രചന : കൃഷ്ണമോഹൻ കെ പി ✍

വിടർന്നിടുന്നുവോർമ്മതൻ വിലാസ ലാസ്യവീഥിയിൽ
വിചാരപുഷ്പ ധാരതൻ വിമലമായ തേൻകണം
കവിത്വമോലും വാക്കുകൾ കലർത്തി മെല്ലെയാ മധു
കരങ്ങളാൽ പകുത്തിടാം,കഠോര ജീവ യാത്രയിൽ
രവിക്കു മുന്നിൽ സാദരം നമിച്ചു നില്ക്കും തിങ്കളും
രസിച്ചു പുഞ്ചിരിക്കണം പദങ്ങളൊന്നു കാണുകിൽ
മനം കുളിർത്തു പോകണം മദാന്ധകാരം മാറണം
മനുഷ്യനുള്ളിനുള്ളിലുള്ള മഹത്വമൊന്നു കാണണം
ചിറകടിച്ചു പാറണം ഖഗങ്ങൾ പോലെ പാരിതിൽ
ചിനപ്പുകൾ മുളയ്ക്കണം തുടുത്ത ചിന്തയാകവേ
പടുത്വമോടെ സർവ്വരും പദങ്ങൾ വച്ചു നീങ്ങണം
എടുത്തുചാട്ടമൊന്നിനും മരുന്നതല്ല ഓർക്കണം
നിനച്ചിടാത്ത നേരമങ്ങടുക്കലെത്തും നിദ്രയെ
നിനച്ചു തന്നെ നീങ്ങണം സൗമ്യനായ് മരിക്കണം
പ്രചണ്ഡമായ ജീവിതത്തിൽ ദത്തമായ ഭാവുകം
പ്രയാസലേശമെന്യെയങ്ങു പ്രബുദ്ധരായി നേരണം🌹

കൃഷ്ണമോഹൻ കെ പി

By ivayana