സുരലോകഗായികമാർ
ഗമകങ്ങളിൽ
സാധകംചൊല്ലുന്നതുപോൽ
പെയ്യുംമഴതൻ സ്വരരാഗസുധയിൽ
രാത്രിയിൽവെള്ളിനൂലുകൾ
പാവുന്നപോൽ മഴനിലാവ്കാൺകേ,
വിരിഞ്ഞുവിരുന്നുവരുന്നു,
മലർകളിൽ മലരമ്പൻപോൽ
നിശതൻസുന്ദരി നീ നിശാഗന്ധി.
വെളുവെളുത്ത പൊലിമയുണരും
നിലാവിൽ
വിൺഗംഗാതടത്തിലാകെയും
പ്രഭനിറയ്ക്കുംവെണ്മ
ചൊരിയുമാരാവിൽ
പ്രഭയുതിർക്കുംവെണ്ണിലാവിൻ
സുന്ദരീ നീ നിശാഗന്ധി.
രാത്രിയിൽവെള്ളിവെളിച്ചത്തി-
ലക്ഷരങ്ങൾകോർത്തു
അക്ഷരമാല തീർക്കുന്നവർ
കണ്ടുകൺമിഴിയുന്നു
ഭൂമിയിലീനിത്യസത്യങ്ങൾ
കണ്ടുവിസ്മയത്താൽ!
സ്വപ്‌നങ്ങൾ നിറയുംമുറ്റത്തു
മാത്രംവന്നുവിരിയുന്ന ദേവകന്യകേ
നിൻ നറുപുഞ്ചിരിയാൽ
വിടരുന്ന വദനം
കൺകുളുർക്കെക്കാണാൻ
ഞാനെത്തിയിരിക്കുന്നു
വെണ്മനസ്സിൽകുളുർമ്മ
നിറയ്ക്കുംവെൺപട്ടുപോൽ
മനോഹരീയാം നിശാഗന്ധി!

By ivayana

Leave a Reply

Your email address will not be published. Required fields are marked *