രചന : ജിഷ കെ ✍️
അവസാനത്തെ ആ ഒറ്റത്തുള്ളി പ്രണയത്തിനോടായിരുന്നു
എന്റെ സകല പ്രാർത്ഥന കളും…
അത് ഒരിക്കലും നിലക്കാത്ത പ്രവാഹം പോലെ
തുടർന്ന് കൊണ്ടേയിരുന്നു…
എനിക്ക് ചുറ്റിലും വറ്റി വരണ്ട കടലുകളും
ചുട്ട് പഴുക്കുന്ന മണൽത്തരികളും…
അപ്പോഴും എന്റെ പ്രളയമേ
എന്നാർത്തു കൊണ്ടേയിരിക്കാൻ
ഞാൻ അതിനെ
ഉപാസിച്ചു കൊണ്ടേയിരുന്നു…
വേനൽപ്പാടം പോലെ എന്റെ പൂന്തോട്ടങ്ങൾ
വേരറ്റം വരേയ്ക്കും കരിഞ്ഞുവെങ്കിലും
ഋതുക്കൾ കടന്നു വരാറുള്ള പാതകളിൽ
കണ്ണിമയ്ക്കാതെ ഞാൻ കാവൽ നിൽക്കുകയും
വസന്തത്തിനുള്ള എഴുത്തുകൾ നിറച്ച് വെയ്ക്കുകയും ചെയ്തു കൊണ്ടേയിരുന്നു..
അവസാന തുള്ളിയുടെ പെയ്ത്തിൽ
നനച്ച് മേൽവിലാസങ്ങളുടെ അവയ്ക്ക് മീതെ
ലക്ഷ്യസ്ഥാനം പതിച്ചു വെയ്ക്കുന്നു
പെയ്ത്തു കാലങ്ങളിൽ കര കവിഞ്ഞൊഴുകുന്ന
എന്റെ ആഴങ്ങളെ
ഇറുകെ പുണരുന്ന
പരൽ മീൻ തിളക്കങ്ങൾ
ഓരോന്നിലും ഏറെ
സ്വകാര്യമായ എന്റെ രഹസ്യങ്ങൾ
ഞാൻ അതിനെ ഓർമ്മിപ്പിക്കുന്നു
ദീർഘനിശ്വാസങ്ങളുടെ കൊടും കാറ്റുകൾ ഒരിക്കൽ കൂടി
പരിചയപ്പെടുത്തി ആ
കടലിരമ്പങ്ങളിൽ
എന്റെ കപ്പൽ ചേതങ്ങൾ
കൂട്ടി വെയ്ക്കുന്നു…
ആഴച്ചുഴികളിൽ
ഊരും പേരും മറന്ന് മുങ്ങിത്താഴ്ന്നു പോയ
രണ്ട് ഉടലുകൾ ചുമക്കുന്ന
അന്തർവാഹിനികളെ കണ്ടെടുക്കുകയും
അവസാന തുള്ളിയുടെ വക്കിൽ
അതിന്റെ വീഴ്ചയെ പരിചരിക്കാൻ ഇരുത്തുകയും ചെയ്യുന്നു
വിഷാദങ്ങളുടെ വിളവെടുപ്പ് കാലത്തി നരികിൽ
വേലിയേറ്റ വിളക്കുകൾ കത്തിച്ച്
എന്റെ അമാവാസികളോട്
നിർത്താതെ
മിണ്ടുന്ന
രാത്രി മുല്ലകളെ അതിന്റെ ഗന്ധത്തിൽ നില നിർത്തി
ഒറ്റ തുള്ളിയ്ക്ക് ചുറ്റിലും കുടഞ്ഞു വെയ്ക്കുന്നു
ഏറ്റവും ആദ്യത്തെയും ഏറ്റവും അവസാനത്തെയും ഒറ്റത്തുള്ളി പ്രണയമേ
ജനി മൃതികൾ നിന്നാൽ അടയാളപ്പെടും വിധം
നിന്റെ നിഴൽ വെട്ടത്തിൽ
സഞ്ചരിക്കുന്നു ഞാൻ..
എന്റെ സിരാ പടലങ്ങളിൽ
നിന്നും കണ്ടെടുക്കാവുന്ന
പ്രാചീന ലിപികളിൽ
നിന്റെ പച്ച നിറം കലർന്ന്
പിൻ കഴുത്തിന്റെ
ഓരം ചേർന്ന്
അതീവ സൂക്ഷ്മമായ
ഒരു ഭാഷ രൂപപ്പെട്ടിരിക്കുന്നു…
നിനക്ക് വായിക്കാൻ മാത്രം ഞാൻ വീണ്ടും പുനർജ്ജനിച്ചേക്കും
എന്ന് മാത്രം
വാക്ക് നൽകുന്നു..
പിന്നെയും
നിന്നിൽ അഭയം കണ്ടെത്തുന്നു♥️
