രചന : വാസുദേവൻ. കെ. വി ✍

പുതുക്കിയ പാർലിമെന്റ് മന്ദിരം തുറന്നുകൊടുക്കുമ്പോൾ രാഷ്‌ട്രപതിയെ ക്ഷണിച്ചിച്ചെല്ലെന്നാണ് ജനാധിപത്യ സംരക്ഷകരുടെ പരാതി.
കാരണംചികയലിൽ പെണ്ണ്, ദളിത, വിധവ എന്നൊക്കെ കൊണ്ടാവാം എന്ന കണ്ടെത്തലുകളും.


രാജ്യത്തെ പരമോന്നത വേദി തുറന്നുകിട്ടുമ്പോൾ പ്രതിഷേധിച്ചു ബഹളം കൂട്ടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.
നേട്ടങ്ങൾ എല്ലാം പ്രസ്ഥാനത്തിന് അനുകൂലമാക്കാൻ എന്നും സംഘടനകൾ.
കണക്കിൽപ്പെടുത്താൻ ആവാതെ പോകുന്ന പണത്തിന്റെ കുത്തൊഴുക്ക് കുറ്റികുത്തിക്കളി പ്രീമിയർ ലീഗ്.


കളിക്കാർക്ക് ന്യായമായ വേതനം നൽകാതെ കളി വിറ്റ് കാശാക്കി ധൂർത്തടിക്കുന്ന കൺട്രോൾ ബോർഡ്‌ മേലാളന്മാർ. 2007 ലോകകപ്പ് വിജയം നേടിയ ദേശീയ ടീമിൽ വേതനത്തിന്റെ പേരിൽ മുറിമുറിപ്പുകൾ.
ആദ്യ ലോകകപ്പ് നേടിയ നായകൻ കപിൽദേവ് അന്ന് ക്രിക്കറ്റ് അക്കാദമി ചെയർമാൻ. കളിക്കാരുടെ വേദന അനുഭവിച്ചറിഞ്ഞവൻ. ലോകകപ്പിൽ പങ്കെടുക്കേണ്ട ടീമിന് നാമമാത്ര തുക നൽകി സർക്കാർ. കപിലും, ചേതൻ ശർമ്മയും, റോജർ ബിന്നിയുമൊക്കെ അന്ന് മെട്രോ നഗര വേദികളിൽ ഗാനമേള നടത്തി ഫണ്ട് സ്വരൂപിച്ച് ഷൂസും, പാഡും, അബ്ദുൻ ഗാർഡുമൊക്കെ വാങ്ങിക്കൂട്ടിയത് ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രം.
കപിൽദേവ് തീരുമാനിച്ചു ലോകകപ്പുമായെത്തിയ ടീം അംഗങ്ങൾക്ക് ഭേദപ്പെട്ട വരുമാനം നൽകാൻ ഒരു പദ്ധതി.

അങ്ങനെ 2007 ൽ സീ ടീവീ എന്റർടൈൻമെന്റുമായി സഹകരിച്ച് ഇന്ത്യൻ ക്രിക്കറ്റ്‌ ലീഗ് പിറന്നു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, വേൾഡ് Xl തുടങ്ങിയ രാജ്യാന്തര ടീമുകൾ മാറ്റുരിച്ചു.
ഒപ്പം ഒമ്പത് സിറ്റി ടീമുകളും. ചണ്ഡിഗഡ് താവൂ ദേവീലാൽ സ്റ്റേഡിയത്തിൽ അരങ്ങേരിയ കളികൾ കാണാൻ കളിയാരാധകർ പാഞ്ഞെത്തി. 2007 ൽ ചെന്നൈ സുപ്പർ സ്റ്റാർസ്, 2008 ൽ ഹൈദരാബാദ് ഹീറോസ്, 2009 ൽ ലഹോർ ബാദ്ഷാസ് ടീമുകൾ വിജയികളായി.


സമാന്തര സംഘടനാ വിജയം കണ്ട് നമ്മുടെ ക്രിക്കറ്റ് തലതൊട്ടപ്പന്മാർക്ക് ഹാലിളകി. കീശ നിറഞ്ഞ കളിക്കാർക്ക്‌ ദേശീയ ടീമിൽ താല്പര്യം കുറയുന്നു എന്ന തിരിച്ചറിവ് അവരെ അസ്വസ്ഥരാക്കി. അവർ വാളെടുത്തു. ക്രിക്കറ്റ് അക്സദമി തലപ്പത്തു നിന്നും കപിൽദേവിനെ രാജി വെപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ലീഗിന് അയിത്തം കൽപ്പിച്ചു. കിരൺമോറെയെ ഒതുക്കി. ഇന്ന് ഫൈനലിൽ ചെന്നേക്ക് വേണ്ടി കളിക്കുന്ന അമ്പാട്ടി റായ്ഡു അടക്കം സകല കളിക്കാർക്കും ബോർഡ്‌ ചുവപ്പ് കാർഡ് നൽകി. മൂന്നാം കൊല്ലം ഇന്ത്യൻ ക്രിക്കറ്റ്‌ ലീഗിന് ചരമക്കുറിപ്പ് നൽകി ആഹ്ലാദിച്ചു.


തീർന്നില്ല ലോകോത്തര തിരുടൻ ലളിത് മോഡി ലീഗിന്റെ മറ്റൊരു പതിപ്പുമായി രംഗത്തെത്തി. രാഷ്ട്രീയ നേതൃത്വങ്ങളെ വരുതിയിലാക്കി ഇന്നത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമിട്ടു. അഴിമതിയും, കള്ളപ്പണകുത്തൊഴുക്കും ചൂണ്ടിക്കാട്ടി ചെന്നെ അടക്കം നിരവധി ടീമുകൾക്ക്‌ നിരോധനം. കേരളത്തിന്റ സ്വന്തം ടീമും അങ്ങനെ കളിക്കാലത്തിനു പുറത്തായത് ഐ പി എൽ ചരിത്രം.


ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ അംഗീകാരത്തോടെ ലോകത്തിലെ ഏറ്റവും മികച്ച ആറാമത്തെ ക്രിക്കറ്റ് മാമാങ്കം ഇന്ന് ഐ പി എൽ.
നേതാക്കൾക്ക് ഇരുപത് കോടിയിലേറെ സമ്മാനം. ലോകത്തിലെ മുഴുവൻ ക്രിക്കറ്റ് ബോർഡുകളെയും ഇന്നലെ നിശ്ചയിച്ച ഫൈനൽ മത്സരം കാണാൻ ക്ഷണിച്ച നമ്മൾ മനഃപൂർവ്വം പാകിസ്ഥാൻ ബോർഡിനെ ക്ഷണിച്ചില്ല. പണ്ടെന്നോ നടന്ന ദേശവിരുദ്ധ ക്രമിനലുകളുടെ പാക്ക് പൗരത്വം ഉയർത്തിക്കാട്ടികൊണ്ട്.. 1947 ആഗസ്ത് മദ്ധ്യം വരെ ഒരേ വംശജർ, സഹോദരീ സഹോദരന്മാർ. അതൊക്കെ ഓർക്കാനുള്ള മനസ്സ്!!!


ജാലിയൻവാല ബാഗിൽ ഇന്ത്യൻ ജനതയെ നിഷ്കരുണം ചുട്ടു തള്ളിയവർക്ക് ക്ഷണമുണ്ട്. ഡച്ചു കിരാത അധിനിവേശം, കൊള്ളയടി മറന്ന് അവർക്കുമുണ്ട് ക്ഷണക്കത്ത്.
പ്രകൃതി പൊറുക്കില്ല ചില തെമ്മാടിത്തരങ്ങൾ. കോടികളുടെ നഷ്ടം തീർത്ത് അഹമ്മദ്ബാദിൽ മഴ പെയ്തിറങ്ങി ഫൈനൽ നടക്കാതെ മാറ്റിവെക്കപ്പെട്ടു. ഇന്നത്തെ ഫൈനലിൽ അനുഭവസമ്പത്തുള്ള നായകന്റെ ടീമും, പുതു തലമുറ ക്യാപ്റ്റന്റെ ടീമും മറ്റുരക്കും. കാത്തിരുന്നു കാണാം വിളയാട്ടങ്ങൾ.

വാസുദേവൻ. കെ. വി

By ivayana