ഇന്നത്തെ പത്ര-ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത ആലപ്പുഴയിലെ ഏഴാം ക്ലാസ്സുകാരന്റെ ആത്മഹത്യ!
പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ട് അദ്ധ്യാപകരുടെ പേരിൽ കേസ്സെടുത്തു. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വടികൊണ്ടു തല്ലിയതിനാണ് കേസ്സ്. അന്വേഷണപുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾകൂടി ചുമത്തും!
ഇങ്ങനെ കുട്ടികൾ ആത്മഹത്യചെയ്യാൻ തുടങ്ങിയാൽ എന്താ ചെയ്യാ….
ഞാനൊക്കെ എത്രപ്രാവശ്യം ആത്മഹത്യചെയ്യേണ്ടതായിരുന്നു….

ആത്മം പൊള്ളിച്ച അനുഭവങ്ങൾ ആത്മകഥയിൽ പൊള്ളിക്കരിഞ്ഞുതന്നെ കിടക്കും. അടരാതെ…. പൊഴിയാതെ…!
ഓർക്കുമ്പോഴെല്ലാം ചിലതൊക്കെ മാന്തിമുറിഞ്ഞിട്ടെന്നപോലെ നീറും! കൺകോണുകളിൽ ഊറിനിൽക്കുന്ന ജലചില്ലുചീളുകൾകൊണ്ട് മുറിവേൽക്കാറുണ്ട്! നോവോർമ്മകളുടെ മുറിവുകളിൽ എന്നിലെ നിഷേധഭൂതം മറവിയുടെ കുടം തുറന്നുവന്ന് എന്റെ വാക്കുകളിൽ അസംതൃപ്‌തിയുടെ ചെന്നിനായകം പുരട്ടാറുമുണ്ട്!
സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കാത്ത പ്രായത്തിൽ മൂന്നാംതരക്കാരന്റെ വേഷമിട്ട ഒരു കുഞ്ഞിന്റെ പഠനവഴികളിലെ നൊമ്പരങ്ങൾ അക്ഷരക്കൂട്ടങ്ങളായി പുനർജ്ജനിക്കുന്നു. കാഴ്ചകളുടെയും വീഴ്ചകളുടെയും കേൾവികളുടെയും ജീവിതാനുഭവങ്ങളുടെയും ആഴത്തിൽനിന്നുമുള്ള വെളിപാടാണ് കുറുങ്ങാടൻ.


കാലത്തിന്റെ അടയാളങ്ങളായി, അടയാളങ്ങളിലെ മുറിവുകളായി, മുറിവുകളിലെ നൊമ്പരങ്ങളായി, നൊമ്പരത്തിന്റെ പ്രതിക്ഷേധങ്ങളായി, പ്രതിക്ഷേധത്തിന്റെ പ്രതിധ്വനികളായി ഓര്‍മ്മകളുടെ സ്ലൈയിറ്റുപാളികളില്‍ ചിലതങ്ങനെയുണ്ടാവും! മായാതെ, മറയാതെ! കാലം, അതിന്റെ മഷിപ്പച്ചകൊണ്ട് എത്ര അമര്‍ത്തിമാച്ചാലും! ചില മുറിവുകൾ അത്രവേഗം ഉണങ്ങുകയില്ല. പൊതുജനമധ്യത്തിൽ വിവസ്ത്രനാക്കപ്പെട്ടതുപോലെ പ്രതികരണവും പ്രതിഷേധവും പ്രകടിപ്പിക്കാനാവാതെ സ്തംഭിച്ചുനിർത്തുന്ന കൂർത്ത അമ്പാണ് അപമാനം. അത് ഉണർവിലും നിനവിലും നമ്മെ കുത്തിനോവിയ്ക്കും. ചില വാക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്. പറഞ്ഞയാൾ അതു മറന്നുപോയാലും കേട്ടയാൾ മരിക്കുവോളം അതു മറക്കില്ല!
ഞാന്‍, മൂന്നാംതരത്തില്‍ പഠിക്കുമ്പോഴാണ് ക്ലാസ്സദ്ധ്യാപകനാല്‍ ശാരീരികമായും മാനസ്സികമായും കൂടുതലും വേദനിപ്പിക്കപ്പെട്ടത്‌, ആക്രമിക്കപ്പെട്ടത്, വര്‍ത്തമാനകാലഭാഷയില്‍പ്പറഞ്ഞാല്‍ പീഡിപ്പിക്കപ്പെട്ടത്‌! അന്നൊക്കെ ഒന്നുമുതല്‍ മൂന്നുവരെയുള്ള ക്ലാസ്സുകള്‍ അരദിവസമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ അരദിവസക്ലാസ്സ് ഉച്ചയ്ക്കുശേഷമായിരുന്നു.


