രചന : സന്തോഷ് കുമാർ✍

മേഘനാദം നിലച്ചു ജലധരം മടങ്ങി
നിലത്തെങ്ങും ജലകണം ബാക്കിയായി
തൂക്കണാംക്കുരുവികൾ കൂടുവിട്ടിറങ്ങി
ഓടിട്ട മച്ചിൽ കലമ്പിച്ചിരുന്നു
എങ്ങും ഹരിദ്രാഭ നിറഞ്ഞൊഴുകി
ആർദ്രമാം നിമിഷങ്ങൾ വന്നണഞ്ഞു
ചെറു തൂവൽ കണക്കേ മനമുയർന്നു
നമ്മിലെ മൗനം അലിഞ്ഞുപോയി
സ്‌മൃതിയിൽ നിന്നുണരുക കാമിനി
മുഖപദ്മം പതിയെ ഉയർത്തുക
കണ്ണുകളിൽ തിളങ്ങും ഘനസാരം
ചുണ്ടുകളിൽ നിറയും അരുണാഭം
ശ്വേതഗളത്തിൽ സിരകൾ തുടിക്കുന്നു
ഉള്ളിൽനിന്നുമുയരുന്നു നിശ്വാസം
അറിയുന്നു നിൻ നിറസാന്നിധ്യം
വേപഥുപൂണ്ടൊരു മനസ്സുണ്ടെനിക്ക്
വ്യഥയാൽ ഉഴറിയ നോവുണ്ടെന്നിൽ
എന്നെയാരും ഇതുവരെ കേട്ടതില്ല
എന്നെയാരും അറിഞ്ഞുമില്ല
ഇനിയെൻ പ്രതീക്ഷകൾ നിന്നിൽമാത്രം
മമ മൊഴിയും മുളം തണ്ടിൻ ഗീതവും
ശ്രവിക്കാൻ കാതുകളെ ഒരുക്ക നീ
നിന്നിലെ നന്മയാൽ എൻ മനം നനയട്ടെ
നിന്നുടെ കൃപയാൽ എൻ ഉള്ളം നിറയട്ടെ.

സന്തോഷ് കുമാർ

By ivayana