മനുഷ്യത്വം;
അതെന്താണെന്ന്
പലവുരു
അന്വേഷിച്ചതാണ്.

രൂപമെന്തായിരിക്കും,
നിറമുണ്ടാകുമോ,
മണമുണ്ടാകുമോ
എന്നൊക്കെ ചിന്തിച്ച്
അത്ഭുതപ്പെട്ടിട്ടുണ്ട്.

മനുഷ്യത്വമില്ലായ്മയുടെ
രൂപം,
നെതന്യാഹുവിൻ്റെ
മുഖം പോലെ
ഭീകരമാണെന്നും,
നിറം,
വെടിമരുന്ന് പുരണ്ട
ചോരയുടെ ചുവപ്പാണെന്നും,
മണം,
കരിഞ്ഞ പച്ചമാംസത്തിൻ്റെ
രൂക്ഷ ഗന്ധമാണെന്നും,
ശബ്ദം,
ഒരു ഭീകരനിമിഷത്തിന്
ശേഷമുള്ള
കൂട്ടക്കരച്ചിലാണെന്നും
രുചി,
കണ്ണീരിൻ്റെ
ഉപ്പ് രസമാണെന്നും
ഇതിനകം തന്നെ
മനസ്സിലായിട്ടുണ്ട്.

എങ്കിലും,
മനുഷ്യത്വം…

സ്വയമൊരു
മനുഷ്യനാണെന്ന് പറഞ്ഞ്
നടക്കാറുണ്ടെങ്കിലും
ഉള്ളിലൊരു തരി
മനുഷ്യത്വം
കാലമിത് വരെ
ഞാൻ കണ്ടിട്ടില്ല.

മനുഷ്യരാണെന്ന്
ഭാവിക്കുന്നവരുടെ
ഏഴയലത്ത് പോലും
അത് കാണാനാകില്ലെന്നത്
പ്രാപഞ്ചിക സത്യമാണെന്ന്
തോന്നുന്നു.

ഇപ്പോഴിതാ,
ഒരു കുഞ്ഞു
ബോട്ടിൽ നിന്ന്,
അതിൻ്റെ
പുക ഉയരുന്നു,
മണം പരക്കുന്നു,
ലോകമാകെ
അടിച്ച് വീശുന്നു.

ചിലരുടെ
കൺകുളിർക്കുന്നു,
മറ്റു ചിലരുടെ
കണ്ണെരിക്കുന്നു.

ചിത്രം കടപ്പാട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *