രചന : മാധവ് കെ വാസുദേവ് ✍
അക്കരെ, കാവിൽ പൂരംതുടങ്ങിയെന്നു
ആരോ പറഞ്ഞുകേട്ടു.
ചന്തയിലിന്നലെ ആരോ പറഞ്ഞുകേട്ടു.
നല്ലെണ്ണവാങ്ങി തിരിച്ചുപോരും വഴി
നാലാൾ പറഞ്ഞറിഞ്ഞു
കവലയിൽ നാലാൾ പറഞ്ഞറിഞ്ഞു.
കൊമ്പന്മാർ പത്തുണ്ടു, പാണ്ടിയുണ്ട്
പഞ്ചാരിയുണ്ടിലത്താളമുണ്ട് .
മേലേപ്പറക്കും പരുന്തുമുണ്ട്
കെട്ടിയാടാനായി ഗരുഡനുണ്ടു്.
അക്കരെക്കാവിൽ പൂരമെന്നു
വീട്ടിൽ പറഞ്ഞപ്പോൾ പൂതിയായി
വീട്ടുകാരിത്തിക്കും പോണമെന്നു
ഏറെനാളായുള്ള മോഹമെന്നു…
പുത്തനാം പൂഞ്ചേലയൊന്നു വാങ്ങാം
കരിവള കണ്മഷി വേണമെന്നും
കൂട്ടുകാരോടൊത്തു നടന്നു ചുറ്റും
പൂരക്കൊടിയേറ്റു കാണുമെന്നും.
ശീവേലികണ്ടു തൊഴുതു നിന്നു
മോഹങ്ങളൊക്കെ നിരത്തുമെന്നും.
സ്വപ്നങ്ങളായിരം നെയ്തുകൂട്ടി
മിഴികളിൽ ഉത്സവപ്പീലിയാട്ടം.
ഉള്ളിലെ കൗതുകം മൂടിവെച്ചു
നെഞ്ചിലെ താളം മറച്ചുവെച്ചു
പൂമുഖ കോലായിൽ ഞാനിരുന്നു
കൗതുകത്തോടതു കേട്ടിരുന്നു.
പൂരപ്പുറപ്പാടു കേമമാക്കാൻ
മുല്ലപ്പൂമാലയും മുടിയിൽ ചൂടും
ചിന്തകളായിരം പൂത്തുലഞ്ഞു
മേലേക്കാവിലെ പൂരം വന്നു.
പാട്ടും പടയണിമേളം കേട്ടു
ഭഗവതിയാറാടി വന്നുവല്ലോ
നേരം കുറെയായി പോകുന്നില്ലേ
വീട്ടുകാരിത്തിക്കു ഭാവംമാറി.
ചേട്ടനുംചേച്ചിയും വന്നുനിൽപ്പു
ഞാനും അവരൊത്തു കൂടിക്കോട്ടെ
പുരപ്പുറപ്പാടു കാണാൻ വേണ്ടി
നിങ്ങളും കൂടി വരുകയില്ലേ.
