ്ങൾ, അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ, കഥകൾ, കവിതകൾ എന്നു വേണ്ട social media അമ്മസ്നേഹത്തിൽ നിറഞ്ഞിരുന്നു. നമ്മുടെ നാട്ടിൽ മാതൃദിനം / പിതൃദിനം ഇങ്ങനെ ആഘോഷിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു.അതുകൊണ്ടാവണം ഇങ്ങനെയൊരു ദിനത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യം പലരിൽ നിന്നും ഉണ്ടാകുന്നത്.ശരിക്കും ഈ ദിനങ്ങൾ ഇങ്ങനെ ആഘോഷിക്കേണ്ടതുണ്ടോ?

അതൊക്കെ പാശ്ചാത്യ സമൂഹത്തിന് പറഞ്ഞിട്ടുള്ള കാര്യമല്ലേ? നമ്മുടെ സംസ്‍കാരം അനുസരിച്ച് നമ്മുടെ മാതാപിതാക്കൾ നമുക്കൊപ്പമുണ്ടല്ലോ..പിന്നെ എന്തിനാണ് അവർക്കായി ഒരു പ്രത്യേക ദിവസം?
നമുക്ക് നമ്മുടെ അപ്പനോടും അമ്മയോടും സ്നേഹമുള്ളതു കൊണ്ടാണല്ലോ പ്രായമാകുമ്പോ അവരെ നമുക്കൊപ്പം താമസിപ്പിച്ച് അവരുടെ കാര്യങ്ങളൊക്ക നോക്കുന്നത്. അതിപ്പോ ഒരു പ്രത്യേക ദിവസം നോക്കി അവരോട് പറയേണ്ട കാര്യമുണ്ടോ..


ഉണ്ട് !!
തന്റെ രക്തവും മാംസവും പകുത്തു നൽകി പ്രാണൻ പിടയുന്ന വേദനയോടെ നമുക്കീ സുന്ദരമായ ജീവിതം സമ്മാനിച്ച അമ്മയെ എത്ര ചേർത്ത് പിടിച്ചാലാണ് പകരമാകുക? ജീവിതത്തിന് കരുത്തായി നിലനിന്ന അച്ഛന്റെ വാർധക്യത്തിൽ ഞാനുണ്ട് കൂടെ എന്നൊന്ന് പറയുവാൻ മക്കൾക്ക് കഴിയുന്നുണ്ടോ ? ഓരോ നിമിഷവും നമ്മൾ അവരിലൂടെയാണ് ജീവിക്കുന്നത്. എന്നിട്ടും നമ്മളിൽ എത്ര പേർ 15 വയസ്സിനു ശേഷം അവരെയൊന്ന് കെട്ടിപ്പിടിച്ചിട്ടുണ്ട് ? സ്നേഹത്തോടെ അമ്മയ്ക്ക് ഒരുമ്മ കൊടുത്തിട്ടുണ്ട്? അമ്മയെ എനിക്കൊരുപാട് ഇഷ്ടമാണ് ന്ന് പറഞ്ഞിട്ടുണ്ടോ ?

കുറച്ചു സമയം അവരുടെ അടുത്തിരുന്ന് കേൾക്കാറുണ്ടോ?അവരൊന്നിച്ച് വെറുതെ ഒന്ന് പുറത്തു പോയിട്ട് എത്ര കാലമായി? മരുന്നും എണ്ണയും വസ്ത്രവും ഭക്ഷണവും അല്ലാതെ ഒരു കുഞ്ഞു സമ്മാനം വാങ്ങി കൊടുത്തിട്ട് എത്ര നാളായി? ഒപ്പമിരുന്ന് ഭക്ഷണം വിളമ്പിക്കൊടുത്ത് കഴിച്ചിട്ടെത്ര നാൾ?


