{ദൃശ്യ പ്രകൃതി : അയത്നഭൂമിക, നിത്യനിഴലുകൾ – അയത്നം മുളപ്പുകൾ, വാതാദിവർഷങ്ങൾ-ഭൂതസാരം രക്ഷാ നിലവിളി – കരയിൽ, മറുത്ത് തെന്നുന്ന പാലം – മൃതം നടീലുകൾ – മിഴിഞ്ഞും കൊഴിഞ്ഞും അന്നപേയം തിരക്കിൽ വന്നുപോകുന്ന മുദ്രാവഞ്ചികൾ}

ഉണക്കുവാനിട്ട നദി ചവിട്ടാതെ
നിലത്തിറക്കീ നേർമ കല്ലിപ്പുകൾ.

മേഘത്തിനപ്പുറം യാത്രയാകുന്നു;
ഉള്ളകത്തെ കന്നിൻ തൊഴുത്തുകൾ,
ഉഷ്ണസാരം നാടൻ പൊടിപ്പുകൾ,
തലച്ചുമടിലെ മിന്നൽപ്പിണരുകൾ.

എവിടെക്കുഴിച്ചാലും പഴയ ചിന്തകൾ
പുലരിപ്പരപ്പുപോൽ ഉയിരു പാടുകൾ.
മലമുകൾ ചീന്തും അരം നടീലുകൾ.

നോക്കുക..
പത്തുവിരലിലും വിത്തു രഞ്ജനം
സഞ്ചാരവഴികളിൽ നേത്രപരിമളം
മുറജലം-വായു നഗ്നദേഹം മിടിപ്പ്
യാത്രാജ്വരങ്ങളിൽ പടികളിടറുന്ന-
പകലിരവ് ചിട്ടകൾ, പാതയോരപ്പക.
കരളിലമറുന്ന അശനി പാതിര
മങ്ങിയെത്തുന്ന ആതുരം വേനലിൽ,
വർഷാന്തവാതം മുരളും വരപ്പുകൾ.

ഊറ്റം ഇരമ്പലിൽ തെന്നുന്നുവോ പാലം ?
ഭൂമിയിലഴിച്ചിട്ട ശ്രുതം അരുളുകൾ ?
കൊയ്തുവച്ച ശിരോഹിതങ്ങൾ ?
അയത്നവേദീ നിറവു തെളിമകൾ ?
അകമിഴിയിലെ സുചിര വാദനം ?
തപന സന്ധ്യതൻ വ്രണിത മന്ദത ?

മണ്ണിൽ മിഴിഞ്ഞും, കൈകാൽ വിറച്ചും,
മലക്കിഴങ്ങിനായ് പരതി ചെരിവുകൾ.
മരച്ചീനികൾ തടം നടുക്കുമുച്ചിയിൽ-
കടുതീ കത്തുന്ന നെഞ്ചെരിപ്പിൻ മട.

ഉള്ളുണക്കിയ നാഴി നെല്ലിൻ ‘ശരി’
പതിരു കല്ലൻ കറുത്ത നോവുകൾ.
ഇടഞ്ഞ തോളിൽ നരച്ച നാളുകൾ.
കറുത്ത വെണ്മകൾ മറുച്ചരടിനാൽ-
വിപത്തു കെട്ടും അയത്നഭൂമിക.

കറയൊതുക്കുവാൻ പരക്കെ മാനുഷം
കുനിപ്പ് നേർക്കുവാൻ മടുപ്പ് ശ്രീധരാ…

ഹരിദാസ് കൊടകര

By ivayana