തച്ചുകൊല്ലുക ! സാധുക്കൾ ! മൗനികൾ !
ആത്മമല്ലാതെ മറ്റൊന്നുമില്ലാത്തവർ
ഉള്ളതെങ്കിൽ ചരാചരമൊക്കയും
സർഗ്ഗചൈതന്യമാണെന്നറിഞ്ഞവർ
നിത്യമായതാം സത്തയിൽ കത്തുന്ന
ജ്വാലമാത്രമായ്‌ മാറിനിൽക്കുന്നവർ
കൊല്ലുവോനും മരിക്കുവോനും വൃഥാ
തോന്നലാണെന്നുറപ്പിച്ചറിഞ്ഞവർ

പുഞ്ചിരിക്കുന്നു വൃദ്ധസന്യാസി ഹാ !
മൃത്യു ദണ്ഡുമായ്‌ മുന്നിൽവന്നപ്പോഴും
വന്ദനം മഹാപ്രഭോ ! അങ്ങുതൻ
സ്പന്ദനങ്ങളാണെന്നിലെ ചിന്തയും
നന്മയെ തന്നെ ധ്യാനിച്ചുധ്യാനിച്ചു
വൻഹിമാലയ സാനുവിൽ നിന്നങ്ങു
ജ്ഞാനനിർവൃതി വിട്ടിങ്ങു പോന്നത്
ഭേദഭാവങ്ങളറ്റതുമൂലമോ സ്നേഹ-
കാരുണ്യത്യാഗമാം ജീവിതം കോരി
വാർത്താത്മ ഹോമം മുടിച്ചതോ
ആർത്തിരമ്പും ജനക്കൂട്ടമങ്ങയെ
ആ കുരിശിലായേറ്റിപിരിഞ്ഞതോ !

സന്ധ്യയാകുന്നിതന്തരീക്ഷത്തിലെ
കാവിചുറ്റുന്നസൂര്യനെ കാണവേ
ഓർത്തുപോകുന്നു ധീരസന്യാസിയെ
തെക്ക് കന്യാകുമാരിതന്നക്കരെ
എന്റെ നാടെന്നു ചിന്തിച്ചു കേവലം
ധ്യാനമാർന്നൊരാ സ്വാതന്ത്രവീചിയെ !

എന്തിനും ശബ്ദ മുച്ചത്തിലാക്കുന്ന
സെക്കുലറുള്ള നാട്ടിൽ ഞാനെന്തിനീ
കാവിചുറ്റിയ ഏതോപുരാതനദേഹമുക്തിയിൽ
നിശ്ശബ്ദനാവുക തച്ചുകൊല്ലട്ടെ നമ്മൾ
യദുക്കൾപോൽ മദ്യമൈരേയമൊന്നായ്
കുടിക്കുക ! ഹല്ലപിന്നെ മരിക്കുന്നു മാനവർ
പട്ടിണി കിടന്നെത്രയോ കുട്ടികൾ !

By ivayana