അമ്മയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ

” പോത്തു പോലെ വളർന്നിട്ടും നല്ലതും ചീത്തയും വീറും വൃത്തിയും ഒന്നും തിരിച്ചറിയാൻ കഴിവില്ലാത്ത ബോധവും പൊക്കണവും ഒന്നുമില്ലാത്ത ഒരു അസത്തു ചെറുക്കൻ …അല്ല കള്ളമല്ല …ആ മനുഷ്യന്റെ എല്ലാ ദുർഗുണങ്ങളും അതു പോലെ കിട്ടിയിട്ടും ഉണ്ടു ‌‌‌…ഞാൻ ഇവനേ എങ്ങിനെ നേരേയാക്കും എന്റെ പറയിരുകാലാ ഭഗവതീ …..”

ആ മനുഷ്യൻ എന്നു അമ്മ വിശേഷിപ്പിക്കുന്നതു അച്ഛനേയാണു ‌‌‌..ചങ്ങന്നാശ്ശെരിക്കാരിയായ അമ്മക്കു ഓർമ്മയുള്ള കാലം മുതൽ അരീക്കരയോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല …മനസ്സു കൊണ്ടു അച്ഛനെ ഇഷ്ടമായിരുന്നു എങ്കിലും സൈനിക ജീവിതം മതിയാക്കി നാട്ടിലെത്തി കൃഷിക്കാരൻ ആയതു അമ്മക്കു ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല …പറമ്പ് എന്നോ കൃഷി എന്നോ പശു എന്നോ ചേറ് എന്നോ ചാണകമെന്നോ കേൾക്കുന്നതു പോലും അമ്മക്കു ഇഷ്ടമല്ലായിരുന്നു …

” എങ്ങിനെയും എന്റെ പിള്ളാരെ പഠിപ്പിച്ചു ഒരു നിലയിലാക്കി ഈ
വീടും പറമ്പും എല്ലാം വിറ്റു പെറുക്കി മനുഷ്യർക്കു താമസിക്കാൻ കൊള്ളാവുന്ന വല്ല പട്ടണത്തിലും പോയി താമസിക്കണം “

അതിൽ അമ്മക്കു വെല്ലുവിളി ആയതു രണ്ടാമത്തെ മകൻ മാത്രമായിരുന്നു ..

” പോറ്റാൻ പറ്റില്ല ‌‌‌‌…സഹിക്കാൻ പറ്റില്ല ‌…ഈ ചെറുക്കനെ ഞാൻ എവിടെയെങ്കിലും കൊണ്ടു കളയും “

എന്നൊക്കെ അമ്മക്കു ദേഷ്യവും സങ്കടവും മിനിട്ടു വെച്ചു വരുമെങ്കിലും ഒടുവിൽ എന്നെ കുളിപ്പിച്ച് നല്ല ഉടുപ്പും നിക്കറും ഒക്കെ ഇട്ടു തന്നു കൈയ്യിൽ മുറുകെ പിടിച്ചു പറയിരുകാലാ ഭഗവതിയുടെ മുൻപിൽ കൊണ്ടു നിർത്തും‌..

അന്നു അരീക്കര സർക്കാർ ജോലിയുള്ള ചുരുക്കം ആളുകളിൽ ഒരാൾ ആണു അമ്മ . അമ്മ എല്ലാ മാസവും ശമ്പളം കിട്ടിയാലുടൻ മൂന്നു മക്കളുടെ പേരിലും വഴിപാട് കഴിപ്പിക്കാൻ പറയിരുകാലാ ക്ഷേത്രത്തിൽ എത്തും ..കൂടെ ഞങ്ങൾ മക്കളിൽ ആരെങ്കിലും കാണും ..പൂജാരിയോടു എല്ലാം പറഞ്ഞു ഏർപ്പാട് ചെയ്തു വഴിപാടും പൂജാരിക്കു വെറേ ദക്ഷിണയും ഒക്കെ നൽകി എന്റെ കാര്യത്തിനു പ്രത്യേക വഴിപാട് ഒന്നു കൂടി പറഞ്ഞു വെക്കും ..പായസം പൊതിഞ്ഞു വാങ്ങുമ്പോൾ ചിലപ്പോൾ പുറത്തിറങ്ങി അതിൽ അൽപ്പം നാക്കിൽ വെച്ചു തരും ..ആ രുചി ഓർത്താൽ എല്ലാ ദിവസവും അമ്മയേക്കൊണ്ടു ഇതേ വഴിപാട് കഴിപ്പിക്കാൻ അമ്മക്കു എന്തു തലവേദന പുതിയതായി നൽകാൻ കഴിയും എന്നു ആലോചിച്ചു തിരികെ അനുസരണ അഭിനയിച്ചു അമ്മയുടെ കൂടെ നടക്കും‌..

