കഴുകി ഉണങ്ങാൻ തൂങ്ങിക്കിടക്കുന്ന മുഖമ്മൂടികൾ
മുറിയ്ക്കകത്ത് .
മരം ചുറ്റി ഓടി നടന്ന
എന്റെ പൂച്ചയ്ക്ക്
ഇന്നലെയാരോകഴുത്തിൽ മണി കെട്ടി.
പൂച്ചയ്ക്ക് ഇനിയാര് മണി കെട്ടും
എന്ന ചോദ്യത്തിന് രാസപരിണാമം .

നാണം
അതിന്റെ പൂർണ്ണമുഖത്തോടെ
അവളുടെ മുഖത്തും ഉടലിലും.
പരാധീനതകളുടെ മറുവശം
ഉടൽ വേഗങ്ങളിൽ ഒരു ഗ്രാഫ്.
കരിയിലകളെ അവൾ മൃദുവായി ചവിട്ടി നടക്കുമ്പോൾ
ഒരു മരംചുറ്റിപെണ്ണിൻ്റെ കിതപ്പുകൾ കണ്ടില്ല.

ധ്യാനപാഠം
തിരുവിശേഷിപ്പ്
ഇവ മുഖലക്ഷണത്തിൽ കാണുന്നുണ്ട്.
ജാഗ്രത മിഴികളിലും.

ഇതുവരെയുള്ള അന്വേഷണത്തിൽ
തലയിൽ മീൻ മണമുള്ള
ഒരു പൂച്ച
നിഴലുപോലെ
പഴുക്കനിലകളെ മൃദുവായ് ചവിട്ടുമ്പോൾ
കളഞ്ഞു പോയ
ഹൃദയമിടുപ്പുകൾ
ചൂച്ചയെ ചേർത്തു പിടിച്ച്
ആകാശത്തിന്റെ മറവിലേക്ക്
മറഞ്ഞു.
വലിച്ചടച്ച ജാലകപ്പാളികൾ
എൻ്റെ മുഖത്തിനു നേരെ
വിരസമായ ഒരു ദിവസത്തിനായി
തൃപ്തിപ്പെടുത്തുന്ന
സങ്കീർത്തന കാഴ്ച.

ഉപയോഗശൂന്യമായ
ഒരു മുഖമ്മൂടി വഴിയരുകിൽ.

By ivayana