രചന : റോയ് കെ ഗോപാൽ ✍

ആത്മരോദനമാം
ഉയിര്‍വിളി കേള്‍ക്കാതെ
ആയുധം രാകി മിനുക്കിയത്,
നിന്‍റെ കഴുത്തറക്കുവാനായിരുന്നു.
എന്തെന്നാലെനിക്കു
ജീവിക്കുവാന്‍ നിന്‍റെയമറലല്ല
ഇറച്ചിയാണാവശ്യം.
ഞാനത് ,
നാളെയെന്‍ കടയിലിരുമ്പാണി
തുളച്ചു തൂക്കിയിടും.
നിനക്കറിയില്ലേ,
നിന്‍റെ ചുവന്നു തുടുത്ത
തുടകളിലുറഞ്ഞിരിക്കുന്നത്
എന്‍റെ ജീവിതമാണെന്ന്?
ഇനി ,
നീയല്ല കാളയാണെന്‍റെയിരയെങ്കില്‍
നിന്‍റെ തോലുരിഞ്ഞ തല വെച്ച്
ഞാനത് പോത്തിറച്ചിയാക്കിടും.
ഉത്സവങ്ങളില്‍,
അവധി ദിനങ്ങളില്‍,
ഹര്‍ത്താലുകളില്‍
ഭരണകൂടവിയോജിപ്പുകളില്‍
നിന്‍റെ കരച്ചില്‍ കേള്‍ക്കാതെ
ഞാനെന്‍റെ ജീവിതമാസ്വദിക്കും.
ഖദറിട്ട അഹിംസാവാദിയുടെ
മുഖാവരണം ധരിച്ചും
ബീഫ് ഫെസ്റ്റിവലുകളില്‍
മനുഷ്യത്വവാദിയായും
സവർണ്ണ ഹിന്ദു ഫാഷിസവും
വിളക്ക് തെളിക്കും
അവർണ്ണ ദളിത്
നിന്‍റെ കരച്ചില്‍ എനിക്ക് കേള്‍ക്കണം.
കാരണം ,
ഞാനൊരു ഇറച്ചി വെട്ടുകാരനാണ്.
എന്‍റെ കത്തിക്ക് മുന്‍പില്‍
നീയും കാളയും
ആടും പട്ടിയും ഒരുപോലെ!
എല്ലാ ഇറച്ചിയും ചുവന്നതാണെങ്കില്‍
ഞാനെന്തിനു പേടിക്കണം?
പുളിന്തടിയോടു പറഞ്ഞാല്‍ പോരെ?
അവനാണല്ലോനിന്നെ
കഷണങ്ങളാക്കുമ്പോള്‍
കൂടുതല്‍ നോവുന്നത് ….
■■■
പുള്ളിക്കണക്കൻ

റോയ് കെ ഗോപാൽ

By ivayana