അച്ഛൻ ചെയ്യുന്ന കഠിനാദ്ധ്വാനമോ കൃഷിപ്പണിയോ ഒന്നും ഒരിക്കൽ പോലും അമ്മക്കു മനസ്സിലാക്കാനോ സന്തോഷിക്കാനോ സാധിച്ചില്ല …പകരം അച്ഛനെ അതു പറഞ്ഞു കണക്കിനു പരിഹസിക്കാനും മക്കളോടു നന്നായി പഠിച്ചു ജോലിക്കാർ ആവണമെന്നും അല്ലെങ്കിൽ

” തന്തയേപ്പോലെ കൂന്താലിയുമെടുത്ത് പറമ്പു കിളച്ചു നടക്കാം .‌”

എന്നു സദാസമയവും ഉപദേശിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു ..

അച്ഛൻ ആണെങ്കിൽ
” പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല “
എന്ന മട്ടിൽ സദാസമയവും പറമ്പിൽ എന്തെങ്കിലും പണികളും രണ്ടു പശുക്കളേ നോക്കലും ആയി രാവിലെ മുതൽ ഇരുട്ടുന്നതു വരെ അദ്ധ്വാനിച്ചു കൊണ്ടെയിരുന്നു‌..

അച്ഛന്റെ സഹായി ആയി മക്കൾ കൂടും എങ്കിലും പഠനത്തിൽ മോശമായിരുന്ന എന്നെ ആയിരുന്നു അച്ഛൻ ഭാവി കൃഷിക്കാരൻ ആയി കണ്ടു വെച്ചതു ..അമ്മക്കും അതിൽ പ്രത്യേകിച്ചു എതിർപ്പില്ല എന്നു മാത്രമല്ല

” പഠിക്കാൻ കഴിയാത്തവൻ കിളക്കാൻ പോകട്ടെ “

എന്നു മറ്റു മക്കളേ ചൂണ്ടിക്കാണിച്ചു താരതമ്യം ചെയ്യുകയും ചെയ്യും‌.

അച്ഛനെ കൃഷിപ്പണിയിലും പശുവളർത്തലിലും സഹായിക്കാൻ കഴിഞ്ഞതാണു കൃഷി എത്ര മഹത്തരമാണു എന്ന ഒരു മനോഭാവം എനിക്കു കിട്ടാൻ കാരണം എന്നു പിൽക്കാലത്തു തോന്നിയിട്ടുണ്ടു ‌‌‌..

അച്ഛനെ എന്റെ അറിവില്ലാത്ത കാലത്തു വല്ലാതെ ഭയക്കുകയും വെറുക്കുകയും ചെയ്തിരുന്നു‌…നിസ്സാര കുറ്റങ്ങൾക്കു ഭീകരമായ മർദ്ദനം ..അതും എനിക്കു മാത്രം ..അമ്മ തന്നെ അച്ഛനെക്കൊണ്ടു എന്റെ കുറ്റം കണ്ടുപിടിച്ചു അടി വാങ്ങി തരിക ഇതൊന്നും എനിക്കു സഹിക്കാൻ പറ്റിയിരുന്നില്ല ..‌

