രചന : പട്ടം ശ്രീദേവിനായർ✍

കന്യാകുമാരിയില്‍ പോയപ്പോള്‍ അവിടെ കണ്ട,
കടല്‍ ഞാന്‍ മോഷ്ടിച്ചു കൊണ്ടുപോന്നു.
കടല്‍ എവിടെ സൂക്ഷിക്കും?
ഒരു കൂട്ടുകാരി ചോദിച്ചു?
എന്തു തരം കടലാണിത്?
സങ്കടത്തിന്റെ, പകയുടെ,രതിയുടെ?
ഞാന്‍ പറഞ്ഞു എന്റെ കടല്‍,
ഞാനെന്ന പെണ്ണിന്റെ കടല്‍.!
പെണ്ണിനെ വീട്ടിനുള്ളില്‍ സൂക്ഷിക്കാനൊക്കുമോ?
അവള്‍ വീണ്ടും ചോദിക്കുകയാണ്.
വീട്ടിലെ പെണ്ണ്‌ ഭാഗികമാണ്‌,
മുഴുവന്‍ പെണ്ണ്‌ മറ്റെവിടെയോയാണ്‌.
ഞാന്‍ കണ്ട മുഴുവന്‍ പെണ്ണിനെയാണ്‌ കൂടെ കൊണ്ടുവന്നത്.
അത് കടലായിപ്പോയി എന്ന് മാത്രം!!
കിടപ്പുമുറിയിലോ, പൂജാമുറിയിലോ, മച്ചിലോ,
വരാന്തയിലോ, മനസ്സിലോ, ഒതുങ്ങാത്ത
ഈ പെണ്‍കടല്‍ ഇനിയെന്തുചെയ്യും ?
ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാം!

പട്ടം ശ്രീദേവിനായർ

By ivayana