അമ്മയ്ക്ക് എന്തേലും സങ്കടമുണ്ടോന്ന് ചോദിച്ചുട്ടുണ്ടോ? അവർക്ക് എവിടെയെങ്കിലും പോകാനോ, ആരെയെങ്കിലും കാണാനോ ആഗ്രഹമുണ്ടോന്ന് തിരക്കാറുണ്ടോ?ചോദ്യങ്ങൾ ഇനിയുമുണ്ട്.. ഒരു നിമിഷം ചിന്തിച്ചു നോക്ക്.ഇങ്ങനെയുള്ള അനേകം ചോദ്യങ്ങൾ നിങ്ങൾക്ക് നിങ്ങളോടു തന്നെ ചോദിക്കാൻ സാധിക്കും.തിരക്കുകളിൽ പലപ്പോഴും നാം മറന്നു പോകുന്നത് നമ്മുടെ മാതാപിതാക്കളെയാണ് . കാരണം മറന്നാലും അവഗണിച്ചാലും പരാതി പറയാതെ നമ്മളെ കാത്തിരിക്കുന്നത് അമ്മയുമച്ഛനുമാണ് . അവർ മാത്രമാണ്. വീട്ടിലെ ഒരു മുറിയിൽ തൊലി ചുളിഞ്ഞ്, കാഴ്ച കുറഞ്ഞ്, ബലം ക്ഷയിച്ചു കൂനിക്കിടക്കുന്ന ആ രൂപമില്ലേ…

അവരിങ്ങനെ ആയിരുന്നില്ല. നിനക്കു വേണ്ടി ഓടിത്തളർന്നതാ. നിനക്ക് ഒന്നിനും മുട്ട് വരാതിരിക്കാൻ സ്വന്തം സുഖം മറന്നുപോയവർ. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ നമുക്ക് ഒന്നിനും നേരമില്ല. നേരമുണ്ടായി തിരിഞ്ഞു നോക്കുമ്പോഴേക്ക് ആ കട്ടിൽ ഒഴിഞ്ഞിരിക്കും. ഇവിടെയാണ് ഈ ദിനങ്ങളൊക്കെ ആഘോഷിക്കപ്പെടേണ്ടതാണ് എന്ന് ഞാൻ പറഞ്ഞതിന്റെ പ്രസക്തി. ദൂരത്തും ചാരത്തുമുള്ള മക്കൾ ഒരു ദിവസം തനിക്കായി ഒന്നിച്ചു കൂടുന്നതും,സ്നേഹസമ്മാനങ്ങൾ നൽകുന്നതുമൊക്കെ ഏതൊരമ്മയ്ക്കും അച്ഛനും സന്തോഷമാണ്.

മാതൃത്വം ആദരിക്കപ്പെടുമ്പോൾ മാതാവിന്റെ ത്യാഗങ്ങളും ആദരിക്കപ്പെടുകയാണ്. മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളിയ മക്കൾക്കും, അവർ ബാധ്യതയാണ് എന്ന് ചിന്തിച്ച് ജീവിക്കുന്നവർക്കും ഒക്കെ പുനർചിന്തയ്ക്കുള്ള ദിവസം കൂടിയാകുമിത്. ലോകം മുഴുവൻ തങ്ങളുടെ മാതാപിതാക്കളെ ആദരിക്കുമ്പോൾ ചെയ്ത തെറ്റിന് ചില മക്കളെങ്കിലും പ്രായശ്ചിത്തം ചെയ്യാതിരിക്കുമോ? ലോകത്തിന്റെ ഏതു കോണിൽ പോയാലും കാലമെത്ര കഴിഞ്ഞാലും നമ്മുടെയൊരു കാലൊച്ച കാത്തിരിക്കുന്ന നിത്യസ്നേഹമാണ് അമ്മ. ഇല്ലാതായി കഴിയുമ്പോൾ വല്ലാത്ത അനാഥത്വമാണ് ട്ടോ… പറഞ്ഞേക്കാം. അമ്മയെ സ്നേഹിക്കാനല്ല മാതൃദിനം, മാതൃത്വത്തെ ആദരിക്കാനാണ്. അതു തന്നെയാണ് പിതൃദിനത്തിന്റെയും ഉദ്ദേശം.


എന്റെ മക്കൾ എന്നെയും ഞാൻ അവരെയും സ്‌നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്, എങ്കിലും ഈ ദിവസം അവർ എനിക്ക് വേണ്ടി മാറ്റി വയ്ക്കുമ്പോൾ,ചെറിയ സമ്മാനങ്ങളുമായി വാതിലിൽ മുട്ടുമ്പോൾ എന്റെ മനസ്സ് നിറയും. ഭൂരിപക്ഷം അമ്മമാരും/ അപ്പന്മാരും അങ്ങനെയാ..സ്നേഹം ഉള്ളിൽ വയ്ക്കുമ്പോഴല്ല അത് പ്രകടമാക്കുമ്പോഴാണ് അതിന് പ്രകാശമുണ്ടാകുന്നത്🥰

ഷീന വർഗീസ്

By ivayana