രചന : ജിസ്നി ശബാബ്✍
- വീട്
➖➖➖➖➖➖➖
ഉമ്മറത്തെ
പത്രത്താളുകളിലിന്നും യുദ്ധമുണ്ട്.
നടുമുറിയിലെ
ടിവിയില്‍ കാർട്ടൂണാണ്
സന്ധ്യക്കതു
സീരിയലിനു വഴിമാറുന്നതിനിടെ
യുദ്ധമൊന്നെത്തി നോക്കിപ്പോയി.
അടുക്കളയിലെ യുദ്ധം, വിലക്കയറ്റമറിയാത്ത വിശപ്പിന്റെ
ചൂളംവിളികളാണ്. - നാട്
➖➖➖➖➖➖➖
നാടുവിട്ടുപോയവര്‍
തിരികെയെത്തിയാൽ
രാഷ്ട്രീയപ്പാര്‍ട്ടികള്‍
വെടിനിറുത്തൽ പ്രഖ്യാപിക്കും
ഇന്ധനവില
മിസൈല്‍വേഗതയില്‍തന്നെ കുതിക്കുന്നുണ്ട്.
ഓഹരിവിപണി
ബങ്കറുകളിൽ ഒളിച്ചിരിപ്പുണ്ട്.
അന്തിചർച്ചകളും
എഫ്. ബി പോസ്റ്റുകളും
ഇ. ഡി കൈയ്യേറിയിട്ടുണ്ട്. - യുദ്ധഭൂമി
➖➖➖➖➖➖➖➖
ഹിരോഷിമയ്ക്കും നാഗസാക്കിക്കുമൊപ്പം
അഫ്ഗാനിസ്താനും സിറിയക്കുമൊപ്പം
ഐലൻകുർദ്ദിക്കു കീഴേ
തീർന്നുപോയേക്കാവുന്ന ചരിത്രതാളുകളിൽ
പേരുകള്‍ ചേര്‍ക്കപ്പെടുവാനായി
ബോംബേറുകൾ കാത്തിരിക്കുന്ന
കുഞ്ഞുങ്ങൾ
മൈനുകൾ ചവിട്ടിപ്പൊട്ടിച്ചും
വെടിയുണ്ടകള്‍ ഇടനെഞ്ചുകൊണ്ട് തടഞ്ഞും
രക്തസാക്ഷിയാവാൻ ഓടിനടക്കുന്ന സൈനികര്‍.
യുദ്ധസ്മാരകങ്ങൾക്കായി,
സ്വപ്നങ്ങളെ പിടിച്ചു സഞ്ചിയിലാക്കി
വീടൊഴിഞ്ഞ് പലായനത്തിനിറങ്ങിയ
കുടുംബങ്ങൾ.
ചോരമണത്ത്
മാംസം പിച്ചിച്ചീന്തി
സ്വപ്നങ്ങൾ തച്ചുടച്ച്
ജനം
യുദ്ധത്തെ നെഞ്ചിലേറ്റുമ്പോൾ
അശക്തരായി
മുഖാമുഖം
സമാധാനംതേടുന്ന അധികാരവർഗ്ഗം! - യുദ്ധം കഴിഞ്ഞോ?
➖➖➖➖➖➖➖
അതിർത്തിയളന്ന്
ആയുധക്കണക്കെടുത്ത്
സമാധാനം,
സമാധാനത്തിനുവേണ്ടിയെന്നു പറഞ്ഞ്
ഇനിയുമിനിയും യുദ്ധംവരും.
ഇടയിലൊരൊപ്പിന്റെ ബലത്തില്‍
ഇത്തിരി സമാധാനവും
അടുത്ത യുദ്ധപ്രഖ്യാപനം വരെ മാത്രം❗❗

