രചന : കമർ മേലാറ്റൂർ✍

ആമിയെ ഓരോ വർഷവും ഞാൻ ഓർക്കാറുണ്ട്‌. ആമിയെ ഞാൻ കാണുന്നത്‌ 2002ലെ പൂന്താനം ദിനാഘോഷത്തിനാണ്‌; ആദ്യമായും അവസാനമായും.
അതിനു മുമ്പ്‌ എന്റെ കഥ, നീർമാതളം പൂത്ത കാലം, പുസ്തകങ്ങൾ വായിക്കേ ബാക്ക്‌കവറിലാണ്‌ ഞാൻ ആമിയെ കണ്ടത്‌.
ഒറ്റയ്ക്ക്‌ സാഹിത്യവേദികൾ സന്ദർശിക്കുകയെന്നത്‌ സന്തോഷമായിരുന്ന കാലമായിരുന്നു അതൊക്കെ. സ്വന്തം നാട്ടിൽ തന്നെ ആയത്‌ കൊണ്ട്‌ കഴിയുന്നത്ര പൂന്താനം ദിനാഘോഷങ്ങളിലെല്ലാം പങ്കെടുക്കാറുണ്ട്‌. അത്‌ സത്യത്തിൽ ഉത്സവം പോലെ തന്നെ ആയിരുന്നു.


2002 ലെ പൂന്താനം ദിനാഘോഷപരിപാടിയിൽ ഭക്‌തകവിയുടെ ജന്മഗൃഹത്തിലെത്തുന്നത്‌ ആരെയെല്ലാം കാണുമെന്ന് നോട്ടീസ്‌ നോക്കിയല്ലായിരുന്നു. പുസ്തകപ്രദർശനങ്ങൾ നടന്നു കണ്ടു. കുറച്ചൊക്കെ പുസ്തകങ്ങൾ വാങ്ങി.
ഏതാണ്ട്‌ സായാഹ്ന സമയത്താണ്‌ കണ്ണുകളിലേക്ക്‌ വിസ്‌മയത്തിന്റെ വലിയ കാഴ്ചയായി ഒരു അംബാസഡർ കാറിൽ സാക്ഷാൽ ആമി, കമലാസുരയ്യ വന്നിറങ്ങുന്നത്‌. ആഢംബരങ്ങളില്ലാതെ, തലയെടുപ്പില്ലാതെ, വാത്സല്യത്തിന്റെ വലിയൊരു സ്ത്രീരൂപമായി ആമി ഞങ്ങൾക്കിടയിൽ വേദിയുടെ വലിപ്പമില്ലാതെ ഏറെ നേരം ചിലവിട്ടു. ശേഷം വേദിയിൽ വളരെ ലളിതമായ പ്രഭാഷണം. കൂടെ കെ എൽ മോഹനവർമ്മ, സി രാധാകൃഷ്ണൻ, ഡോ. എം എം ബഷീർ.


സ്റ്റേജിൽ വെച്ച്‌ തന്നെ ആമിയടക്കം എല്ലാവരിൽ നിന്നും ഓട്ടോഗ്രാഫ്‌ വാങ്ങി ഞങ്ങൾ പൂന്താനം ഇല്ലത്തുവെച്ച്‌ പരിചയമായ രണ്ട്‌ ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. അഞ്ച്‌ പേരും നല്ല സന്തോഷത്തിലായിരുന്നെന്ന് ആമി ശ്രദ്ധിച്ചെന്ന് തോന്നി. അതിന്‌ കാരണമുണ്ടായിരുന്നു.
പ്രോഗ്രാം അവസാനിച്ചു. വേദി പിരിഞ്ഞു. ആമി കൂടെയുള്ള സുഹൃത്തായ ജർമ്മൻ യുവതിയുമൊത്ത്‌ ഭക്തകവിയുടെ ഇല്ലവും തന്റെ പ്രണയനായകൻ കൃഷ്ണന്റെ അമ്പലവും സന്ദർശ്ശിച്ച്‌ തിരികെ ആഘോഷവേദിയിലെത്തിയപ്പോഴും ഞങ്ങൾ അവിടെ നിൽക്കുന്നത്‌ കണ്ടു. മുറ്റത്ത്‌ ഒരു കസേരയിൽ ഇരുന്നശേഷം ആമി ഞങ്ങളെ അഞ്ചുപേരെയും കൈവീശി വിളിച്ചു. വല്ലാത്തൊരു അവസ്ഥയിൽ എനിക്ക്‌ ഹൃദയത്തള്ളിച്ചയനുഭവപ്പെട്ടു.


ആമി ഞങ്ങളുടെ പേരു നാടുമാരാഞ്ഞു. കൂടെയുള്ള ജർമ്മൻ യുവതിയെ പരിചയപ്പെടുത്തി. തന്റെ കഥകൾ ജർമ്മൻ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യാൻ വേണ്ടി വന്നതാണെന്നറിയിച്ചു.
പുന്നയൂർക്കുളത്തിന്റെ , നീർമാതളത്തിന്റെ കഥാസൗകുമാര്യത്തെ ഏറെ അടുത്തു കണ്ട മാസ്മരികതയിൽ അങ്ങനെ ഏറെ നേരം. വല്ലാത്തൊരു കൗതുകത്തിൽ ഞങ്ങൾ ആമിയോട്‌ ചേർന്നു നിന്നു; ആ മൃദുവായ കരങ്ങൾ സ്പർശിച്ചു. കഥകളും കവിതകളും പെയ്തുതീർത്ത ആ വിരലുകളെ തൊട്ട്‌ വിവരണാതീതമായ അനുഭൂതിയിലേക്ക്‌, ആമി ഇത്രത്തോളം ലാളിത്യം ചേർത്തുസൂക്ഷിച്ചിരുന്നോയെന്ന് കൂടെയുള്ള പെൺകുട്ടികൾ കണ്ണു നിറച്ചപ്പോൾ എന്റെ കണ്ണുകളും എന്തിനെന്നറിയാതെ സജലങ്ങളായി.
“എന്തിനാ കുട്ട്യോളേ , കണ്ണിങ്ങനെ നിറച്ച്‌.. വേണ്ടാ . കുട്ട്യോള്‌ കരയണത്‌ എനിക്ക്‌ കാണാൻ കഴിയില്ല… നിങ്ങളൊക്കെ കഥകളും കവിതകളും ഇഷ്ടപ്പെടണം. വായിക്കണം. ഭാവീല്‌ നന്നായി എഴുതണം… “


ആ പൂന്താനം ദിനം ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത വിധം അടയാളപ്പെടുമെന്ന് സത്യമായും അന്നത്തെ പ്രഭാതത്തിൽ പോലും ഞാൻ നിനച്ചിരുന്നില്ല. ആമിയുടെ ആ വാക്കുകൾ ഇപ്പോഴും കാതിലുണ്ട്‌.
പെൺപ്രണയാക്ഷരവിരാമത്തിന്‌ പതിനാല്‌ വർഷങ്ങൾ.
ആമീ , വർഷങ്ങൾ മാത്രമേ കാലത്തിനു വഴിമാറി അസ്തമിച്ചു പോകുന്നുള്ളൂ. ഓർമ്മകൾ എപ്പോഴും ഉദിക്കുക മാത്രമാണ്‌.
നന്ത്യാർവട്ടപ്പൂവ്‌ പോലെയാണ്‌ സ്‌നേഹിക്കപ്പെടുന്ന സ്ത്രീ.., അവളുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും..”
കമലാസുരയ്യ(ആമി)

കമർ മേലാറ്റൂർ

By ivayana