രചന : ജയൻ തനിമ ✍
വൃത്താന്ത പത്രം പോലെയാണ്
ചിലർക്ക് ചില പ്രണയങ്ങൾ .
ഉറക്കം വിട്ടുണരുമ്പോൾ തുടങ്ങുന്ന
ഒടുങ്ങാത്ത കാത്തിരിപ്പാണ്.
പലരേം തട്ടി മാറ്റി ഒന്നാമനായി
സ്വന്തമാക്കുമ്പോൾ
വല്ലാത്തൊരാവേശമാണ്.
ആദ്യം അടിമുടി ഒന്നോടിച്ചു നോക്കും.
തിരിച്ചും മറിച്ചും ഇളക്കിയും
കണ്ണെറിയും.
ഇഷ്ടമുള്ളതെല്ലാം
ആദ്യമേ കവർന്നെടുക്കും.
പിന്നെ മെല്ലെ മെല്ലെ
ആദ്യാവേശം കെട്ടടങ്ങും.
വിരസത
അലസനോട്ടത്തിനു വഴിയൊരുക്കും.
എല്ലാം കഴിയുമ്പോൾ
വിരക്തിയും അസ്വസ്ഥതയും
ബാക്കിയാവും.
ഒടുവിൽ
മടിയിൽ നിന്നടർത്തി മാറ്റി
ആവശ്യം കഴിഞ്ഞ
പാഴ് വസ്തുവിനെ പോലെ
വേസ്റ്റ് ബോക്സിലേക്ക് വലിച്ചെറിയും.
