രാത്രി രാക്ഷസൻ കുത്തിപ്പൊട്ടിച്ച
നിലാക്കണ്ണിന്റെ നിലയ്ക്കാത്ത
കണ്ണീരായി മഴ പൊഴിയുമീ പാതിരാവിൽ
വിളിക്കുന്നു നീയെന്നെയകലെ പ്രഭ
ചൊരിയുമൊരു ദേശമുണ്ടതു കാണാൻ.
കരിഞ്ഞുപോയെന്നോ കനവൊക്കെയെങ്കിലും
കവിതതൻ പൂക്കൾ വിടരുന്ന മനസ്സെന്ന ദേശം
നനഞ്ഞ നെറ്റിത്തടം തുടച്ച്‌
കൊഴിഞ്ഞ നക്ഷത്രപൂക്കൾ
തൻ ഗന്ധവുമായെന്റെ ജാലകത്തിൽ
പതുങ്ങുന്നു കാറ്റ്……..
മയങ്ങുമെൻ മൂർധാവിലമ്മവച്ചു നീ
മധുരമായി വീണ്ടും മൊഴിയുന്നു
വേനലിൽ പൊള്ളിയ നിന്റെ
പാദങ്ങളിത്തിരി തണുക്കട്ടെ
വെയിൽ നിലവാക്കി നീ നടന്നുവെങ്കിലും
നിന്റെ നീറുന്ന ചിന്തകളൽപ്പം ശമിക്കട്ടെ
കനലുകളെല്ലാം കരിക്കട്ടയായി മാറുമീ
മഴയിൽ, പിന്നതിൻ ചാരവുമൊഴിക്കി –
ക്കളയാമാദേശത്തെ മറവിതൻ പുഴയിൽ….
നാളെയാം മുറിയുടെ വാതിൽ തുറക്കുവാൻ
നീ ഭയക്കുന്നുവെങ്കിലും, ഉറങ്ങു നീയിന്നി –
വിടെയെല്ലാം മറന്ന്………..
കാവലാളാകാം നീയുണരും വരെ ഞാൻ
കണ്ണീരണിയാതെയതുവരേക്കും നീ

By ivayana