പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിള
കീഴില്ലം പറമ്പിപ്പീടികക്കാരനല്ല.
അങ്ങ് വടക്കേ മലബാറിലെ മാനന്തവാടിയിൽ നിന്ന്
ഫാമിലി ട്രീയെ
കൈയ്യോടെ
പിഴുതോണ്ട് വന്ന്
പറമ്പിപ്പീടികയിൽ
ഒരേക്കർ
തരിശുഭൂമി വാങ്ങി നട്ടതാണ്.
കാട്ടാനക്കൂട്ടവും,
കൊടുങ്കാറ്റും ഐക്യപ്പെട്ട്
കൃഷിയൊക്കെ
കൊള്ളയടിച്ചോണ്ട്
പോയപ്പ്
വീടിന്റെ
അസ്ഥികൂടം മാത്രം
ബാക്കിയായി.
ആയുസ്സിന്റെ
ബലം കൊണ്ടാവും
ആന ചവിട്ടിക്കൂട്ടിയില്ലെന്ന് മാത്രം.
ബാങ്കീന്നും
ബ്ളേഡുകളീന്നും
വായ്പയെടുത്ത്
അഞ്ചാറേക്കറിൽ എറക്കിയ കൃഷിയാരുന്നു.
വെളവെടുപ്പിന്
മുന്നേതന്നെ
കൊടുങ്കാറ്റും, മഴയും,
ആനക്കൂട്ടവും ഐക്യപ്പെട്ട്
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിളയെ
പാപ്പരാക്കി.
ബാങ്കുകാരും,
ബ്ളേഡുകാരും പാഞ്ഞെത്തി
കഴുത്തറപ്പൻ പലിശയും
മൊതലുമടച്ചില്ലെങ്കിൽ
അവറ്റകളുടെ
വിധം മാറുമെന്ന്
കണ്ണുരുട്ടി.
അങ്ങ്
പാലാ-ഭരണങ്ങാനം ഭാഗത്ത് നിന്ന്
പണ്ടെങ്ങാണ്ട്
കുറ്റി പറച്ച് വന്ന്
പിടിയാവിലക്ക്
ഭൂമി വാങ്ങി
ജന്മിയായ
കളത്തിങ്കൽ പാപ്പന്
കിട്ടിയ വെലക്ക്
ഭൂമി വിറ്റ് കടം വീട്ടി
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിള
കുടുംബവൃക്ഷത്തെ
പറമ്പിപ്പീടികയിൽ
കൊണ്ട് വന്ന് നട്ടതാണ്.
കൂരക്ക് താഴേക്കൂടി
വലിയ കനാൽ
കുത്തിയൊഴുകുന്നണ്ടെങ്കിലും
വെള്ളം
മേപ്പോട്ട് താനേ
കേറി വരൂല്ലല്ലൊ.
വാങ്ങിച്ച
തരിശുനെലത്തിൽ
പന്ത്രണ്ടടിത്താഴ്ചയൊള്ള
ഒരു കെണറുണ്ട്.
പമ്പ് സെറ്റില്ല.
കെണറ്റിൽ നിന്ന്
തൊട്ടിയിൽ വെള്ളം
വലിച്ച് കേറ്റണം.
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിള
കുടിച്ചും, വലിച്ചും
നെഞ്ചും ലിവറും
പണ്ടേ
ഒരു പരുവമാക്കിയതോണ്ട്
കെണറ്റുവെള്ളം
വലിച്ച് കേറ്റാൻ
പോയാലത്തെക്കാര്യം
കഷ്ടമാരിക്കും.
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിളേടെ
മാപ്പിളച്ചി
മറിയാമ്മച്ചേടത്തി
അല്പസ്വല്പം
ആരോഗ്യമൊക്കെയൊള്ളതോണ്ട്
വെള്ളം കോരി
തരിശുനെലത്തില്
വാഴയും നടുതലയുമൊക്കെ
കൃഷി ചെയ്ത്
ഒരു പച്ചപ്പൊക്കെ വരുത്തി
ശേലാക്കി.
അന്നത്തിന്റെ വെള്ളം
കുടിക്കണോങ്കി
അതോണ്ടാവൂല്ലല്ലൊ.
ഒരു നെവൃത്തിയുമില്ലാതെ വന്ന്
പെമ്പിള്ളേം
രണ്ട് പിളേളരേം
എങ്ങനെ പോറ്റണംന്ന്
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിള
അന്തിച്ച്
കുന്തം വിഴുങ്ങി
ഇരിക്കുമ്പാണ്
അയൽപക്കത്തെ
നല്ല ശമരിയക്കാരൻ
പരോപകാരി
പണിക്കര് ചേട്ടൻ
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിള്ളേടെ
മുമ്പിൽ കർത്താവ് പറഞ്ഞുവിട്ടപോലെ
പ്രതൃക്ഷപ്പെട്ടനുഗ്രഹിച്ചത്.
എല്ലാ വാതിലുകളും അടയുമ്പ്
ഒരെണ്ണം നെന്റെ മുന്നിൽ
തെളിയൂന്നോ മറ്റൊ
കർത്താവ്
പണ്ടേ പറഞ്ഞേട്ടുണ്ടെന്നോ മറ്റോ
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിളയെ
പള്ളീല് വെച്ച്
കത്തനാരച്ചൻ തെര്യപ്പെടുത്തീതോർത്തത്.
പണിക്കര് ചേട്ടന്റെ
തങ്കമനസ്സോണ്ടാണ്
നാട്ടിലെ
സൊസൈറ്റീന്ന്
പമ്പ് സെറ്റിനും,
അത്യാവശ്യം വരുമാനത്തിന്
ഒരു ചായക്കട നടത്താനും
വായ്പ എടുത്ത്
കൊടുത്തത്.
പണിക്കര് ചേട്ടന്റെ
തങ്കമനസ്സിന്
എന്ത് പ്രത്യുപകാരന്നോർത്ത്
മറിയാമ്മച്ചേടത്തിക്ക്
കുളിര് കോരി.
വാതൽ മറഞ്ഞ് നിന്ന്
ചേടത്തി
പണിക്കര് ചേട്ടന്
ഒരു വെളുത്ത പുഞ്ചിരി
സമ്മാനിച്ചു.
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിളേടെ
കണ്ണ് വെട്ടിച്ച്
പണിക്കര് ചേട്ടൻ
മറിയാമ്മച്ചേടത്തിയെ
നോക്കി കണ്ണിറുക്കി.
ചേടത്തി
നാണിച്ച് കുണുങ്ങി നിന്നു.
എന്തിനേറെപ്പറയണൂ
പണിക്കര് ചേട്ടൻ ചായക്കടേന്നും,
കൂരേന്നും എറങ്ങാത്യായി.
മറിയാമ്മച്ചേച്ചിക്കും,
പണിക്കര് ചേട്ടനും
തമ്മിൽത്തമ്മിൽ
കാണാതിരിക്കാൻ
വയ്യെന്നുമായി.
പയ്യാനിക്കൽ
ഉലഹന്നാൻ മാപ്പിള
മലബാറീന്ന്
കൊണ്ട്പോന്ന
സൈക്കിൾ ചവിട്ടി
പട്ടിയെപ്പോലെ അണച്ച്
കള്ളടിച്ചും, വലിച്ചും
നെർവൃതീലുമായി.
അങ്ങനെയങ്ങനെ
കീഴില്ലം വലിയ കനാൽ
കുത്തിയൊഴുകുന്നത് പോലെ
കാലം
അങ്ങോട്ടൊഴുകുവാണ്…..

കെ.ആർ.സുരേന്ദ്രൻ

By ivayana