പരീക്ഷാ ഹാളിൽ കോപ്പിയടി പിടിക്കാൻ നടക്കുന്ന അദ്ധ്യാപകനെപ്പോലെ അച്ഛന്റെ ഒരു കണ്ണു എപ്പോഴും എന്റെ മേലിൽ ആയിരിക്കും …

എന്തു പണി ചെയ്യാൻ പറഞ്ഞാലും അതിന്റെ പുരോഗതി അറിയാൻ ഇടക്കിടെ സൂക്ഷ്മ പരിശോധനയും ശകാരവും അടിയും പതിവായിരിക്കും‌..

തെങ്ങും തൈക്കു വെള്ളം കോരാൻ പറഞ്ഞാൽ കുടം നിറഞ്ഞില്ല എന്നു‌ പറഞ്ഞു ശകാരം …വെള്ളം ചുറ്റിനും വീശി ഒഴിച്ചില്ല എന്നു പറഞ്ഞു ശകാരം …ഒരു തൈ ഒഴിക്കാൻ വിട്ടു പോയി എന്നു പറഞ്ഞു അടി …

പശുവിനെ കുളിപ്പിക്കാൻ പറഞ്ഞാൽ തൊണ്ടു കൊണ്ടു കാലുകൾ നന്നായി തേച്ചില്ല എന്നു പറഞ്ഞു ശകാരം ‌‌‌…കുളിപ്പിച്ച പശുവിനെ തണൽ നോക്കി കെട്ടിയില്ല എന്നു പറഞ്ഞു ശകാരം .‌‌..കാടിയിൽ ഉപ്പു ചേർത്തില്ല എന്നു പറഞ്ഞു അടി …

മറുപടി പറഞ്ഞാലോ പിറുപിറുത്താലോ ” തറുതല ” എന്നു‌പറഞ്ഞു അടി …

അങ്ങിനെ അച്ഛന്റെ ശകാരവും അടിയും കിട്ടി അതു ശീലമാക്കി വീട്ടു ജോലികളും കൃഷിപ്പണികളും ചെയ്തു വളർന്നപ്പോൾ ആണു അരീക്കരക്കാരൻ ആകാൻ പട്ടാള പരിശീലനം പോലെ കഠിനമായ പരിശ്രമവും ശിക്ഷയും ചേർന്ന അച്ഛന്റെ പാഠ്യപദ്ധതി വിജയം കണ്ടതു …അതാണു കൃഷിയും പറമ്പിലെ പണിയും പശുവിനെ കുളിപ്പിക്കലും ചാണകം വാരലും ഒന്നും മോശമായ പ്രവർത്തി അല്ല എന്നു അച്ഛനെ അന്നു കഠിനമായി വെറുത്തു എങ്കിലും മനസ്സിൽ പറഞ്ഞു തുടങ്ങിയതു …അതു പിൽക്കാലത്ത് ഒരോ ജോലിയിലും ശ്രദ്ധ വെക്കാനും ആത്മാർഥത വളർത്താനും ” കസ്റ്റമർ സക്സസ് മാനേജ്മെന്റ് ” ഇൽ വിജയിക്കാനും ഒക്കെ സഹായിച്ചു …അമ്മ ഒരിക്കൽ കളിയാക്കിയ
” അച്ഛന്റെ ദുർഗുണങ്ങൾ എല്ലാം കിട്ടിയ മകൻ “
എന്ന റ്റൈറ്റിൽ എനിക്കു ഇന്നു പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷവും അഭിമാനവും നൽകുന്നു ..

അച്ഛനു 93 വയസ്സായിട്ടും രണ്ടാമത്തെ മകനേ ശകാരിക്കാനും ഗുണദോഷിക്കാനും കിട്ടിയ ഒറ്റ അവസരവും അച്ഛൻ പാഴാക്കില്ല …

മുറ്റം കഴിഞ്ഞ നാലു ദിവസം ആയി ചെത്തി വൃത്തിയാക്കുന്നതു കണ്ടു കൊണ്ടായിരിക്കും അച്ഛൻ പതിവ് നടത്തത്തിനു ഇറങ്ങുന്നതു ..