അന്നൊക്കെ സ്ലേറ്റിലായിരുന്നു പാഠം പകര്‍ത്തി എഴുതിക്കൊണ്ടുചെന്നിരുന്നത്. എഴുത്തിനു ഭംഗിപോര, സ്ലേറ്റ് പൊട്ടിയതാ, കല്ലുപെന്‍സിലിനു നീളമില്ല, ഇട്ടിരിക്കുന്ന നിക്കറിനും ഷര്‍ട്ടിനും ഭംഗിയില്ല, ഷര്‍ട്ടിനു ബട്ടനില്ല, നിക്കറിന്റെ വള്ളിപൊട്ടി, ദേഹത്തും കുപ്പയത്തിലും ചെളിപറ്റിയിരിക്കുന്നു, തലയില്‍ എണ്ണ വെച്ചിട്ടില്ലായെന്ന കുറവ്, എണ്ണ വെച്ചുചെന്നാല്‍ എണ്ണ കൂടിപ്പോയെന്ന കുറ്റം. ദേഹത്ത് നാറ്റമുണ്ടെന്ന കണ്ടെത്തെല്‍, പല്ലുതേച്ചും നാക്കുവടിച്ചും ചെന്നാല്‍ അത് ചെയ്തില്ലെന്നുപറഞ്ഞോ ചെയ്തത് ശരിയായില്ലെന്നു പറഞ്ഞോ തല്ലും നുള്ളും പിച്ചും കിഴുക്കും കുത്തും തൊഴിയും. ഞങ്ങളിൽ ചിലരെ കൺമുമ്പിൽ കണ്ടുപോയാൽ സാറിനു കലിയാട്ടം തുടങ്ങും. പിന്നെ, ശാപവചനങ്ങളും ശകാരവും അടിയും. അടിക്കുമ്പോള്‍ വടി ഒടിഞ്ഞുനുറുംങ്ങുംവരെ അടിക്കും. യാതൊരു കുറ്റവും ചെയ്യാതെ അവഹേളിക്കപ്പെടുക, അരികിലൂടെയെങ്ങാനും നടന്നുപോയാൽ ആട്ടിയോടിക്കുക, ഒരു തെറ്റും ചെയ്യതില്ലെങ്കിലും ശപിക്കുക.

വല്ലാത്തൊരു തലവിധിതന്നെ ആയിരുന്നത്. കണ്ണീരിനെ അണകെട്ടി തടഞ്ഞുനിർത്തിയ കാലം. ഞാൻ കരഞ്ഞില്ല. നിലവിളികൾ തൊണ്ടയിൽ കുരുക്കിനിർത്തും. ഒരു എട്ടു വയസ്സുകാരന്റെ അടിമനസ്സിൽ ആ നിലവിളി ശ്വാസംമുട്ടി പിടഞ്ഞുനീറി. കൈവെള്ളയിൽ അടികിട്ടുംമുമ്പ് കൈവെള്ള നിക്കറിൽ തൂത്ത് വൃത്തിയാക്കണമായിരുന്നു. അല്ലെങ്കിൽ , അതിനും അടി. സാറിന്റെ വടിയിൽ കൈയിൽനിന്ന് അഴുക്കുപറ്റിയാലോ. മറ്റേതെങ്കിലും കുട്ടികൾ എന്തെങ്കിലും തെറ്റുകൾകാട്ടിയാലും അതിന്റെ ശിക്ഷയും ഞങ്ങൾക്കു കുറച്ചുപേർക്കാവും. ഞങ്ങളെ അടിച്ചശേഷം ആ കുട്ടിയോടായിപ്പറയും ‘ഇനിയാവർത്തിച്ചാൽ ഇതുപോലായിരിക്കും ശിക്ഷ’യെന്നും. എന്തെല്ലാമോ അക്ഷരത്തെറ്റുകള്‍ സാറ് ഞങ്ങളില്‍ കുറച്ചുപേരില്‍ കാണുന്നുണ്ടായിരുന്നു. അവഗണനയുടെ അമ്പുകൾകൊണ്ട് മുറിപ്പെട്ടും സ്നേഹരാഹിത്യത്തിന്റെ മുള്ളുകൾകൊണ്ട് വ്രണപ്പെട്ടും അപമാനത്തിന്റെ കനലിൽ വേദനയും നിന്ദയും ഏറ്റുവാങ്ങി പുകഞ്ഞുനിന്ന നാളുകൾ! അടികൾ വാങ്ങി തിരിച്ചുനടക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ തിരുമ്മിയടച്ച നാളുകൾ!


വീട്ടിലാണങ്കില്‍, ‘വടി’യെന്നു കേള്‍ക്കുമ്പൊളെ വലിയവായില്‍ നിലവിളിക്കുന്ന ഞാന്‍ കരഞ്ഞില്ല, കണ്ണില്‍ കണ്ണീരുവരുത്തിയല്ല. ഒരു വാശിയെന്നപോലെ നിസഹായത പുതച്ചുനില്‍ക്കുമായിരുന്നു. “ഇത്രയും തല്ലിയിട്ടും കരയാതെ നില്‍ക്കുന്നോടാ” എന്ന ശകാരത്തോടെ, ശാപവചനത്തോടെ വീണ്ടുംവീണ്ടും തല്ലും. കാളയെ തല്ലുന്നതുപോലെ, പലപ്പോഴും വടി ഒടിയുന്നതുവരെ. ”നിയൊക്കെ ഉപ്പുമാവ് തിന്നാന്‍ മാത്രമല്ലെടാ സ്കൂളില്‍ വരുന്നേ” എന്നുള്ള സാറിന്റെ ശാപവചനത്തില്‍ ഉച്ചവിശപ്പാറ്റിയ ഉപ്പുമാവും പാലുംവെള്ളവും അമ്പേ ദഹിച്ചുപോകുമായിരുന്നു. എന്നെപ്പോലെ പലര്‍ക്കും സത്യത്തില്‍ ഉപ്പുമാവായിരുന്നു സ്കൂളിലേക്കുള്ള ആകര്‍ഷണയന്ത്രം!


സത്യത്തില്‍, പുത്തനുടുപ്പുകളും ചെരുപ്പുകളും ഉണ്ടായിരുന്ന മുന്‍ബഞ്ചിലെ കുട്ടികളെമാത്രമാണ് സാറ് ഇഷ്ടപ്പെട്ടിരുന്നത്. നിറച്ചുണ്ടും വാസനസോപ്പ് തേച്ചുകുളിച്ചും വലിയവീടുകളില്‍നിന്നും വരുന്ന കുട്ടികളായിരുന്നു അവര്‍. വയല്‍വിയര്‍പ്പിന്റെയും അടുക്കളപ്പുകയുടെയും ഗന്ധമുള്ള പിഞ്ചിക്കീറി തുന്നിച്ചേര്‍ത്ത ഉടുപ്പുകളെ സാര്‍ മൂക്കുപൊത്തി അകറ്റിനിര്‍ത്തി. ”വാഴയും വാഴയിലയും വട്ടയും വട്ടയിലയും ചേമ്പും ചേമ്പിലയും ഒക്കെയല്ലേടാ നിന്റെയൊക്കെ ലോക”മെന്ന് സാര്‍ ആക്രോശിക്കുമ്പോള്‍ വേദനകൊണ്ട് തലകുനിച്ചു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. ”ഉപ്പുമാവും പാല്‍പ്പൊടിയും എന്നു നിലയ്ക്കുമോ ആന്ന് നിന്റെയൊക്കെ സ്കൂളില്‍വരവും പഠിത്തവും നിലക്കുമാടാ” എന്നുള്ള ശകാരങ്ങള്‍ എത്രയെത്ര തവണ തലകുനിച്ചുനിന്നു കേട്ടിരിക്കുന്നു. പനിച്ചുവിറച്ച് തലകറങ്ങിവീണ ഒരുനാള്‍ ”ഇതൊക്കെ വീട്ടല്‍ പോകാനുള്ള നിന്റെ അടവല്ലേടാ” എന്നുപറഞ്ഞു വടിയും വിറപ്പിച്ചുനിന്ന സാറിന്റെ ചിത്രം ഒരു ദുസ്സ്വപ്നംപോലെ ഇന്നും മനസ്സില്‍.

പലപ്പോഴും, ഭയവും വിദ്വേഷവും കോരിനിറയ്ക്കുന്ന ശകാരവാക്കുകളുടെ പെരുമഴിയില്‍ ഉച്ചയ്ക്കുകഴിച്ച ഉപ്പുമാവും പാലിന്‍വെള്ളവും മാനാപമാനഭീതിയുടെ വേലിയിറക്കത്തിനൊപ്പം ഒലിച്ചുപോയിട്ടുണ്ടാവും. ഉച്ചയ്ക്ക് ഉപ്പുമാവ് വിളമ്പുമ്പോൾ ദളിത് കുട്ടികളെ ഒഴിഞ്ഞ ഒരിടത്തേക്ക് മാറ്റിയിരുത്തി വിളമ്പുന്ന പതിവുണ്ടായിരുന്നു. വെണ്മതിലിൽ കരിക്കട്ടകൊണ്ടു വരഞ്ഞിട്ട രൗദ്രരൂപങ്ങളെപ്പോലെ അവർ മാറിയിരിക്കും. ക്രൂരവും മനുഷ്യത്വരഹിതവുമായ മാറ്റിനിർത്തലുകൾ. നിന്ദ്യമായ എത്രയെത്ര വാക്ക്ശരങ്ങൾ, ചിത്രവധങ്ങൾ. ഇവയെല്ലാം അതിജീവിച്ചെന്നാലും ഉള്ളിലെ മുറിവുകൾ ഉണങ്ങാതെ നീറുകതന്നെയാണ്.


അടി മാത്രമല്ല സാറിന്റെ മനോവൈകൃതവിനോദപരിപാടികളില്‍ ഉണ്ടായിരുന്നത്. കൈമുട്ടിനുമുകളില്‍ മാംസളമായ ഭാഗത്ത്, അടിക്കുന്ന വടിയുടെ ആറ്റം ചേര്‍ത്തുവച്ചു കുത്തിത്തിരുമ്മുന്ന വിനോദംകൂടി ഉണ്ടായിരുന്നു. സാറിന് മതിയെന്നു തോന്നി വടി മാറ്റിക്കാഴിയുമ്പോള്‍ വടിത്തലയുടെ ക്ഷേത്രഗണിതരൂപം ചുമന്നുതടിച്ച് രക്തം വാര്‍ന്നുവരാന്‍ പാകത്തില്‍ പഴയകാലത്തെ അച്ചുകുത്തിനെ ഓര്‍മ്മിക്കമാറുണ്ടാവും. സാറിന്റെ വഴക്ക് കേൾക്കുമ്പോഴൊക്കെ ചെവിപൊള്ളി ഉള്ളുമുറിഞ്ഞ് ഉടലാകെ പുകയുന്നതുപോലെ തോന്നിക്കും. പുറത്ത് വെയിൽ കത്തുമ്പോഴും സാറിന്റെ ക്ലാസ്സിലിരിക്കുമ്പോൾ തണുത്തുവിറങ്ങലിച്ചൊരു ശൂന്യത ഉടലാകെ പൊതിയും. കണ്ണുകൾ നിറയുമെങ്കിലും ഒഴുകകുറില്ല. കണ്ണുനീരില്ലാതെ കരയാൻ അന്നേ പഠിച്ചിരുന്നു!


അടി സഹിക്കാം നുള്ള് സഹിക്കാം പരുഷമായ നോട്ടം സഹിക്കാം, എന്തെന്നാല്‍, അതെല്ലാം ശീലമായിപ്പോയി. എങ്കിലും, ഒന്നുണ്ട് സഹിക്കാനാവാത്തത്, മനസ്സിനെ നീറ്റുന്ന ഒന്ന്. ക്ലാസ്സില്‍ ഏതെങ്കിലും കുട്ടിയുടെ പൈസയോ പെന്‍സിലോ മായ്ക്കുന്ന റബറോ നഷ്ടപ്പെടുകയോ കളഞ്ഞുപോകുകയോ ഉണ്ടായാല്‍ ഞങ്ങള്‍ കുറച്ചുപേരെയാണ് സാറിനു സംശയം. മനസ്സ് മെഴുകുതിരിപോലെ പൊള്ളിയുരുകുന്ന സന്ദര്‍ഭം. ഞങ്ങളെ മാറ്റിനിര്‍ത്തിയിട്ട്, നിക്കറിന്റെ പോക്കറ്റ്, കുപ്പായത്തിന്റെ പോക്കറ്റ് എന്നിവ പരിശോധിക്കല് സാറിന്റെ ഒരു വിനോദമാണ്‌. ചിലപ്പോള്‍ കുപ്പായം അഴിച്ചുകുടയാന്‍ പറയും. അടിവസ്ത്രം പതിവില്ലാത്തതുകൊണ്ട് നിക്കര്‍ ഊരിക്കാറില്ല. മനസ്സിൽ കുരുങ്ങിവലിയുന്ന ദുഃഖവും സങ്കടവും കോപവും എല്ലാം ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കി നിസ്സംഗതയുടെ മേൽമുണ്ട് തലവഴി വലിച്ചിട്ട് തലകുനിച്ചു നിൽക്കും. അപ്പോഴേക്കും, നഷ്ടപ്പെട്ടവസ്തു ക്ലാസ്സിന്റെ മൂലയില്‍നിന്നോ ബഞ്ചിന്റെ അടിയില്‍നിന്നോ കളിസ്ഥലത്തുനിന്നോ ആരെങ്കിലും കണ്ടെടുത്തുകൊണ്ട് വന്നിട്ടുണ്ടാവും. അന്നെന്നോ എന്റെ മനസ്സില്‍ ഉരുണ്ടുകൂടിയ വിഷാദത്തിന്റെ കരിമേഘങ്ങള്‍ മായാതെ മറയാതെ ഇന്നും ഓര്‍മ്മകളിലേക്ക് പെയ്തിറങ്ങുന്നു! വാക്കുകളിലൂടെ, നോട്ടത്തിലൂടെ ഒരു കുട്ടിയെ അപമാനിക്കുമ്പോള്‍, അവമതിക്കുമ്പോള്‍, അപഹസിക്കുമ്പോള്‍ അവനിലൂടെ കടന്നുപോകുന്ന വേദനയുടെ കനലാഴിക്ക് പകരംവയ്ക്കുവാന്‍ എന്തിനാണ് കഴിയുക?


ഞാനുള്‍പ്പടെ, നിറത്തില്‍ കറത്തവര്‍, അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍, പിന്നാക്കരായവര്‍, കൂലിപ്പണിക്കാരുടെ മക്കള്‍, പുലയ-പറയ-വേല-കമ്മാള കുടിലുകളില്‍നിന്നുള്ളവര്‍ ഇവരെല്ലാമായിരുന്നു സാറിന്റെ ദുശകുനയിരകള്‍. ഞങ്ങളുടെയൊക്കെ സ്ലേറ്റുകളില്‍ സാറ് തൊടില്ലായിരുന്നു. എങ്ങാനും തൊട്ടാലോ, ഓക്കാനിച്ചോക്കാനിച്ചു തീട്ടത്തില്‍ തൊട്ടപോലെ! കുറ്റപ്പെടുത്തപ്പെട്ടവരുടെ, ഒറ്റപ്പെട്ടുപോയവരുടെ അവഗണനയുടെ വേദന ഞങ്ങളുടെ കണ്ണുകളില്‍ തളംകെട്ടിക്കിടന്നു! എന്തൊക്കയോ നിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍. സാറ്, ഞങ്ങളെ നോക്കിയൊന്നു ചിരിക്കാനും ചേര്‍ത്തുനിര്‍ത്തുവാനും കൊതിച്ച നാളുകള്‍. ഒരുപാട് കൊച്ചുകുട്ടികളുള്ള ഒരച്ഛനാവണം ഒരു എല്‍പിസ്കൂള്‍ അദ്ധ്യാപന്‍ എന്നാശിച്ച കാലം. സ്വന്തം മക്കളെപ്പോലെ എല്ലാക്കുട്ടികളെയും സ്നേഹിക്കുന്ന നല്ലയച്ഛനെ സ്വപ്നംകണ്ടകാലം! ക്ലാസ്‌സിലെ കുട്ടികളെ നോവിക്കേണ്ടിവരുന്നത് അദ്ധ്യാപകന്റെ പരാജയമാണെന്ന വലിയ പാഠം പഠിപ്പിച്ച കാലം! ഞാങ്ങളില്‍ച്ചിലര്‍ അസ്വസ്ഥതയോടെമാത്രം മൂന്നാംതരം കഴിച്ചുകൂട്ടിയ കാലം!


