ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : വി.കെ.മുസ്തഫ,✍

ഉപ്പ മരിച്ചിട്ട് അധിക ദിവസമായിട്ടില്ല. അപ്രതീക്ഷിതമായി പിതാവ് നഷ്ടപ്പെട്ട മക്കൾ വേദനയോടെ ഇടയ്ക്കിടെ ഒത്തുചേരും.

അതിനിടയിൽ ഉപ്പയുടെ മണമുള്ള തറവാട്ടിൽ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം മൂത്ത മോൻ പ്രകടിപ്പിച്ചു. ഒപ്പം ഒറ്റ മോളായ നിൻ്റെ ഭാര്യയ്ക്ക് സ്വന്തമായി ഒരൂ ബംഗ്ലാവ് തന്നെയുള്ളപ്പോൾ നിനക്കെന്തിനാണ് ഈ പഴഞ്ചൻ വീട് എന്ന പരിഹാസവും. അത് അനിയന് പിടിച്ചില്ല.റോഡിനടുത്തുള്ള കണ്ണായ സ്ഥലം തനിക്ക് വേണമെന്നായി അവൻ.
അതൊരു വലിയ വാക്ക് തർക്കമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉപ്പയുടെ ചാരുകസേരയും നോക്കി ഓർമ്മകളിൽ ലയിച്ചിരുന്ന ഏക മകളുടെ ശബ്ദവും ഉയർന്നു. സ്വത്തൊക്കെ നിങ്ങൾ ആൺമക്കൾ പകുത്തെടുത്താൽ ഞാനെന്ത് ചെയ്യും? എൻ്റെ വീടിൻ്റെ പണി തുടങ്ങിയിട്ടേയുള്ളു. രണ്ട് പെൺമക്കളാണെങ്കിൽ മൽസരിച്ച് വളർന്ന് വരുന്നു.
അത് വരെ പരസ്പരം തർക്കിച്ച് കൊണ്ടിരുന്ന ആങ്ങളമാർ ഈറ്റപ്പുലികളായി അവളുടെ നേരെ ചാടി വീണു.
“ഉപ്പാൻ്റെ സ്വത്തിൽ കൂടുതൽ സ്ത്രീധനമായിട്ടും മറ്റും നിനക്കല്ലെ എഴുതി തന്നത്? ഇട്ട് മൂടാൻ മാത്രം പൊന്നും തന്നില്ലേ? വീണ്ടും കണക്ക് പറയാൻ നാണമില്ലേടീ?

വാദപ്രതിവാദത്തിൻ്റെ ഇടിയിലും മിന്നലിലും വീട് വിറച്ചു.
അകത്തിരുന്ന് ഉമ്മ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
ഉമ്മ മറയിലാണ്. നല്ല പാതി നഷ്ടമായ ഉമ്മ വെള്ള വസ്ത്രവും അണിഞ്ഞ് പുറത്തിറങ്ങാതെ തൻ്റെ സങ്കടങ്ങളൊതുക്കി മറയിലിരിക്കുകയാണ്.
ബഹളം കനത്തപ്പോൾ ഉമ്മ പതുക്കെ പാതി തുറന്നു വെച്ച ജാലക പാളികൾക്കിടയിലൂടെ പൂമുഖത്തേക്ക് നോക്കി. ഉമ്മയുടെ നെഞ്ചിടിപ്പുയർന്നു. കണ്ണീർ പേമാരിയായി പെയ്തിറങ്ങി. പക്ഷെ ഉമ്മയെ ആരും കാണുന്നുണ്ടായിരുന്നില്ല.

വി.കെ. മുസ്തഫ

By ivayana