ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പ്രിയ സഖീ നീയറിയുന്നുവോ നീയെന്റെ
പ്രാണന്റെ പ്രാണനാം ആത്മസഖി
ഇന്ന് വരേയ്ക്കും ഞാൻ കാത്തുകാത്തിന്നെന്റെ
കൈകളിൽ വന്നൊരു പൂന്തിങ്കൾ നീ
നിലാവിന്റെ പാതി കടം തന്നുവോ
നിന്റെ താരണിത്തൂമുഖ ശോഭയായി
നീലക്കടലലമാലകൾ തന്നുവോ
കാർകൂന്തലിന്റെയീ തിരയിളക്കം
വാർനെറ്റിയിലുള്ള കുങ്കുമപ്പൊട്ടേതു
സിന്ദൂര സന്ധ്യ പകർന്നു തന്നൂ
നീലക്കടലിന്റെ നീലിമ
ചാലിച്ചെടുത്തതാണോ നിൻ മിഴിയിണകൾ
വാനിലെ താരകയൊന്നു വന്നോ
നിന്റെ കല്ലൊളി മിന്നുന്ന മൂക്കുത്തിയായ്
ഏതു മരതകക്കല്ല് പതിപ്പിച്ചതീ
മാറിലുള്ളോരു രാഗഹാരം
പൂന്തേനരുവി തൻ അലകൾ ഞൊറിഞ്ഞുവോ
നിന്റെ പൂഞ്ചേല തൻ പൂഞ്ഞൊറികൾ
കാലിലെ കിങ്ങിണി പാദസരങ്ങൾ
കിലുക്കി നടക്കുമ്പോളെന്തു ചന്തം
കുപ്പിവളകൾ കഥ പറയും നിന്റെ
പൊട്ടിച്ചിരികൾക്ക് താളമോതാൻ
ലാസ്യമനോഹരമായൊരു പുഞ്ചിരി
പൂക്കളിൽ തിങ്കളും നാണിച്ചിടും
നിന്നുടെ ലാവണ്യം കണ്ടിട്ട് പൂവെന്ന്
ശങ്കിച്ചിടുന്ന ശലഭങ്ങളും നിൻ കവിൾപ്പൂവിലെ
തേൻ നുകരാനിന്ന് വന്നേക്കാം
ഉൾക്കുതുകത്തിനാലെ
ഓമലേ നിന്നിലെ ലാവണ്യപൂരത്തെ
വർണ്ണിച്ചെന്നാലൊട്ടും തീരുകില്ല
നീയെന്ന സ്വപ്നം വിടർന്നു നിന്നീടുമെൻ
ഹൃത്തിലായ് വാടാതൊരു നാളിലും

By ivayana