വെളുത്തുകുട്ടികള്‍, ഭംഗിയുള്ള വസ്ത്രമുള്ള കുട്ടികള്‍, മുഖത്ത് വാസനപ്പൊടിയിട്ടുവരുന്ന കുട്ടികള്‍, നന്നായി പഠിക്കുന്ന കുട്ടികള്‍, വല്യവീട്ടിലെ കുട്ടികള്‍, അദ്ധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ കുട്ടികള്‍. നാട്ടുപ്രമാണിമാരുടെ കുട്ടികള്‍, സ്ഥലത്തെ പ്രധാനദിവ്യന്മാരുടെ കുട്ടികള്‍ എന്നിവരെല്ലാം സാറിന്റെ അരുമകളും പീഡനമുക്തരും. നല്ല ജാതിയില്ല, നിറമില്ല, നല്ല വസ്ത്രങ്ങളില്ല, കുടയില്ല, സഞ്ചിയില്ല, പുത്തൻ പുസ്തകങ്ങളില്ല, അങ്ങനെ ഇല്ലായ്മയുടെ ഒരു എട്ടു വയസ്സുകാരൻ, അശരണനായെരു ആൺകുട്ടി അന്നുമുതൽ അന്തർമുഖത്വത്തിന്റെ ഭൂമികയായി. അവനിൽ, അതിന്റെ പനിപ്പേടികൾ പൊള്ളിയടർന്നുനിന്നു!


ഞാന്‍, സാറിനെയും മൂന്നാംക്ലാസ്സിനെയും സ്കൂളിനെയും പഠനത്തെത്തന്നെയും വെറുത്തുപോയ കാലം. പുസ്തകവും സ്ലേറ്റും വലിച്ചെറിഞ്ഞു സ്കൂളില്‍നിന്ന് ഇറങ്ങിയോടണമെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ടാവും. പക്ഷേ, ചില ഇറങ്ങിപ്പോക്കുകൾ അനിവാര്യമായിരുന്നു. തനിക്ക് വിലകല്പിക്കാത്തയിടങ്ങളിൽനിന്ന് ഇറങ്ങിപ്പോരാൻ വൈകരുതെന്ന തിരിച്ചറിവിന് ഇളംമനസ്സുകൾ പരിപക്കമായിരുന്നില്ലെങ്കിലും ചിലരുടെയെങ്കിലും ഇളംമനസ്സിലെ ഉപബോധമനസ്സുകൾ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവാം. സാറിന്റെ ശല്യം സഹിക്കവയ്യാതെ വര്‍ഷപ്പകുതിക്കുമുമ്പേ പഠനം ഉപേക്ഷിച്ചു പോയവരുണ്ട്. വെന്തുവാങ്ങിയ ഉപ്പുമാവ് വിളമ്പുംമുമ്പ് വിശന്ന വയറുമായി ഇറങ്ങിപ്പോയവർ. ചിലർ പോയപ്പോൾ എന്റെ സ്ഥിതി കൂടുതൽ ദയനീയമായി. അതുവരെ ഞങ്ങൾ വീതിച്ചുവാങ്ങിയ പ്രഹരങ്ങൾ ഞാൻ തനിയെ ഏറ്റെടുക്കേണ്ടിവന്നു.

ചിലര്‍ അടുത്ത വര്‍ഷം മൂന്നിലേക്കുതന്നെ തിരിച്ചുവന്നവരുണ്ട്‌. സാറാണ് ക്ലാസ്സ് ടീച്ചന്നെറിഞ്ഞ്‍ അവര്‍ വീണ്ടും ഇടക്കുവച്ചുനിര്‍ത്തി. ചിലര്‍ മൂന്നാംതരത്തില്‍ത്തന്നെ പഠനമൂപേക്ഷിച്ചുപോയി. അവരെപ്പിന്നെ ചിലരെ കവലയില്‍ ചുമടെടുക്കുന്നെടത്തും ചായക്കടകളുടെ പിന്നാമ്പുറത്ത് പാത്രം കഴുകുന്നെടത്തും ചന്തയില്‍ ഇറച്ചിവെട്ടിപ്പൊതിഞ്ഞുകൊടുക്കുന്നെടത്തും പാടത്ത് പണിനടക്കുന്നെടത്തും കൊയ്ത്തുപാടങ്ങളിലും മെതിക്കളങ്ങളിലും കണ്ടിട്ടുണ്ട്. അകാരണപീഡനങ്ങളേല്‍പിച്ച ഭയവ്യസനങ്ങളുടെ കൂട്ടിക്കുഴച്ചിലിന്റെ പഞ്ചാഗ്നിമദ്ധ്യത്തില്‍ പഠനംതന്നെ കുരുതികൊടുക്കേണ്ടിവന്ന എത്രയെത്ര ഹതഭാഗ്യവാന്മാര്‍. സ്കൂള്‍ജീവിതം നല്‍കിയ ആഴത്തിലുള്ള മുറിവുകള്‍ ഇന്നും അവരില്‍ ഉണങ്ങാതെയുണ്ടാവും. ”നീ ആ പോത്തുവെട്ടുകാരന്‍ മത്തായിയുടെ മകനല്ലേടാ” എന്ന് സാറ് ഒരു കുട്ടിയോട് പല്ലുകടിച്ചുപിടിച്ചുകൊണ്ട്‌ ചോദിച്ചതും അവന്‍ അവന്റെ നിക്കറിന്റെ കീറല്‍ ഒരു കൈകൊണ്ടു മറച്ചുപടിച്ചും മറ്റേക്കൈകൊണ്ട്‌ മുഖത്തുകൂടി ഒഴുകുന്ന കണ്ണീര്‍ വടിച്ചെറിഞ്ഞുകൊണ്ടും കരഞ്ഞുനില്‍ക്കുന്ന അവന്റെ നിസഹായമുഖം ഇന്നുമെന്റെ ഓര്‍മ്മയില്‍!