” ഇങ്ങനെ ചെത്തിയാൽ മുറ്റം മുഴുവൻ കുഴിഞ്ഞു പോവില്ലേടാ ‌‌‌…? “

പണ്ടത്തെ അനുസരിക്കാത്ത ചെറുക്കനെപ്പോലെ ഇപ്പോൾ അതു കേൾക്കുമ്പോൾ വിഷമം തോന്നില്ല …മറിച്ചു ഉള്ളിൽ സന്തോഷം തോന്നും‌..

” അച്ഛൻ നോക്കിക്കോ ….എല്ലാം കഴിയുമ്പോൾ നന്നായിരിക്കും “

” നിന്നോടു എത്ര തവണ പറഞ്ഞതാ…കുറേ ടൈലു വാങ്ങി വിരിക്കാൻ …ഇങ്ങനെ എന്നും എന്നും കിടന്നു കഷ്ടപ്പെടണോ ? “

അമ്മ അച്ഛനെ മുറ്റത്തു മുഴുവൻ പുല്ലു വളർന്നു എന്നു പറഞ്ഞു ശകാരിക്കുമ്പോൾ ഒരക്ഷരം മിണ്ടാതെ തൂമ്പയും ആയി വന്നു മുറ്റം ചെത്തുകയും എന്നോടു പിന്നാലെ വന്നു ആ പുല്ല് എല്ലാം പെറുക്കിക്കൂട്ടാൻ പറഞ്ഞിരുന്ന കാലം എന്റെ മനസ്സിൽ ഓടിയെത്തി …

” അച്ഛാ…അമ്മ പറഞ്ഞതു പോലെ മുറ്റം മുഴുവൻ സിമന്റ് ഇട്ടാൽ ഈ പുല്ലും ചെത്തും ഒന്നും വേണ്ടല്ലോ ..”

” എടാ …മണ്ടാ ..മുറ്റത്തു പുല്ലും അതിൽ രാവിലെ മഞ്ഞു തുള്ളിയും ഒക്കെ കാണുന്ന ഭംഗി സിമന്റിട്ടാൽ കാണുമോടാ ..പുല്ലു വളരട്ടെ …ചെത്താൻ എനിക്കു ആരോഗ്യം ഉണ്ടല്ലോ ..അമ്മക്കു ഇതു വല്ലതും അറിയുമോ …ചങ്ങന്നാശ്ശേരി പട്ടണം അല്ലെ അമ്മക്കു ഇഷ്ടം ..”

ഞാൻ മുറ്റം ചെത്തി വൃത്തിയാക്കുന്നതു സിറ്റ് ഔട്ടിൽ നോക്കിയിരിക്കുന്ന അമ്മയേ ഞാൻ വെറുതേ തിരിഞ്ഞു നോക്കി‌…

അച്ഛനെ ആയിരുന്നില്ലെ അമ്മക്കു ഏറ്റവും ഇഷ്ടം ഉണ്ടായിരുന്നതു …? അതു കൊണ്ടായിരുന്നല്ലെ ആ ശകാരം മുഴുവൻ ..!

മുറ്റം ചെത്തൽ നാളെ പൂർത്തിയാകും…

രണ്ടാമത്തേ അസത്തിന്റെ കാലത്തു മുറ്റത്തു ടൈൽ വിരിക്കുകയും ഇല്ല ‌‌…

മുറ്റം മുഴുവൻ റ്റൈൽ വിരിച്ചാൽ കാണാൻ നല്ല ഭംഗി ഉണ്ടാകാം‌..

പക്ഷേ രാവിലെ മുറ്റത്തെ ആ പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി എങ്ങിനെ കാണും…?

ആ അച്ഛന്റെ അടി കൊണ്ടു വളർന്ന മകൻ ആണു ഞാൻ ..

By ivayana