രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
പ്രിയമാർന്നതാം തണൽ, നന്മയാമൊരു നിഴൽ
നല്ലയൽക്കാരായി ജീവിക്ക!യൂഴിയിൽ
നിലമറക്കാതെ നാം വിലമതിക്കേണ്ട വർ
കലഹിച്ചിടാതെ നാമിഴചേർന്നിടേണ്ടവർ.
പഴിപറഞ്ഞിന്നു നാം മിഴിതുറക്കാത്തവർ
വഴിമറന്നെന്നപോലഴലകറ്റാത്തവർ
അയൽവാസിയല്ല!നാ,മിന്നയൽ വാശിയായ്
രാജ്യങ്ങൾത്തമ്മിലും ബന്ധമില്ലാതെയായ്.
ഇളനീർമധുരവും തുളസിക്കതിരുമെൻ
സ്നേഹപ്രതീകമാം നൈർമ്മല്യമാ,മയൽ
നല്ലവാക്കോതുവാൻ നന്മദർശിക്കു വാൻ
ജന്മാർദ്രദേശത്തിൻ സ്നേഹം നുകരുവാൻ
കഴിയേണമിനിയുമീ,മണ്ണിൻവിശുദ്ധി നാം
ഒരുമയോടനുദിനം പകരാൻശ്രമിക്കണം.
നാളമൊന്നണയുകിൽ നാളെ നാമില്ലെന്ന
സത്യമൊന്നോർത്തിടാ,മത്യാർത്തിമാറ്റിടാം
വേലിപ്പടർപ്പുകൾപോലയൽ നന്മകൾ
വേർപെടുത്താതിരിക്കേണ്ടവരാണു നാം
വേലിതന്നെ വിള വുതിന്നുന്നപോൽദ്രോഹ-
മേകാൻ ശ്രമിക്കരുത്; ആർക്കുമയൽക്കാർക്കും
സ്നേഹ ഹൃത്താൽത്തളിർക്കട്ടെ! ഗ്രാമങ്ങളും
പകരേണ്ടതാണുനാം ഹരിതാഭ ചിന്തയും
വ്യർത്ഥമാകുന്നില്ല!സന്മാർഗ്ഗജീവിതം
വൃദ്ധിനേടുന്നിവിടെ; ശ്രദ്ധേയമാകുന്നു
രക്തബന്ധങ്ങൾക്കുമില്ല!യിന്നാർദ്രത
ശത്രുവാകുന്നതെന്തുണരേണ്ട മർത്യത ?
നല്ലയൽക്കാരനായുണരുവാനരുളിയ
കാരുണ്യവചനമൊന്നോർക്കേണ്ടതാണു നാം
സ്നേഹാർദ്ര പുലരിപോൽ നല്ലയൽക്കാരനായ്
തുടരുക; കനിവിന്റെ യിളനീർപകരുക….