കുരുന്നുകളുടെ ഇളംനാമ്പുകൾ മുളയിലേ നുള്ളിക്കളയുന്ന, വഴിതുറക്കലല്ലാതെ വഴിയടയ്ക്കുന്ന മനോഭാവത്തോടെ ചിലരങ്ങനെ ഉണ്ടായിരുന്നു. നല്ല കുപ്പായം ഇല്ലാത്ത, നല്ല മുഖകാന്തിയില്ലാത്ത, നല്ലവീട്ടിൽ ജനിക്കാത്ത, നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കാത്ത, നല്ല പേരില്ലാത്ത കുട്ടികളെ മാറ്റിനിർത്തുന്ന വൈരനിര്യാതനബുദ്ധികളായ, നീചന്മാരായ, ദ്രോഹവാസനകളുള്ള, അഹങ്കാരത്തിന്റെ ആൺവേഷമായ, അല്‌പത്തരത്തിന്റെ ആൾരൂപമായ ഇത്തരം അശ്ലീലങ്ങൾ എത്ര കുട്ടികളുടെ ഭാവി മുളയിലേ നുള്ളിയെറിഞ്ഞിരിക്കുന്നു. കഥയിലെ വില്ലന്‍സാറുതന്നെയായായിരുന്നു മൂന്നാംതരത്തില്‍ മലയാളവും കണക്കും സാമൂഹ്യപാഠവും ഡ്രില്ലും പഠിപ്പിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ എല്ലാ ദിവസവും എല്ലാ പീരിഡിലും തല്ലും നുള്ളും പിച്ചും കിഴുക്കും കുത്തും തൊഴിയും മൂന്നാംതരത്തിലെ മറ്റൊരു പാഠഭാഗമായി സഹിച്ചും അനുഭവിച്ചും കരഞ്ഞും പഠിച്ചും തീര്‍ത്തു.

ഉര്‍വശീശാപം ഉപകാരമെന്നപോലെ, അല്ല, ഉപഹാരമെന്നപോലെ എന്നെ അത് വലയം പ്രാപിച്ചുകിടന്നു! മുറിവേറ്റ അഭിമാനബോധ്യം എന്റെ ആത്മാവിനോട് കലഹിച്ചുകൊണ്ടിരുന്നു. ഗുരുശാപത്തിന്റെ കരിനിഴൽ തലയ്ക്കുമീതെ കണ്ടതുപോലെ ഭയസംഭ്രമങ്ങളുടെ വിഭ്രാന്തി എന്നിലൂടെ പാഞ്ഞുപോയ്‌ക്കൊണ്ടിരുന്നു. ഒപ്പം കണ്ണീർമഴയും!
ഏതാനും വര്‍ഷംമുമ്പ്, വില്ലന്‍സാര്‍, വാര്‍ദ്ധക്യസഹജമായ അസുഖം ബാധിച്ച് വൈകുണ്ഡപുരിയിലേക്കാണോ യമപുരിയിലേക്കാണോ മഹാബലിപുരിയിലേക്കാണോ, അറിയില്ല, പരലോകത്തെ ഏതോവൊരു എല്‍പിയിലേക്ക് സ്ഥലംമാറ്റംവാങ്ങിപ്പോയന്നറിഞ്ഞു. സാറിനെ ഒരിക്കെലെങ്കിലും നേരില്‍ക്കണ്ട് ചോദിക്കണമെന്നുണ്ടായിരുന്നു “എന്തിനാണ് സാറേ, ഞങ്ങളെയൊക്കെയന്ന് അത്രയ്ക്ക് ഉപദ്രവിച്ചെതെന്ന്”! അതൊരു നടക്കാതെപോയ ആഗ്രഹമായി ഇന്നും അവശേഷിക്കുന്നു, ഒര്‍മ്മയുടെ പുളിച്ചുതികട്ടലുകളില്‍ ഒന്നായി.
അതല്ലയെന്റെ ദുഃഖം? മൂന്നില്‍വച്ചുതന്നെ പഠനം ഇട്ടൊഴിഞ്ഞുപോയവരിലൊരുവന്‍ നന്നായി പഠിക്കുന്നവനും, നല്ല കൈയക്ഷരമുള്ളവനും, നന്നായി പാട്ടുപാടുന്നവനും ആയിരുന്നു. ഉദിച്ചുയരുമുമ്പേ അപ്രത്യക്ഷമാകുന്ന ചില ഗ്രഹങ്ങളെപ്പോലെ, തിരസ്കാരത്തിന്റെയും തരംതിരിവിന്റെയും ദംശനമേറ്റ് പൊള്ളിയടർന്നു വീണുപോയവരാണവർ! ഇന്നവന്‍ കവലയില്‍ ചുമടെടുത്തും ചന്തയില്‍ പോത്തുവെട്ടിയും ജീവിക്കുന്നു! അവന്‍, എനിക്കു മുമ്പില്‍, എന്റെ മുകളില്‍ പറക്കേണ്ട പക്ഷിയായിരുന്നല്ലോ എന്ന ദുഃഖം!


