രചന : സഫൂ വയനാട്✍

നീയോർമ്മകളുടെ ഗന്ധം
പേറി എന്നുള്ളം ശംസിനോളം
ജ്വലിക്കുന്നുണ്ട് റൂഹേ..
പ്രാണനെപോലുമത്രമേൽ
പൊള്ളിക്കുവാൻ പാകത്തിന്
ഹുബ്ബിൻ പരിമളം ഖൽബിൽ
പടർത്തിവെക്കുവാൻ വെമ്പുന്ന
നിന്റെ നിസ്സഹായതയുടെ
ചുടുകാറ്റേറ്റ് ഞാൻ വിയർത്തൊഴുകുന്നുണ്ട്.
സുറുമക്കണ്ണീർ ഒലിച്ചിറങ്ങിയ
മുസല്ലയുടെ വെള്ളി നൂലുകളിൽ
അനശ്വരപ്രണയംകൊതിപൂണ്ടവളുടെ
ശ്വാസതപം പടർന്നിറങ്ങുന്നുണ്ട് ..
ഖൽബിൻ മണിയറ തള്ളിതുറന്ന്
നീചാർത്തിതന്ന മഹർ
പത്തരമാറ്റ് മൊഞ്ചോട്കൂടി
നിനവുകളുടെ നിലക്കാത്ത
അത്തർപ്രവഹത്തിലിന്ന്
പതിവിലും വീർത്തു തൊടങ്ങീട്ടുണ്ട്.
ഫിർദൗസിന്റെ അറ്റത്ത്
കാത്തിരിക്കാമെന്ന ഒസ്യത്തിന്റെ
അവസാന താളിലെ മുദ്രയായ്
നീയെന്നുമെന്നുള്ളിലെ മഷിയവാറുണ്ട്.
ഈ ദുനിയാവിന്റെയറ്റത്ത്
മൈലാഞ്ചി ചോപ്പിൽ എൻ
ഖബ്റുയരും മുൻപ് ഇന്നും
ഇറ്റിറ്റ് വീഴുന്ന ന്റെ ആളുടെ
ഹുബ്ബിന്റെ പച്ചപ്പ് പേറുന്ന
ജബലുന്നൂറിന്റെ ഗന്ധം
നുകർന്ന് എന്റെ മുഹബ്ബത്തിന്റെ
നനവ് പറ്റിയ തസ്ബീഹിൻ
മുത്തുകളാൽ ഒരിക്കൽ
ഞാൻ നിന്നെ മൂടും തീർച്ച..
ഖനീഭവിച്ച നിന്റെ ദുഖങ്ങളും
പ്രതിസന്ധികളും തുടച്ചുമാറ്റുവാനായി
ഓരോ പകലിരവുകളിലെ
പ്രാർത്ഥനാ മന്ത്രങ്ങൾ
കണ്ണീർക്കണങ്ങളിൽ മുക്കി
ഞാൻ കോർത്തെടുത്ത
തസ്ബീഹിൻ മുത്തുകൾ!
ഉടലോട്ചേർന്ന കഫൻ പുടവയിൽ
പിരിശത്തിന്റെ പരിമളം കുടഞ്ഞു
ജന്നാത്തിലേക്കെന്ന് പറഞ്ഞുവച്ച
നമ്മുടെ കിനാക്കളുടെ പറുദീസകൾ
പങ്കുവെക്കുവാൻ അർവാഹുകളുടെ
ലോകത്ത് നാം ഒരുമിക്കും തീർച്ച….
കാലവും കാലാതീതവുമായ
കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കാൻ
കാരുണ്ണ്യക്കടലായവന്
നിശ്ചയമായും കഴിവുണ്ട്
എന്നിരിക്കെ സിദ്റത്തുൽ
മുന്ദഹായുടെ തണലിൽ
നാമൊരിക്കൽകൂടി ഒരുമിക്കും റൂഹേ……

By ivayana