രചന : ഹരികുമാർ കെ പി✍

താമരപ്പൊയ്കയിൽ താരാട്ടു പാടുന്ന
താരിളംതെന്നലേ ചൊല്ലുമോ നീ
പുലരിതൻ പൂഞ്ചേല ചുറ്റിയ പ്രകൃതിയിൽ
പ്രണയം മൊഴിഞ്ഞുവോ സൂര്യനോടായ്
നിൻ ചേല് കണ്ടെന്റെ മാനസം പുൽകുന്ന
മധുരമാം ഗതികളിൻ സ്വരഗീതികൾ
പൂമഞ്ചമായി നീ കാത്തിരിക്കുന്നുവോ
വിടരുന്ന ചിരിയിൽ മധുവുമായി
മോഹം വിടരുന്ന സ്വപ്നവുമായി നീ
കണ്ണുനീർ പൊയ്കയും കഥകളുമായ്
വരുമെന്ന് ചൊല്ലി മറഞ്ഞ നിൻ കാമുകൻ
ഇനിയും വസന്തമായ് വന്നീടുമോ
കൂമ്പിയണഞ്ഞനിൻകണ്ണുകൾ കണ്ടു ഞാൻ
മനസ്സിന്നഴലുകൾ വിങ്ങുന്നുവോ
നിന്നെ കൊതിക്കുന്ന ദേവീപദങ്ങളിൽ
ഒരു ഹർഷധാരയായ് മാറീടുമോ
കമലപത്രങ്ങളിൽ സദ്യവട്ടം തീർത്ത
കരളിന്റെ കാമുകൻ മിഴി പൂട്ടിയോ
കദനമില്ലാത്ത നിൻ മനസ്സിലുണരുവാൻ
നിമിഷങ്ങൾ നോക്കിയിരിക്കയാണോ
നിൻ ഗന്ധമെന്നിൽ ഉറക്കുപാട്ടായ്
ഒരു ഉന്മാദപർവ്വം ഉണർത്തിടുമോ
മൂളുന്ന വണ്ടുകൾ സുരതം പകർന്ന നിൻ
മദനരേണുക്കൾ കൊഴിഞ്ഞു പോയോ
പൊള്ളുന്ന വേനലിൽ പൊറുതിയുണ്ടോ
നിന്റെ മന്ദസ്മിതങ്ങളിൽ മൗനമുണ്ടോ
നിന്നിതൾചുംബനം കൊണ്ടു മയങ്ങുവാൻ
ഇനിയെത്ര സന്ധ്യകൾ തിരികെ എത്തും

ഹരികുമാർ കെ പി

By ivayana