കാലം നാലുംകൂട്ടിമുറുക്കിത്തുപ്പിയത് ഓര്‍മ്മയുടെ നടുമുറ്റത്ത് ഇപ്പോഴും ചിതറിക്കിടക്കുന്നു. പൂമ്പാറ്റകളേപ്പോലെ പാറിപ്പറന്നു വിദ്യാലയമുറ്റത്തേക്ക് ഓടിക്കയറിവരുന്ന കുസൃതിക്കുരുന്നുകളെ കളിയാക്കിയും ദ്രോഹിച്ചും വേദനിപ്പിച്ചും പടിയിറക്കിവിട്ട ദുഷ്ടതയുടെ ആള്‍രൂപങ്ങളുടെ താമ്പൂലക്കറകള്‍!
നൊന്തുകീറിയ ചില മുറിവുകള്‍, വെന്തുകീറിയ ചില പൊള്ളലുകള്‍, മുറികൂടാതെയും മുറിവുണങ്ങാതെയും ഉണങ്ങിയാലും കരിയാതെയും പച്ചമുറിവുകളായി, പൊള്ളുന്ന നീറ്റലായി, ചിലത് മനസ്സുകളിലെന്നുമുണ്ടാവും! ഓര്‍മ്മകളില്‍ ചിലത് ചിതലരിക്കുമ്പോഴും ചിലതുണ്ടാവും ചിതപോലെ കത്തിജ്വലിക്കാന്‍! ജീവിതത്തിനുമേലുള്ള കൈയേറ്റങ്ങളെയെല്ലാം അന്നുമുതൽ നിശ്ശബ്ദത ശീലമാക്കി പ്രതിരോധിക്കാൻ പഠിച്ചു! എങ്കിലും പരാജയബോധം വേട്ടയാടിട്ടില്ല! അവഹേളനത്തിന്റെ, അധിക്ഷേപത്തിന്റെ ഒരു രക്തസാക്ഷിപ്പരിവേഷം എന്നിലങ്ങനെ അന്തർലീനമായിക്കിടപ്പുണ്ട്!


സമാനസാഹചര്യങ്ങളും അനുഭവങ്ങളും നേര്‍സാക്ഷ്യങ്ങളും, ഏറിയും കുറഞ്ഞും, അറുപതുകളിലെ എല്‍പിക്കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാവും. കുട്ടികളോടുള്ള പെരുമാറ്റത്തിന്റെ പക്വതയില്ലായ്മ പഴയകാലത്തെ ചില അദ്ധ്യാപകരുടെ മുഖമുദ്രയായിരുന്നു. പരിഹസിച്ചും പേടിപ്പിച്ചും പഠിപ്പിക്കുക എന്ന നടക്കാത്ത സ്വപ്നത്തിന്റെ ഭീകരവാദികളായിരുന്നു അവരില്‍ പലരും. ഞാന്‍ മൂന്നാം തരത്തില്‍നിന്നെന്തു പഠിച്ചു എന്നതൊന്നും ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല. ആശാന്‍കളരി മുതലുള്ള എല്ലാകാര്യങ്ങളും കൃത്യമായി ഓര്‍മ്മയുള്ള എനിക്ക് മൂന്നാം ക്ലാസ്സില്‍ പഠിച്ചതൊന്നും ഓര്‍മ്മയിലേയില്ല. ഒന്നും ഓര്‍മ്മിക്കുന്നില്ലെങ്കിലും ഒരു എല്‍പി അദ്ധ്യാപകന്‍ എങ്ങനെയാവണം എന്നതിനെക്കാള്‍ എങ്ങനെ ആയിക്കൂടാ എന്ന് പഠിച്ചിട്ടുണ്ടാവും! കുട്ടികളെ സ്നേഹിക്കുകയെന്നാൽ അവരുടെ കുറവുകളെ മനസ്സിലാക്കി അവരെ സ്വീകരിക്കുക എന്നതാവണം. ഒരു അദ്ധ്യാപകൻ എങ്ങനെയാവണം എന്ന ചോദ്യത്തിന് അന്നും ഇന്നും എനിക്ക് ഒരേയൊരുത്തരമേയുള്ളു, “ഒരു അദ്ധ്യാപകൻ എന്റെ മൂന്നാംതരത്തിലെ സാറിനെപ്പോലെ ആവരുത്!”


