ന്യൂയോർക്ക്: കോവിഡാനന്തരം ലോക രാഷ്ട്രങ്ങളിൽ അധികാര വികേന്ദ്രീകരണം സംഭവിക്കുമെന്നും പുതിയൊരു ലോകക്രമം നിലവിൽ വരുമെന്നും അതിൽ ലോക രാഷ്ട്രങ്ങൾക്ക് തുല്യ പങ്കാളിത്തമായിരിക്കുമെന്നും മുൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ ഐ. എഫ്.എസ്. ഈ ഘട്ടത്തിൽ ഇന്ത്യക്ക് ലോകഗതി നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള സംവാദ പരിപാടിയുടെ ഭാഗമായി ‘കോവിഡാനന്തര ലോകത്തെ ഭരണക്രമം’ എന്ന വിഷയത്തിൽ  നടന്ന സൂം സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.

സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റമായിരിക്കും കോവിഡാനന്തര കാലത്ത് സംഭവിക്കുകയെന്നും വ്യക്തി ജീവിതത്തിൽ സാങ്കേതികത അനിവാര്യ ഘടകമായി മാറുമെന്നും  ചർച്ചയിൽ പങ്കെടുത്ത ഡോ. ആനന്ദബോസ് ഐ.എ.എസ് പറഞ്ഞു. ആഗോള തലത്തിൽ ചിന്തകളെ അഭിരമിപ്പിക്കുമ്പോഴും തികച്ചും  പ്രാദേശിക തലത്തിൽ മാത്രം പ്രവർത്തിക്കുന്ന  പ്രവണത മാറേണ്ടിയിരിക്കുന്നു. അതിന് വേണ്ട മുന്നൊരുക്കൾ രാഷ്ട്രത്തിന്റെ ഭാഗത്ത് നിന്നു തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡാനന്തര കാലത്തെ ആഗോള സ്ഥിതിയിൽ ഇന്ത്യ ലോകത്തിന്റെ മാർഗദർശിയായി മാറുമെന്നും വരുംകാലങ്ങളിൽ ലോക നേതൃ ത്വത്തിലേക്കായിരിക്കും ഇന്ത്യ ഉയരുകയെന്നും ചർച്ചയിൽ പങ്കെടുത്ത പി.വിജയൻ ഐ .പി .എസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഡോ. രഞ്‌ജിത് പിള്ള മോഡറേറ്ററായിരുന്ന സെമിനാറിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അധ്യക്ഷത വഹിച്ചു. അവരവരുടെ കർമ്മമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മൂന്ന് രത്നങ്ങളെയാണ് ഫൊക്കാന സെമിനാറിന് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് മാധവൻ ബി നായർ പറഞ്ഞു. നയതന്ത്ര വിദഗ്ധൻ എന്ന നിലയിലുള്ള ടി.പി. ശ്രീനിവാസന്റെ അനുഭവ പാഠങ്ങളും ഡോ. ആനന്ദബോസിന്റെ ഭരണതന്ത്ര ഞ്ജതയിലെ അറിവുകളും വിജയൻ ഐ.പി.എസിന്റെ നിയമ- ക്രമസമാധാന പരിപാലന രംഗത്തെ സർഗ്ഗാത്മകതയും സെമിനാറിനെ സജീവവും പ്രചോദിതവുമാക്കിയെന്ന് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. ഈ പ്രതിഭകൾക്ക് നാടിന് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

 ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഇത്തരം ക്രിയാത്മകമായ കൂടുതൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും മാധവൻ നായർ അറിയിച്ചു.
കോവിഡാനന്തരകാലം വൈദ്യശാസ്ത്ര രംഗത്ത് വരുത്തുവാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും കോവിഡിന്റെ രണ്ടാം വരവിന്റെ സാധ്യതകളെ എങ്ങനെ പ്രതിരോധിക്കണമെന്നും ആ അവസ്ഥയെ തരണം ചെയ്യേണ്ടുന്നതിന് കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും ഹൂസ്റ്റനിൽ നിന്നുള്ള ഡോ. ടിനി വിശദീകരിച്ചു. ഐ. ടി വ്യവസായം ഒരു കുടിൽ വ്യവസായമാതൃകയിൽ വികസപ്പിക്കുന്ന പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്ന് ന്യൂയോർക്കിൽ നിന്നുള്ള വ്യവസായ സംരംഭകൻ പത്മകുമാർ അഭിപ്രായപ്പെട്ടു. പത്മകുമാറിന്റെ നിർദ്ദേശം വളരെ ക്രിയാത്മകവും ഒട്ടേറെ ,സാധ്യതകളുള്ളതുമാണെന്ന് പ്രതികരിച്ച ഡോ. ആനന്ദ ബോസ് ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

ക്രിയാത്മകമായി പുരോഗമിച്ച ചർച്ചയിൽ ഫൊക്കാന എക്സിക്യുട്ടീവ് അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും മറ്റ്  ഭാരവാഹികൾക്കും പുറമെ അമേരിക്കയിലെ പ്രമുഖ സംരംഭകരും വ്യവസായികളും നിരവധി മേഖലകളിലെ വിദഗ്ധരും പങ്കെടുത ത്തു.മലയാളി മാധ്യമ പ്രവർത്തകരായ ജോർജ് കാക്കനാടൻ,  സുനിൽ (ട്രൈസ്റ്റാർ )ജോർജ്  ജോസഫ് (ഇ-മലയാളി),, വ്യവസായികളായ സാന്ത്രാസ് , ഡോ . രാമദാസ് പിള്ള (കാലിഫോർണിയ ), റെജി കുര്യൻ (ഈസ്റ്റൺ) , ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീകുമാർ ഉണ്ണിത്താൻ, ലൈസി അലക്സ്, ഷീല ജോസഫ് , സുജ ജോസ് , വിജി നായർ  തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്ട് നന്ദിയും കൺവൻഷൻ ചെയർമാൻ ചാക്കപ്പൻ സ്വാഗതവും പറഞ്ഞു.

sreekumarbabu unnithan

By ivayana