കരിമണലും കർത്താവും കോഴയും മാസപ്പടിയും കുഴൽ നാടനും ഇപ്പോൾ പ്രധാന ചർച്ചാവിഷയമാണ്. കയറുമായി ബന്ധപ്പെട്ടതാണ് കരിമണലിൻ്റെ കഥ. കേരം തിങ്ങും കേരളത്തിൽ കയർ ഒരു പ്രധാന തൊഴിൽ മേഖലയായിരുന്നു. തൊണ്ടു തല്ലാനും കയർ പിരിക്കാനും ലക്ഷക്കണക്കിനു സ്ത്രീത്തൊഴിലാളികളാണ് കുടിലുകളിലെ പിട്ടിണി മാറ്റിയിരുന്നത്. കേരളത്തിൽ നിന്ന് വൻ തോതിൽ കയർ ഇംഗ്ലണ്ടിലേക്കു കയറ്റുമതി ചെയ്തിരുന്നു. 1842 ൽ എഡ്വേർഡ് ഏഴാമൻ്റെ മാമോദീസാ കർമ്മം വിൻഡ്സറിലെ സെൻ്റ് ജോർജ് ഹാളിൽ വച്ചു നടന്നു. ഹാൾ മുഴുവൻ കയറ്റു പായ് വിരിച്ച് മനോഹരമാക്കിയിരുന്നു ചക്രവർത്തി സന്തുഷ്ടനായി. തോമസ് ടെലോറി എന്ന ഇംഗ്ലീഷുകാരൻ കേരളത്തിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന കയർ കൊണ്ടു നിർമ്മിച്ചതായിരുന്നു. കയറ്റുപായ. 1851 ൽ ലണ്ടനിൽ ഒരു കയർ കയറ്റു കമ്പനി ആരംഭിച്ചു. അതു കഴിഞ്ഞ് ഐർലൻ്റുകാരനായ ഡാറാസെമയിൽ ആലപ്പുഴയിൽ ഒരു കയർ കയറ്റുമതി കമ്പനി ആരംഭിച്ചു.


കേരളത്തിൽ നിന്ന് വൻതോതിൽ കയർ വിദേശത്തേക്കു കയറ്റി അയച്ചിരുന്നു. തൂക്കം കൂട്ടുവനായി വിരുതന്മാർ കയറിൽ വെളളം തളിച്ചു മണ്ണു വിതറി കയർ വിറ്റ് വൻ ലാഭമുണ്ടാക്കി. വിദേശത്ത് ഇറക്കുമതി ചെയ്ത കയറിൽ മിനുക്കം കണ്ട് വിതഗ്ദർ വിശദമായി പരിശോധിച്ചു അതിൽ ഇൽമനൈറ്റുണ്ടെന്ന് മനസ്സിലായി. കയറിലുള്ള മണ്ണു വേർതിരിച്ച് അതിൽ നിന്ന് ഇൽമനൈറ്റു ശേഖരിച്ചു തുടങ്ങി. കൊല്ലം ആലപ്പുഴ കടൽത്തീരത്തെ മണ്ണിൽ ഇൽമനൈറ്റ് കലർന്നിട്ടുണ്ടെന്ന് കണ്ടെത്തി.
സി.പിയുടെ കാലത്തു തന്നെ ഇൽമനൈറ്റ് ഉപയോഗിച്ച് ലക്ഷക്കണക്കിനു കോടികളുടെ ലാഭമുണ്ടാക്കാമെന്നു വിവരിച്ചിരുന്നു. പൊതുമേഖലയിൽ ശാസ്ത്രീയമായി ഇൽമനൈറ്റ് കമ്പനി സ്ഥാപിച്ചാൽ പതിറ്റാണ്ടുകളോളം ലക്ഷക്കണക്കിനു കോടി രൂപാ നാടിനു സ്വന്തമാക്കാമായിരുന്നു. പക്ഷേ മാറി മാറി വന്ന സർക്കാരുകൾ അക്കാര്യത്തിൽ ഉദാസീനരായിരുന്നു. അപ്പോഴേക്ക് കരിമണലിൻ്റെ കള്ളക്കടത്തും കർത്താവിൻ്റെ കമ്പനിയും രംഗത്തു വന്ന് രാഷ്ട്രീയക്കാരെ കൈയ്യിലെടുത്ത് മാസപ്പടി കൊടുത്ത് കോടികൾ സമ്പാദിച്ചു. അതാണ് ഇപ്പോൾ കേരളത്തിൽ വിവാദവും ആരോപണവും മുഖ്യമന്ത്രിയിലേക്കു വരെ സംശയത്തിൻ്റെ വിരൽ ചൂണ്ടുന്നത്.
വിദേശ ശാസ്ത്രജ്ഞരുടെ സഹായത്തോടെ കരിമണൽ ഖനനം ചെയ്ത് മണൽ വേർതിരിച്ച് തീരത്ത് തന്നെ നിക്ഷേപിക്കണം. തീരദേശ വാസികളുടെ ഭീഷണിയും ഭീതിയും പരിഹരിച്ച് വ്യവസായ രംഗത്ത് ഒരു കുതിച്ചു ചാട്ടം നടത്താവുന്നതാണ്. അതിനുള്ള അന്വേഷണവും ഇച്ഛാശക്തിയും പ്രശ്നങ്ങൾ അപഗ്രഥിച്ച് പരിഹരിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിക്കണം.

ബാലചന്ദ്രൻ ഗോപാലൻ

By ivayana