“ഇവനൊന്നും ഒരിക്കിലും നന്നാവില്ല” എന്ന് പരസ്യമായി പ്രഖ്യാപിച്ച അദ്ധ്യാപകര്‍ക്കു മുന്നിലൂടെ അവരുടെ അത്തരം മുന്‍വിധികള്‍ തെറ്റായിരുന്നുവെന്നു തിരുത്തിപ്പറയിപ്പിക്കാന്‍ തക്കവണ്ണം തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അതില്‍ക്കവിഞ്ഞ് എന്ത് സന്തോഷമാണ് സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് മുകളില്‍…! ഓരോ നോവും ഓരോ പാഠങ്ങളാണ്. ഒരിക്കലും മറന്നുപോകാത്ത ആഴത്തിലുള്ള അനുഭവങ്ങളുടെ പാഠങ്ങളാണ് . അനുഭവപാഠങ്ങൾ എങ്ങനെ മറന്നുപോകും…?


മൂന്നാംതരത്തിൽ ഞാൻ പഠിച്ച അക്ഷരങ്ങളിൽ അക്കങ്ങളിൽ എന്റെ കണ്ണീരുപ്പ് കലർന്നിട്ടുണ്ട്. മൂന്നാംതരത്തിൽ ഞാൻ നാട്ട അറിവിന്റെ വിത്തുകളിൽ എന്റെ കണ്ണീരുപ്പിന്റെ ലവണാംശമുണ്ട്. കഥയിലെ നായകൻ മാഷ് തുപ്പിയ ആക്ഷേപശരങ്ങൾക്കുമേൽ എന്റെ തീക്ഷ്ണമായ ആത്മവേദനയുടെ തീവ്രാക്ഷരശയ്യയുണ്ട്. നെഞ്ചുതുളച്ചുകേറിയ കല്ലേറുകളിൽ എറിഞ്ഞ കല്ലുകൾ ഒന്നുപോലും തിരിച്ചെറിയാതെ വെയിൽ നീന്തിക്കടന്നുവരുന്ന ഓർമ്മയുടെ കണ്ണീരാഴങ്ങളിൽ ഇന്നും സൂക്ഷിക്കുന്നു!
കാലം മറവിലേക്ക് ചിലതൊക്കെ കൊണ്ടുപോയെങ്കിലും ചിലതൊന്നും ഓർമ്മയിൽനിന്നു മാഞ്ഞുപോവില്ല. അത്, ഹൃദയഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കും, പഴുത്തും ഉണങ്ങിയും വടുകെട്ടിയ നീറുന്ന ഓർമ്മകളായി. അറപ്പോടെയും വെറുപ്പോടെയും എന്നെ നോക്കിപ്പറഞ്ഞ ശകാരശാപങ്ങളുടെ അർത്ഥങ്ങളും ആഴങ്ങളും മനസ്സിലാവാതെ അപമാനിതനായി തലതാഴ്ത്തി നിൽക്കുന്ന എന്റെ ചിത്രം എനിക്കെങ്ങനെ മറക്കാനാവും? മായ്ക്കാനാവും? ഞാൻ നേരിട്ടിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിഹാസവും അവഗണനയും ആയിരിക്കണം ഏറ്റവും വലിയ എന്റെ മോട്ടിവേഷൻ!


ഇന്നും എൽകെജിപുള്ളേർ സ്‌കൂളിലേക്ക് പോകുന്നതുകാണുമ്പോൾ ഞാനും ഒരു എൽപിസ്‌കൂൾക്കാരനായി നാട്ടുവഴികളും മരപ്പാലങ്ങളും ഇടവഴികളും കടന്നുവന്നു മനസ്സുകൊണ്ട് അവരോടൊപ്പം കൂടും. അപ്പോഴെക്കെ എന്നിലൂടെ എന്റെ മൂന്നാംതരം ഓർമ്മകൾ ഉള്ളുലച്ച് കൂട്ടിനായി ഇറങ്ങിവരും…! മാന്തിമുറിഞ്ഞിട്ടെന്നപോലെ നീറും…!!
(പഠിക്കാൻ കഴിവും സാമർത്ഥ്യവും ഉണ്ടായിട്ടും ചേർത്തുപിടിക്കാൻ ആളില്ലാതെപോയതുകൊണ്ട് ജീവിതത്തിൽ പിന്നോട്ടുപോയ എന്റെ ചില കളികൂട്ടുകാർക്കായി ഇത് സമർപ്പിക്കുന്നു. മഷിതീരുംമുന്നേ മുനയൊടിഞ്ഞുപോയ പേനപോലെ, വരയൊക്കാതെപോയ അക്ഷരങ്ങൾപോലെ അവരിന്നും എന്റെ ഓർമ്മയുടെ കൺവെട്ടങ്ങളിൽ!കണ്ണുകലങ്ങി, കാഴ്ചമങ്ങി, ആക്ഷരം തെളിയാതെപോയ അവർക്കായി ഒരു മഷിപ്പച്ചയാവണം. എന്നിട്ടുവേണം, അവരുടെ സ്ലേറ്റുകളിലെ തെറ്റിപ്പോയ അക്ഷരങ്ങളെ മായിച്ചുകളഞ്ഞ് സ്വാന്തനത്തിന്റെ ഒരു വാക്കെങ്കിലും എഴുതുവാൻ!)
🙏

കുറുങ്ങാട്ട് വിജയൻ

By ivayana