രചന : പ്രസീദ ദേവു ✍️
മനുഷ്യര് മാറുന്നത് കണ്ട്
മൈലാഞ്ചി ചെടിയ്ക്കൊരു പൂതി
ഒന്ന് പൊന്നാനീല്
പോയ് വരാൻ ,
ഞാനൊരു മുസ്ലീമെന്നു
പതക്കം വരുത്താൻ .
എങ്കിൽ ഞാനൊന്നു
നാലമ്പല ദർശനം
നടത്തട്ടെയെന്ന്
പ്രാവുകളാകെമാനം കുറുകി,
നേരിയ ചരടുമെടുത്തവൾ
നാമജപം തുടങ്ങി ,
ആനയുണ്ടോ ഒതുങ്ങി നിൽക്കണു
ഞാനൊരു ഹിന്ദുവെന്ന്
അത് ചിന്നം വിളിച്ചു ,
പോത്തുകൾ തോറ്റു കൊടുത്തില്ല
ഞങ്ങൾ മുസൽമാൻമാരെന്ന്
അത് തക്ബീർ മുഴക്കി.
കോഴിയുടെ കൂത്തിയിലെന്തോ
നിറ വ്യത്യാസം വന്നു
ഞാൻ ഹിന്ദുവോ . മുസ്ലീമോ
എന്നറിയാതെ അവൾ
കൊക്കി പാറി.
തെച്ചിയും, തുളസിയും
തെളിവെടുപ്പോടെ
ഹിന്ദുവെന്ന് മുറവിളി കൂട്ടി ,
നക്ഷത്രങ്ങളാകമാനം
ചന്ദ്രനുമൊത്ത്
ലീഗിൽ ചേർന്നു ,
സൂര്യനൊപ്പം യഞ്ജം ചെയ്യാനൊരുമ്പിട്ട്
കുളക്കടവുകൾ
പാരായണം തുടങ്ങി
സാമ്പാറും. പപ്പടവും
ഹിന്ദു പേരിൽ
ഞെളിഞ്ഞപ്പോൾ
പെരുംജീരകവും
വെളുത്തുള്ളിയും
മാപ്പിള കരാറിലേർപ്പെട്ടു
മലപ്പുറം മാപ്പിളയ്ക്കെങ്കിൽ
തിരുവനന്തപുരം
ഞങ്ങളുടേതന്ന്
ജില്ലകൾ തമ്മിൽ ഏറ്റു മുറ്റി,
അരിയിൽ പോലും
ജാതി പാട്ടുണർന്നു ,
കറികളതിന് കൈയ്യടി കൊട്ടി ,
പടിഞ്ഞാറും, തെക്കും.
കിഴക്കും, വടക്കും
വട്ടത്തിൽ കറങ്ങി ,
ഭാഷയിലും
അതിരുകൾ തിരിഞ്ഞു.
വേഷത്തിൽ ആളുകളെ
തെളിഞ്ഞു ,
വെള്ളവും ബിസ്മി ചൊല്ലിയും
തീർത്ഥമായും നിരന്നു ,
ആകാശവും. കാടും .
കടലും
യുക്തിവാദികളായിരുന്നു
അവർ എന്തും തിന്നും .
എന്തും ഉടുക്കും,
ഏത് ഭാഷയും പറയും
ആകെപ്പാടെ ബഹളം കേട്ട്
ജനിക്കാനൊരുങ്ങണ കുഞ്ഞ്
യോനിയിൽ നിന്ന്
ഗർഭപാത്രത്തിലേയ്ക്ക്
തിരിഞ്ഞു നടന്നു,
പ്രപഞ്ചമിത്ര മേൽ
സുന്ദരമാക്കിയ
പിൻ തലമുറക്കാരെ
പഴി പറഞ്ഞ്
അത് ചാപ്പിള്ളകളായി
മരിച്ചു.
മതമില്ലെന്നുറപ്പിച്ച്
വെറുമൊരു
കവിത പെണ്ണ്
പേനയാൽ
ഭ്രാന്തു പുലമ്പി.
കവിതയിലെവിടെയാണ്
മതം !!
കവികളിലാർക്കുണ്ട്
മതം !!
