രചന : സെഹ്റാൻ✍

സ്വപ്നങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം രണ്ട് തരത്തിലാണ്.
നിദ്രയുടെ ഗാഢതയിൽ സമ്മതമൊന്നും ചോദിക്കാതെ കടന്നുവരുന്നതാണൊന്ന്.
ഉണർവിൽ സമ്മതം ചോദിച്ചു കടന്നുവന്ന് സ്വപ്നത്തിന്റെയും, യാഥാർത്ഥ്യത്തിന്റെയും അതിർവരമ്പുകളെ മായ്ച്ചു കളയുന്നതാണ് രണ്ടാമത്തേത്.
ആദ്യത്തേത് മിഴികൾ പൂട്ടി കാണുമ്പോൾ രണ്ടാമത്തേത് തുറന്ന കണ്ണുകൾ കൊണ്ട് കാണുന്നു. രണ്ടിന്റെയും പൊതുവായ സ്വഭാവം എന്താണെന്ന് ചോദിച്ചാൽ അത് യുക്തികളെ അതിലംഘിച്ചു കൊണ്ട് വൈചിത്ര്യങ്ങളായ തലങ്ങളിലൂടെയുള്ള അവയുടെ സഞ്ചാരം തന്നെയാണ്.


അവയോടൊപ്പമുള്ള ബോധാവസ്ഥയിലോ, അബോധാവസ്ഥയിലോ ഉള്ള സഹയാത്ര ആദ്യഘട്ടത്തിൽ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുന്ന അനുഭവമായിരുന്നുവെങ്കിൽ ഇപ്പോൾ എന്തുകൊണ്ടോ അതിനോട് ഇണങ്ങിച്ചേരാൻ ശീലിച്ചിരിക്കുന്നു. മറന്നുപോയതും, മറവിയുടെ പിടിയിൽ പെടാതെ മാറിനിൽക്കുന്നതുമായ അനുഭവങ്ങൾ യുക്തിയുടേതായ എല്ലാ വസ്ത്രങ്ങളും ഊരിമാറ്റി വിഭ്രമാത്മകത തിളങ്ങിനിൽക്കുന്ന നഗ്നതയിൽ വെളിപ്പെടുക. ഏകാന്തതയിൽ മാത്രം വെളിപ്പെടുന്ന സർറിയൽ ദൃശ്യങ്ങൾ!! (അതുകൊണ്ട് തന്നെ ഏകാന്തതയോട് വല്ലാത്തൊരു പ്രണയമുണ്ട്. സ്വപ്നങ്ങൾക്ക് നിർബാധം കടന്നുവരാൻ വീട്ടിലോ, ജോലിസ്ഥലത്തോ, ആൾക്കൂട്ടത്തിനിടയിലോ പോലും മന:പൂർവ്വം ഏകാന്തത സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കാറുമുണ്ട്.)


ചിലപ്പോൾ ചില പുസ്തകങ്ങളിലൂടെ ഊളിയിടുമ്പോൾ ഇത്തരം അനുഭവങ്ങളുണ്ടാവാറുണ്ട്. ചില സമയങ്ങളിൽ സ്വപ്നങ്ങളും, വായനാനുഭവങ്ങളും കൂടിക്കലരാറുണ്ട്.
സ്വപ്നങ്ങളെ എഴുതി ഫലിപ്പിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. കഴിഞ്ഞിട്ടില്ല.
വല്ലാത്തൊരുതരം വരാൽ വഴുക്കമാണ് അവയ്ക്ക്. മനസ്സിലോ, കൈപ്പിടിയിലോ ഒതുങ്ങാതെ അവയങ്ങനെ….🌿

സെഹ്റാൻ

By ivayana